“മമ്മൂക്ക സാറിന് എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നു? ആശ്ചര്യം തന്നെ” ; പ്രശംസിച്ച് തമിഴ് സംവിധായകൻ
1 min read

“മമ്മൂക്ക സാറിന് എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നു? ആശ്ചര്യം തന്നെ” ; പ്രശംസിച്ച് തമിഴ് സംവിധായകൻ

കഴിഞ്ഞ ദിവസമാണ് ഭ്രമയുഗം സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത്. അബുദാബി അൽ വഹ്ദ മാളിൽ വച്ചായിരുന്നു ട്രെയിലര്‍ പുറത്തിറക്കിയത്. മമ്മൂട്ടി അടക്കം ഭ്രമയുഗത്തിലെ താരങ്ങള്‍ അണിയറക്കാര്‍ എല്ലാം ചടങ്ങിന് എത്തിയിരുന്നു. സിനിമയുടെ റിലീസ് അപ്ഡേറ്റുകളെല്ലാം ഓരോ നിമിഷവും വൻ ആകാംക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ട്രെയിലറിന് പിന്നാലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടും ഭ്രമയുഗം ചർച്ചകളുമാണ് സോഷ്യൽ മീഡിയ നിറയെ. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് തമിഴ് സംവിധായകൻ ലിങ്കുസാമി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. മമ്മൂട്ടി ഒട്ടനവധി സിനിമകൾ ചെയ്തിട്ടുണ്ടെന്നും എന്നിട്ടും എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നു എന്നും അതിൽ ആശ്ചര്യം തോന്നുന്നെന്നും സംവിധായകൻ കുറിക്കുന്നു.

‘ഇതിനോടകം ഒട്ടനവധി സിനിമരൾ ചെയ്തിട്ടും മമ്മൂക്ക സാറിന് എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നു, അതിൽ ആശ്ചര്യം തോന്നുകയാണ്. അദ്ദേഹം ചെയ്യാൻ പോകുന്ന മാന്ത്രികത കാണാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ. ഭ്രമയു​ഗം ട്രെയിലർ കണ്ടിട്ട് ​ഗംഭീരമാകുമെന്ന് തോന്നുന്നു സാർ’, എന്നാണ് ലിങ്കുസാമി കുറിച്ചത്. ഭ്രമയു​ഗത്തിന്റെ ലിങ്കും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. തമിഴിലെ ഒരുപിടി മികച്ച സിനിമകളുടെ സംവിധായകനും എഴുത്തുകാരനുമാണ് ലിങ്കുസാമി. സണ്ടൈക്കോഴി ഫ്രാഞ്ചൈസി, പയ്യ തുടങ്ങി സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകന്‍ ആണിദ്ദേഹം. കൂടാതെ സൂര്യ, അജിത്ത്, വിക്രം തുടങ്ങിയവരുടെ സിനിമകള്‍ എഴുതുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.

 

പ്രഖ്യാപനം മുതൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് ഭ്രമയു​ഗം. പിന്നാലെ വന്ന അപ്ഡേറ്റുകളും പോസ്റ്ററുകളും പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിച്ചു. ടീസറിന് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചിരുന്നത്.ട്രെയിലര്‍ അതിനൊത്ത് ഉയര്‍ന്നത് തന്നെയാണ് എന്നാണ് തെളിയിക്കുന്നത്. 2.38 മിനുട്ടാണ് ട്രെയിലര്‍ ഉള്ളത്. ഫെബ്രുവരിയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് ഭ്രമയു​ഗം. 15ന് ചിത്രം തിയറ്ററിൽ എത്തും. മമ്മൂട്ടി നെ​ഗറ്റീവ് ടച്ചിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ സദാശിവൻ ആണ്.