”കൈയടികളോടെ സ്വീകരിക്കേണ്ട മലയാളം ക്ലാസിക് ”; ‘തുറമുഖം’ സിനിമയെക്കുറിച്ച് കുറിപ്പ്
1 min read

”കൈയടികളോടെ സ്വീകരിക്കേണ്ട മലയാളം ക്ലാസിക് ”; ‘തുറമുഖം’ സിനിമയെക്കുറിച്ച് കുറിപ്പ്

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് സിനിമ റിലീസ് ചെയ്തത്.ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററില്‍ മുന്നേറുകയാണ്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇപ്പോഴിതാ ചിത്രം ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം

കുറിപ്പിന്റെ പൂര്‍ണരൂപം

സവര്‍ണ ചരിത്രകാരന്‍മാരാല്‍ മറച്ചു പിടിച്ച രക്തരൂക്ഷിത മട്ടാഞ്ചേരി സമര ചരിത്രത്തിന്റെ/വെടി വെപ്പ് കൂട്ട കൊലയുടെ സത്യസന്ധമായ രേഖപ്പെടുത്തല്‍. മലയാളം ഭാഷയിലുണ്ടായ മികച്ച രാഷ്ട്രീയ സിനിമകളിലൊന്ന്. രക്ത സാക്ഷികളുടെ ഓര്‍മ്മക്ക് മുന്നില്‍ മുഷ്ടി ചുരുട്ടി അഭിവാദ്യമര്‍പ്പിക്കാന്‍ തോന്നുന്ന രീതിയില്‍ മികച്ച ആവിഷ്‌കാരം ഒരുക്കാന്‍ രാജീവ് രവി ക്ക് കഴിഞ്ഞിട്ടുണ്ട്. നിവിന്‍,അര്‍ജുന്‍ അശോക്, സുദേവ്, ഇന്ദ്രജിത്, ജോജു അങ്ങനെ എനിക്ക്
അറിയില്ലാത്തതുമായ ഒത്തിരി നടന്മാരും നടിമാരും തിമിര്‍ത്താടിയ സിനിമ. പ്രത്യേകിച്ച് കാലഘട്ടത്തിലെ മാറ്റങ്ങള്‍ സൂക്ഷ്മാഭിനയത്തിലെ മികവ് കൊണ്ട് പൂര്‍ണിമ ഇന്ദ്രജിത്ഗംഭീരമാക്കി.

അവസാന സമയത്ത് മുണ്ടു മാത്രമുടുത്ത് തോക്ക് പട്ടാളത്തെ വെല്ലുവിളിച്ച് വെടിയുണ്ടയേറ്റ്
പിടയുന്നആ നടനുണ്ടല്ലോ, 1953 സെപ്റ്റംബര്‍ 15ലെ INTUC യുടെ ചാപ്പ എന്ന അധികാര – മുതലാളിത്ത – അനാചാരത്തിനെതിരെ നടന്ന ഇടത് വര്‍ഗസമരത്തിലെ
സെയ്ത്, സെയ്താലി, ആന്റണി എന്നിവരുടെ രക്തസാക്ഷിത്വം ഓര്‍മിപ്പിച്ചു. (സിനിമക്ക് ആധാരമായ ചരിത്ര സംഭവം കമന്റില്‍.) വിവാഹം കഴിച്ചയച്ച മകള്‍
തിരികെ വന്നതിനു ശേഷം പൂര്‍ണിമ കാണുന്ന ആകാശത്തെ പക്ഷികള്‍. പെങ്ങളുടെ കവിളിലെ
കപ്പല്‍ വൃണംകാണാന്‍ കെല്പില്ലാതെ ഇറങ്ങിപ്പോകുന്ന നിവിന്റെ രംഗം.  അങ്ങനെ ഡീറ്റെയില്‍ പറഞ്ഞാല്‍ തീരാത്തത്ര സൂക്ഷമായി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ന് മുന്നേ തുടങ്ങിയ കഥയിലൂടെ തൊഴില്‍ മുന്നേറ്റങ്ങളുടെ അമ്പതുകളെ ഓര്‍മിപ്പിക്കുന്ന കഥാ പശ്ചാത്തലം, കൃത്യമായ BGM, ക്യാമറ/വിശ്വല്‍സ്, കളറിങ് സിനിമയെ മികച്ച അനുഭവമാക്കുന്നു.

മട്ടാഞ്ചേരിയിലെ മുസ്ലിങ്ങളുടെ ചരിത്രത്തിന്റെ ഒരേട് കൂടിയാണ് ഈ സിനിമ.
കൈയടികളോടെ സ്വീകരിക്കേണ്ട മലയാളം ക്ലാസിക്; ഒരുപറ്റം സ്ത്രീകളുടെയും, കാലഘട്ടതിന്റെയും സാമൂഹിക അവസ്ഥയുടെയും നേര്‍ച്ചിത്രം കൂടിയാണ് തുറമുഖം.
8/10