‘എനിക്കൊപ്പം നിന്നവർക്ക് സിനിമയിൽ അവസരം നഷ്‌ടമായി, കൂടെ നിൽക്കുമെന്ന് പറഞ്ഞവർ നിലപാട് മാറ്റി’: ഇതുവരെ താണ്ടിയ വിഷമങ്ങൾ പങ്കുവച്ച് നടി ഭാവന
1 min read

‘എനിക്കൊപ്പം നിന്നവർക്ക് സിനിമയിൽ അവസരം നഷ്‌ടമായി, കൂടെ നിൽക്കുമെന്ന് പറഞ്ഞവർ നിലപാട് മാറ്റി’: ഇതുവരെ താണ്ടിയ വിഷമങ്ങൾ പങ്കുവച്ച് നടി ഭാവന

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. എന്നാൽ കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ അത്ര സജീവമല്ല താരം. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരമിപ്പോൾ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ഭാവന തന്നെയാണ് ഈ സന്തോഷ വിവരം പങ്കുവെച്ചിരിക്കുന്നത്.

‘ ദ ന്യൂസ് മിനുറ്റിന് ‘ നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വ്യകത്മാക്കിയത്. മലയാളത്തിലേയ്ക്കുള്ള തിരിച്ചു വരവിൻ്റെ കാര്യം മാത്രമല്ല താരം സൂചിപ്പിച്ചത്. തൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മലയാള സിനിമ മേഖലയിലെ പല താരങ്ങളും തനിയ്ക്കൊപ്പം നിന്നെങ്കിലും പിന്നീട് അവരിൽ പലരും നിലപാടിൽ നിന്ന് പിന്മാറിയപ്പോൾ തനിയ്ക്ക് ഉണ്ടായ പ്രയാസത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞു. തനിയ്ക്കൊപ്പം കൂടെ നിന്നവരാണ് വുമണ്‍ ഇന്‍ സിനിമാ കളക്ടവീവ് പ്രവർത്തകർ. അതുകൊണ്ട് ഇന്ന് അവരിൽ പലർക്കും സിനിമയിൽ നിന്ന് അവസരം നഷ്‌ടമായി. ഇത് തന്നെ ഏറെ വേദനിപ്പിക്കുന്ന കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു. സ്ത്രീകൾ തമ്മിലുള്ള കൂട്ടായ്മകൾ വളരെ പ്രധാനപ്പെട്ടതാണെന്നും തനിയ്ക്ക് വന്ന പ്രതിസന്ധിയിൽ പരാതി നൽകാൻ തനിയ്‌ക്കൊപ്പം നിന്ന വ്യക്തിയാണ് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽ എ യുമായ പി.ടി തോമസ് . അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ടെന്നും ഭാവന പറഞ്ഞു.

താരത്തിൻ്റെ വാക്കുകൾ ഇങ്ങനെ

എനിയ്ക്ക് സംഭവിച്ച ദുരന്തത്തിന് ശേഷം മലയാള സിനിമ മേഖലയിലെ ആളുകൾ ചേർന്ന് കൊച്ചിയിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. എനിയ്‌ക്കൊപ്പം എല്ലാവരും നിൽക്കുന്നു എന്നോർത്തപ്പോൾ സന്തോഷം തോന്നിയിരുന്നു. എന്നാൽ പിന്നീട് ചില ആളുകൾ നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു. കൂടെ നിൽക്കുമെന്നും , സത്യം വെളിപ്പെടുത്തുമെന്നും പറഞ്ഞവർ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ താത്പര്യമാണ്. ഒരാളെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. എല്ലാ ദിവസവും ആരൊക്കെ എന്നെ പിന്തുണക്കും ആരൊക്കെ പിന്തുണക്കില്ല എന്നാലോചിച്ച് എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റില്ലല്ലോ എന്നും അവർ പറഞ്ഞു. മലയാള സിനിമയിലേയ്ക്ക് ഒരു തിരിച്ചു വരവ് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പക്ഷേ ഇപ്പോൾ എനിയ്ക്ക് അതിന് സാധിക്കും.

സിനിമയിലെ എൻ്റെ സ്ത്രീ സൗഹൃദങ്ങൾ എനിയ്ക്ക് ഏറെ മൂല്യമുള്ളതാണ്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് തുടക്കം മുതൽ എനിയ്‌ക്കൊപ്പം നിന്നു. എനിയ്‌ക്കൊപ്പം നിന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് അവർക്കും സിനിമ നഷ്ടമായി എന്നത് ഏറെ സങ്കടമുള്ള കാര്യമാണ്. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, മൃദുല മുരളി, ശില്‍പ്പ ബാലന്‍, ഷഫ്‌ന എന്നിവരോടെല്ലാം ഞാന്‍ സംസാരിക്കാറുണ്ട്. എല്ലാവരും എനിയ്ക്ക് നല്ല പിന്തുണ നൽകി കൂടെ നിൽക്കുന്നു. രേവതി, മേക്കപ്പ് ആര്‍ട്ടിസ്റ്റി രഞ്ജു രഞ്ജിമാര്‍, ജീന, ഭാഗ്യലക്ഷ്മി, തുടങ്ങിയവരെല്ലാം എന്നോടൊപ്പം നിന്നവരാണ്. അഞ്ജലി മേനോനും ദീദി ദാമോദരനുമൊക്കെ എൻ്റെ ശക്തിയാണ്. മിയ, നവ്യ നായര്‍, പാര്‍വതി, പത്മപ്രിയ, റിമ, അനുമോള്‍, കവിത നായര്‍, കൃഷ്ണപ്രഭ, ആര്യ ബഡായ്, കനി കുസൃതി എന്നിവരെല്ലാം എന്നോടൊപ്പം നിന്നവരാണ്.

പലരും എന്നെ മലയാള സിനിമയിലേയ്ക്ക് തിരിച്ചു വിളിച്ചവരും എനിയ്ക്ക് അവസരങ്ങൾ തന്ന് എന്നോടൊപ്പം നിന്നവരുമാണ്. പൃഥ്വിരാജ്, സംവിധായകന്‍ ജിനു എബ്രഹാം, ഷാജി കൈലാസ് എന്നിവര്‍ ഈ കൂട്ടത്തിൽപ്പെട്ടവരാണ്. നടന്‍ ബാബുരാജ് ഉൾപ്പടെയുള്ളവർ ബംഗളുരുവില്‍ വന്ന് എന്നെ കണ്ട് ഇതില്‍ നിന്നെല്ലാം പുറത്ത് കടന്ന് മുന്നോട്ട് വരണമെന്ന് എന്നോട് ആവശ്യപ്പെടുകയും എനിയ്ക്ക് ധൈര്യം നൽകുകയും ചെയ്തിരുന്നു. സത്യത്തിൽ ഇതെല്ലം വലിയ ആശ്വാസമായിരുന്നു എനിയ്ക്ക്. എൻ്റെ സൗകര്യം നോക്കി ഷൂട്ടിംഗ് ബംഗളുരുവിലേയ്ക്ക് മാറ്റാം എന്ന് പറഞ്ഞ ആളാണ് അനൂപ് മേനോൻ. നടന്‍ നന്ദു, സംവിധായകന്‍ ഭദ്രന്‍, ഹരിഹരന്‍ എന്നിവരെല്ലാം എനിയ്ക്ക് പിന്തുണ തന്നവരാണ്. നടൻ ജയസൂര്യ എൻ്റെ പിറന്നാൾ ദിവസം വീട്ടിൽ കേക്കുമായി വന്നത് ഞാൻ ഓർക്കുന്നു. എന്നെ നല്ല രീതിയിൽ അവരെല്ലാം സപ്പോർട്ട് ചെയ്‌തു. കൂടെ നിന്ന എല്ലാവർക്കും ഒരിക്കൽ കൂടെ നന്ദി പറഞ്ഞുകൊണ്ടാണ് താരം തൻ്റെ വാക്കുകൾ അവസാനിപ്പിച്ചത്.