“മമ്മൂക്കയുടെ ഒരു സിനിമയിൽ ഭാഗമാകാൻ പോലും പറ്റാത്ത അവസ്ഥയായി” ;  കാരണം പറഞ്ഞ് ടിനി ടോം
1 min read

“മമ്മൂക്കയുടെ ഒരു സിനിമയിൽ ഭാഗമാകാൻ പോലും പറ്റാത്ത അവസ്ഥയായി” ; കാരണം പറഞ്ഞ് ടിനി ടോം

മിമിക്രിയിലൂടെ അഭിനയത്തിലേക്ക് എത്തി ഇപ്പോള്‍ മുന്‍നിര നടനായി നിറഞ്ഞ് നില്‍ക്കുകയാണ് ടിനി ടോം. കൈനിറയെ സിനിമകളും അതിലുപരി സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സജീവമാണ് താരം. ഒരു കാലത്ത് ടിനി ടോം-ഗിന്നസ് പക്രു കോമ്പോയിൽ വരുന്ന സ്കിറ്റുകൾ ആസ്വദിച്ച് കണ്ടിട്ടുള്ളവരാണ് മലയാളികൾ. 1998ല്‍ റിലീസ് ചെയ്ത പഞ്ചപാണ്ഡവരാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. പിന്നീട് മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്. അണ്ണന്‍ തമ്പി, ഈ പട്ടണത്തില്‍ ഭൂതം എന്നീ ചിത്രങ്ങളിലെ ഇരട്ട വേഷങ്ങളിലും പാലേരി മാണിക്യത്തിലെ ട്രിപ്പിള്‍ റോളിലും ടിനി ടോം മമ്മൂട്ടിയുടെ ബോഡി ഡബിളായി അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും ‘മമ്മൂട്ടിയുടെ ഡ്യൂപ്പ്’ എന്ന തരത്തിൽ ടിനി ടോമിനെ കുറിച്ച് ആരോപണങ്ങളും പരിഹാസങ്ങളും ഉയരാറുണ്ട്. എന്നാൽ മമ്മൂട്ടിയുടെ മൂന്ന് സിനിമകളിൽ മാത്രമാണ് തന്റെ ബോഡി ഉപയോഗിച്ചിട്ടുള്ളതെന്നും റിസ്കി ഫൈറ്റുകൾ എല്ലാം ചെയ്യുന്നത് അദ്ദേഹം തന്നെ ആണെന്നും തുറന്നു പറയുകയാണ് ടിനി ഇപ്പോൾ.

 

“മമ്മൂക്കയെ ഉപദ്രവിക്കാൻ വേണ്ടി, അദ്ദേഹം ചെയ്യുന്ന സിനിമകളിൽ ഫൈറ്റ് ചെയ്തത് ടിനി ടോം ആണെന്ന് പറഞ്ഞ് ഇൻസൾട്ട് ചെയ്യുന്നുണ്ട്. ആകെ മൂന്ന് പടത്തിൽ മാത്രമെ എന്റെ ബോഡി ഉപയോഗിച്ചിട്ടുള്ളൂ. അടുത്തിടെ കണ്ണൂർ സ്ക്വാഡിന്റെ ലൊക്കേഷനിൽ ഞാൻ പോയിരുന്നു. നീ ഇപ്പോൾ എന്റെ അടുത്തിരുന്നാൽ ആൾക്കാർ പറയും എനിക്ക് വേണ്ടി ഫൈറ്റ് ചെയ്തത് നീ ആണെന്ന് എന്നാണ് മമ്മൂക്ക പറഞ്ഞത്. കാരണം അത്രയ്ക്ക് വേദനിപ്പിക്കുക എന്നതാണ്. ഒരു കലാകാരൻ നശിച്ച് കാണാൻ കുറേ പേർക്ക് വലിയ ആഗ്രഹമാണ്. അദ്ദേഹം സ്വന്തമായാണ് ഫൈറ്റ് ചെയ്യുന്നത്. അത് എത്ര തവണ റിപ്പീറ്റ് ചെയ്താലും എന്റെ തല എഡിറ്റ് ചെയ്ത് വച്ച് അയച്ച് തരും. ടർബോയുടേത് വരെ എനിക്ക് അയച്ചു തന്നിട്ടുണ്ട്. ലാലേട്ടൻ ചിലപ്പോൾ വളരെ ഈസി ആയിട്ടാകും സിനിമയിൽ അഭിനയിക്കുന്നതും പോകുന്നതും. ഇദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കി എടുക്കുന്നതാണ് ഓരോ റോളുകളും. മമ്മൂക്കയുടെ ഒരു സിനിമയിൽ ഭാഗമാകാൻ പോലും പറ്റാത്ത അവസ്ഥയായി എനിക്ക്. ഡ്യൂപ്പിന് വേണ്ടിയാണ് കൊണ്ടുവരുന്നതെന്ന് പറയും. മൂന്ന് പടത്തിൽ എന്റെ ബോഡി ഉപയോഗിച്ചു എന്നല്ലാണ്ട്, അദ്ദേഹം ചെയ്ത റിസ്കി ഷോട്ടുകളിൽ ഒന്നും ഞാൻ ഇല്ല. അത് അദ്ദേഹത്തിന്റെ കഴിവാണ്. ദൈവം കൊടുത്തിരിക്കുന്നൊരു ശക്തിയാണ്. ഹാർഡ് വർക്ക് ചെയ്താണ് അദ്ദേഹം സിനിമയിൽ നിൽക്കുന്നത്”, എന്നാണ് ടിനി ടോം പറയുന്നത്. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു ടിനിയുടെ പ്രതികരണം.

അതേസമയം, ടർബോ ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആയിരുന്നു. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ 70 കോടിയ്ക്ക് മേൽ കളക്ഷൻ നേടിയിട്ടുണ്ട്.