fbpx

നടി പാർവതി തിരുവോത്ത്, അഭിനയം കൊണ്ടും നിലപാട് കൊണ്ടും എന്നും വ്യത്യസ്ത സൃഷ്ടിച്ചവൾ. സൂപ്പർതാരങ്ങളെ വാനോളം പുകഴ്ത്തി ആൺ തണലുകളിൽ ഒതുങ്ങിക്കൂടി ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാൻ ഒന്നും പാർവതി തയ്യാറായില്ല. ജീവിതത്തിന്റെ പ്രധാന ഘട്ടത്തിൽ തിരിച്ചറിവിന്റെ ആദ്യപാഠം അറിഞ്ഞപ്പോൾ തന്നെ ജാതിവാൽ മുറിച്ച് കളഞ്ഞ് തന്റെ ശക്തമായ നിലപാട് പാർവതി രേഖപ്പെടുത്തി. അത് മുമ്പോട്ടുള്ള രാഷ്ട്രീയബോധത്തിന്റെ ആരംഭം മാത്രമായിരുന്നു. സൂപ്പർ താരമെന്നോ മലയാളത്തിന്റെ രാജാക്കന്മാർ എന്നോ പരിഗണിക്കാതെ തന്റെ വിമർശനങ്ങൾ ധൈര്യപൂർവ്വം പാർവതി തുറന്നു പറഞ്ഞു. അതുകൊണ്ട് സൂപ്പർ താരങ്ങളുടെ ആരാധകരുടേയും മലയാളികളുടെ പൊതുബോധത്തിന്റെയും അധിക്ഷേപങ്ങൾ ചെറുതൊന്നുമല്ല പാർവ്വതി നേരിട്ടത്. സ്ത്രീ സമത്വത്തിനുവേണ്ടി ആദ്യമായി ശബ്ദമുയർത്തിയ പാർവതി പിന്നീട് സ്ത്രീകൾക്കായി തന്നെ സിനിമയിൽ ഒരു സംഘടന രൂപീകരിക്കുന്നതിന് ചുക്കാൻ പിടിച്ചു. നിരവധി താരങ്ങളെ അസ്വസ്ഥപ്പെടുത്തിയ ഈ നടപടികൾക്ക് ഒപ്പം മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും ഗംഭീര പ്രകടനം കാഴ്ചവയ്ക്കാനും പാർവതിക്ക് കഴിഞ്ഞു. ദേശീയരാഷ്ട്രീയത്തിൽ അലയടിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ പാർവതി ശബ്ദമുയർത്തി. സോഷ്യൽ മീഡിയ വിപ്ലവത്തിൽ മാത്രം ആശ്രയിക്കാതെ സമരഭൂമിയിൽ സധൈര്യം അണിനിരന്നു.

വിജയ് ദേവരകൊണ്ട എന്ന വളർന്നുവരുന്ന സൂപ്പർതാരത്തിന്റെ മുൻപിൽ തന്റെ വിയോജിപ്പ് തുറന്നു പറയാൻ പാർവതി കാണിച്ച ധൈര്യംമലയാളത്തിലെ ഏതെങ്കിലും ഒരു നടി പറയുമെന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കാൻ പോലും കഴിയുമോ. മാസ്ക് വെക്കണം,സാനിറ്റൈസർ ഉപയോഗിക്കണം എന്ന് പറയുന്നത് മാത്രമല്ല സാമൂഹിക പ്രതിബദ്ധതയെന്ന് പാർവതി തന്റെ ജീവിതം കൊണ്ട് കാട്ടിത്തരുന്നു. കോവിഡ് കാലത്ത് വലിയ ഭീഷണി ഉയർത്തിക്കൊണ്ട് കുംഭമേള രാജ്യത്ത് അരങ്ങേറുമ്പോൾ മലയാളത്തിൽ നിന്നും അതിനെതിരെ ആദ്യം ശബ്ദമുയർത്തിയത് പാർവ്വതിയാണ്. ഇതുവരെ മറ്റ് എത്ര നടീനടന്മാർ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട് എന്ന് ആരും ശ്രദ്ധിക്കുന്നതും ഇല്ല. ഇരിപ്പിടത്തിന്റെ പേരിൽ ഒരു പരാമർശം ഉന്നയിച്ചത് മാത്രമേയുള്ളൂ പിന്നീട് സംഘടനയിൽ സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം കസേരകൾ പ്രത്യക്ഷപ്പെടുന്നതാണ് കണ്ടത്. നിലപാടുകൾ ശരിയോ തെറ്റോ എന്നത് പിന്നീട് തീരുമാനിക്കേണ്ട ഒരു വിഷയമാണ്. എന്നാൽ പ്രതിസന്ധിഘട്ടത്തിൽ ശബ്ദമുയർത്തുക എന്നത് സമൂഹത്തിന് അനിവാര്യമായ ഒരു ഘടകമാണ്. പാർവ്വതി ആ ശബ്ദം ആണ്. നിശബ്ദരാക്കാൻ പെട്ടവർക്ക് വേണ്ടി മാതൃകാപരമായി ഉയരുന്ന മാറ്റത്തിന്റെ ശബ്ദം.

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.
You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.