സിനിമയിലെ സന്ദേശം യാഥാർത്ഥ്യമാക്കി 777 ചാർലി’ ടീമിന്റെ ‘പെറ്റ് അഡോപ്ഷൻ ഡ്രൈവ്’
പലതരത്തിലുള്ള സിനിമ പ്രമോഷനുകളും നാം ദിനംപ്രതി കാണുന്നതാണ്. ഓൺലൈൻ മാധ്യമ രംഗത്ത് ആണ് അവ ഏറ്റവും കൂടുതൽ ഉണ്ടാവാറുള്ളത്. ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രമോഷൻ ചെയ്യുന്ന കാര്യങ്ങൾ ഉണ്ടെങ്കിലും അത് എങ്ങനെ വ്യത്യസ്തമായി ചെയ്യാമെന്ന് കാണിച്ച് തന്നിരിക്കുകയാണ് 777 ചാർളി ടീം. കന്നഡതാരം രക്ഷിത് ഷെട്ടിയെ നായകനാക്കി കിരൺ രാജ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ‘777 ചാർലി’. മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം കേരളത്തിലും മികച്ച പ്രതികരണമാണ് നേടുന്നത്. നല്ല രീതിയിൽ പ്രദർശനം തുടരുമ്പോൾ തന്നെ അതിനോടനുബന്ധിച്ച് സിനിമയുടെ കേരളത്തിലെ മാർക്കറ്റിംഗ് ടീം ഒരു പെറ്റ് അഡോപ്ഷൻ ഡ്രൈവ്’ നടത്തുകയാണിപ്പോൾ.
കൊച്ചിയിൽ സരിത സവിത സംഗീത തിയേറ്റർ കോംപ്ലക്സിലാണ് അഡോപ്ഷൻ ഡ്രൈവ്’ ഒരുക്കിയിരിക്കുന്നത്. തെരുവുനായ്ക്കളെയും അനാഥനായ്ക്കളെയും മറ്റ് പെറ്റ്സിനെയും സംരക്ഷിക്കുകയും അവർക്ക് ഒരു ഫോസ്റ്റർ പാരന്റിനെ കണ്ടെത്തിക്കൊടുക്കുകയും ചെയ്യുന്നതും ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു ദിവസത്തെ പരിപാടിയാണ് 777 ചാർളി ടീം ഇന്ന് നടത്തിയത്. നായ്ക്കളുടെ രക്ഷപ്രവർത്തനം ചെയ്യുന്ന ഒരുകൂട്ടം സംഘടനകളുടെയും ആൾക്കാരുടെയും സംയുക്താഭിമുഖ്യത്തിലാണ് ചാർളി ടീം ഈ അഡോപ്ഷൻ ഡ്രൈവ് നടത്തുന്നത്. അഡോപ്ഷൻ ഡ്രൈവിൽ അഭയം തേടുന്ന അനേകം നായ്ക്കുട്ടികൾ ഉണ്ടാവും. ഒരു പെറ്റിനെ വളർത്തണം എന്നും അവർക്ക് ഒരു തുണ നൽകണം എന്നും ആഗ്രഹിക്കുന്ന ആർക്ക് വേണമെങ്കിലും സൗജന്യമായി ഒരു നായക്കുട്ടിയെ ദത്തെടുക്കാം. 777 ചാർളി എന്ന സിനിമ പറയുന്നതും ഇതേ ആശയം തന്നെയാണ്. അലഞ്ഞുതിരിയുന്ന ഒരു നായക്കുട്ടിക്ക് തന്റെ ബാക്കിയായ ഭക്ഷണം താൻ പോലുമറിയാതെ കൊടുത്തതിന്റെ സ്നേഹത്തിൽ തുടങ്ങുന്ന കഥ പിന്നീട് വളരെ ശക്തമായ ആത്മബന്ധത്തിനെയാണ് കാണിച്ചു തരുന്നത്.
“നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്ന് വരും… നിങ്ങൾ ലക്കി ആണെങ്കിൽ മാത്രം..” എന്ന് സിനിമയിൽ ഒരു പറയുന്നുണ്ട്. വിലകൂടിയ ഇനം നായകളെ വാങ്ങുന്നതിനേക്കാൾ ഈ അഡോപ്ഷൻ പ്രവർത്തിയാണ് ഒരു നായക്കുട്ടിക്ക് അഭയം നൽകുന്നത്. നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളിക്ക് കടന്നുവരാനുള്ള അവസരമാണിത്. അത് എല്ലാവരും വിനിയോഗിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് 777 ചാർലി ടീം ഇത്തരത്തിലൊരു പരിപാടിയുമായി മുന്നോട്ട് വന്നത്. നായ നായികയായെത്തുന്ന ചിത്രം നായപ്രേമിയല്ലാത്തവർക്കും ഏതെങ്കിലും രീതിയിൽ റിലേറ്റ് ചെയ്യാൻ സാധിക്കുമെന്നതാണ് ചിത്രത്തിന്റെ പ്രധാന ഘടകം. പരുക്കനും ഏകാകിയുമായ ധർമ്മയുടെ ജീവിതത്തിലേക്ക് ചാർലി എന്ന നായകുട്ടി കടന്നുവരുന്നതിനുശേഷം അരങ്ങേറുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. നായ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രങ്ങൾ ഒരുപാടുണ്ടെങ്കിലും പ്രമേയം കൊണ്ടും അവതരണ രീതിയൊണ്ടും വേറിട്ടുനിൽക്കുന്ന ചിത്രമാണ് ‘777 ചാർലി’.
അതുകൊണ്ടുതന്നെ സിനിമ കണ്ടിറങ്ങുന്നവർക്ക് ചാർലിയെ സ്വന്തമാക്കാൻ തോന്നുന്നു എന്നതാണ് മറ്റൊരു ഹൈലൈറ്റ്. നോബിൻ പോൾ ഒരുക്കിയിരിക്കിയ ചിത്രത്തിലെ ഗാനങ്ങൾ അങ്ങേയറ്റം ഹൃദയസ്പർശമാണ്. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ 5 ഭാഷകളിലായി ജൂൺ 10 നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ തന്നെ ധർമ്മയെയും ചാർളിയെയും കാണാൻ വൻ ജനസാഗരമാണ് തിയേറ്ററുകളിലേക്കെത്തിയത്. പ്രേക്ഷകർ കുടുംബസമേതം ചാർലിയെ കാണാൻ വരുന്നു എന്നത് ചാർളിയുടെ വിജയമാണ്. പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന ചിത്രം ബോക്സ് ഓഫീസും കീഴടക്കി മുന്നേറുകയാണ്.