ബോക്സോഫീസിനെ പഞ്ഞിക്കിട്ട് ജോസേട്ടായി…!!! നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ
കഴിഞ്ഞ വ്യാഴാഴ്ചയാണ് മമ്മൂട്ടി നായകനായ ടർബോ തിയേറ്ററുകളിലെത്തിയത്. ആദ്യദിവസം, കേരളത്തിൽ നിന്നു മാത്രം, 6.2 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ആദ്യ ദിനം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നുമായി 17.3 കോടി രൂപയാണ് ടർബോ നേടിയത്. ഇപ്പോഴിതാ ടർബോ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷൻ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത നാല് ദിവസം കൊണ്ട് 52.11 കോടിയാണ് ആകെ ടർബോ നേടിയിരിക്കുന്നത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് ഒരായിരം നന്ദിയെന്ന് മമ്മൂട്ടി കമ്പനി കണക്കുകൾ പുറത്തുവിട്ട് കുറിച്ചിട്ടുണ്ട്.
മെയ് 24ന് ആയിരുന്നു ടര്‍ബോ തിയറ്ററുകളില്‍ എത്തിയത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസ് ആയിരുന്നു. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ് നിര്‍വഹിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിച്ചത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രത്തില്‍ വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയത്.
പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമ പ്രത്യേകതയും ‘ടർബോ’യ്ക്ക് ഉണ്ടായിരുന്നു. ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.