തോൽവി ആഘോഷമാക്കാൻ കുരുവിളയും കുടുംബവും വീണ്ടും വരുന്നു; ജനപ്രിയ ചിത്രം തോൽവി എഫ്സി ഇനി ഒടിടിയിൽ കാണാം
തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി തിയേറ്ററുകളിലെത്തിയ തോൽവി എഫ്സി ഒടിടി പ്ലാറ്റ്ഫോമിൽ ഉടൻ റിലീസ് ചെയ്യും. ഈ ചിത്രം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാകാൻ കാരണം അതിലെ സ്വതസിദ്ധമായ തമാശ തന്നെയാണ്. തിരക്കഥാകൃത്തും നടനുമായ ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്ത തോൽവി എഫ്സി ഒരു ഫാമിലി കോമിക് ഡ്രാമ ജോണറിലായിരുന്നു ചിത്രീകരിച്ചത്.
ജോണി ആന്റണിയും ഷറഫുദ്ദീനും ജോർജ് കോരയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പത്. സിനിമ തുടങ്ങി അവസാനിക്കും വരെ പ്രേക്ഷകന് ചിരി ചുണ്ടിൽ നിന്ന് മായാതെ നിർത്താനുള്ള എന്തോ ഒരു മാജിക് ഈ ചിത്രത്തിനുണ്ടായിരുന്നു. തോൽവി എഫ്സിയിൽ തൊട്ടതെല്ലാം പൊട്ടിപ്പാളീസാകുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്.
ഓഹരി വിപണിയിൽ ഭാഗ്യപരീക്ഷണം നടത്തുന്ന മടിയനായ ഗൃഹനാഥനാണ് കുരുവിളയായാണ് ചിത്രത്തിൽ ജോണി ആന്റണി അഭിനയിക്കുന്നത്. ലൈബ്രേറിയനായ ഭാര്യയായി ആശ മഠത്തിൽ അഭിനയിക്കുന്നു. ഇവരുടെ മൂത്ത മകൻ ഉമ്മൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷറഫുദ്ദീനാണ്. ഇളയ മകൻ തമ്പിയായി ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ ജോർജ് കോര തന്നെയാണ് അഭിനയിച്ചത്.
ഫീൽ ഗുഡ് സിനിമയുടെ പട്ടികയിൽ ഇടം പിടിച്ച ചിത്രമാണിത്. തമാശയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. ശ്യാമപ്രകാശ് എം എസാണ് ചിത്രത്തിന്റെ മനോഹരമായ ദൃശ്യാവിഷ്കാരം നിർവ്വഹിച്ചിരിക്കുന്നത്. സിബി മാത്യു അലക്സ് സംഗീത സംവിധാനം നിർവഹിച്ച തോൽവി എഫ്സിയിലെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.