“കാതല്‍” ചരിത്രം കുറിക്കുന്നു ….! വൻ റിലീസുകൾ എത്തിയിട്ടും വിസ്‍മയിപ്പിക്കുന്ന നേട്ടം
1 min read

“കാതല്‍” ചരിത്രം കുറിക്കുന്നു ….! വൻ റിലീസുകൾ എത്തിയിട്ടും വിസ്‍മയിപ്പിക്കുന്ന നേട്ടം

മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതലി’നെ പ്രശംസിച്ച് ഇന്നും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദ് കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തിയിരുന്നു. ചെറിയ ക്യാൻവാസില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും മികച്ച വിജയം നേടാൻ കാതലിന് കഴിഞ്ഞിരുന്നു. വമ്പൻ റിലീസുകള്‍ എത്തിയിട്ടും കേരളത്തിലെ തിയറ്ററുകളില്‍ തിരുവന്തപുരത്തും കൊച്ചിയിലും പ്രദര്‍ശിപ്പിക്കുന്ന കാതല്‍ അമ്പതാം ദിവസത്തിലേക്ക് എന്നാണ് പുതിയ അപ്‍ഡേറ്റ്.

മമ്മൂട്ടി നായകനായ കാതല്‍ അമ്പതാം ദിവസത്തിലേക്ക് എന്ന പുതിയ പോസ്റ്റര്‍ പുറത്തിറക്കിയതിനാല്‍ അത്രയും നാളുകള്‍ ചിത്രം തിയറ്ററുകളില്‍ ഉണ്ടാകും എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഒരു വലിയ നേട്ടമാണ്. കേരളത്തില്‍ മാത്രം കാതല്‍ 10.60 കോടി രൂപയോളം നേടിയിട്ടുണ്ട് എന്നും ആഗോളതലത്തില്‍ 14 കോടിയില്‍ അധികവും നേടിയിട്ടുണ്ട് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാതല്‍ മമ്മൂട്ടിയുടെ ഒരു സമാന്തര ചിത്രമായി എത്തിയിട്ടും വിജയം നേടിയതിനാല്‍ ആകെ എത്ര നേടി എന്ന് അറിയാൻ ആരാധകര്‍ക്ക് കൗതുകവുമുണ്ട്. കേരളത്തില്‍ കൊച്ചിയിലെയും തിരുവനന്തപുരത്തെയുമടക്കമുള്ള ചില തിയറ്ററുകളില്‍ നിലവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം കാതല്‍ ഒടിടിയില്‍ എവിടെയാണ് കാണാനാകുക, എപ്പോഴാണ് സ്‍ട്രീമിംഗ് തുടങ്ങുക എന്ന് അറിയാനും ആരാധകര്‍ കാത്തിരിക്കുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.

സ്ലോ ഫേസിൽ സഞ്ചരിച്ച് സുഖമുള്ളൊരു വേദന‍ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഈ സിനിമ മനുഷ്യ മനസ്സുകളിൽ മൂടികിടക്കുന്നതും ഒളിപ്പിച്ചു വെച്ചിരിക്കുന്നതുമായ വികാര വിചാരങ്ങളെ കുറിച്ചാണ് സംവദിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ‘കാതൽ ദി കോർ’ൽ മാത്യുവിന്റെ ഭാര്യയായ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്.അൻവർ അലിയും ജാക്വിലിൻ മാത്യുവും ചേർന്ന് വരികൾ ഒരുക്കിയ ചിത്രത്തിലെ മനോഹര ഗാനങ്ങൾക്ക് മാത്യൂസ് പുളിക്കനാണ് സംഗീതം പകർന്നത്. സാലു കെ തോമസ് ഛായാഗ്രാഹണം നിർഹഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഫ്രാൻസിസ് ലൂയിസ് കൈകാര്യം ചെയ്തു.