19 ദിവസം പിന്നിട്ടിട്ടും തിയേറ്റർ നിറഞ്ഞ് പ്രദർശനം; ശെരിക്കും ടർബോ നേടിയത് ഇത്ര
മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ ഇറങ്ങിയ ആക്ഷൻ-കോമഡി ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആദ്യത്തെ ആക്ഷൻ ചിത്രം കൂടിയായ ടർബോയ്ക്ക് വേണ്ടി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ആകട്ടെ മാസ് ആക്ഷൻ എന്റർടെയ്നർ.
ആദ്യദിനം മുതൽ മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. റിലീസ് ചെയ്ത് വെറും ഒരാഴ്ചയ്ക്ക് ഉള്ളിൽ 50 കോടി ക്ലബ്ബിലും ടർബോ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ടർബോ നേടിയൊരു ഖ്യാതിയുടെ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ഇതിനോടകം 20,000 ഷോകൾ ടർബോ പൂർത്തിയാക്കി എന്ന വിവരമാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് വെറും പത്തൊൻപത് ദിവസത്തിലാണ് മമ്മൂട്ടി ചിത്രത്തിന്റെ ഈ നേട്ടം. കേരളത്തിൽ മാത്രമാണ് 20,000 ഷോകൾ ടർബോ പൂർത്തി ആക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, 20,000 ഷോകൾ പൂർത്തിയാക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ. കണ്ണൂർ സ്ക്വാഡ് ( 29.2K), ഭീഷ്മപർവ്വം(25.8K) എന്നീ ചിത്രങ്ങളാണ് ടർബോയ്ക്ക് മുന്നിലുള്ള ചിത്രങ്ങൾ. മധുരരാജ(18.2K), ദ പ്രീസ്റ്റ്(18.2K) എന്നിവയാണ് ഷോയുടെ കാര്യത്തിൽ നാലും അഞ്ചും സ്ഥാനങ്ങളിലുള്ള മമ്മൂട്ടി സിനിമകൾ എന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 71 കോടിയോളം രൂപ ടർബോ സ്വന്തമാക്കി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് 24ന് ആണ് ടർബോ തിയറ്ററിൽ എത്തിയത്. 2 മണിക്കൂർ 35 മിനിറ്റ് ആയിരുന്നു ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനി നിർമിച്ച അഞ്ചാമത്തെ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആയിരുന്നു. പോക്കിരിരാജ, മധുരരാജ എന്നീ സിനിമകൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ടർബോ.
ഏറെക്കാലത്തിന് ശേഷം തിയേറ്ററിലെത്തുന്ന മമ്മൂട്ടിയുടെ ആക്ഷൻ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ടർബോയ്ക്ക്. തെന്നിന്ത്യൻ താരം രാജ് ബി ഷെട്ടിയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിച്ചിട്ടുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.