‘ആ മഹാ നടന്റെ ഓര്‍മ്മക്ക് മുന്നില്‍ ഒരിക്കല്‍ കൂടി ശിരസ്സ് നമിക്കുന്നു’; കുറിപ്പ്
കമല്‍ സംവിധാനം ചെയ്ത് 2003-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്നക്കൂട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന് , ജയസൂര്യ, മീര ജാസ്മിന്, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറം, കമല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ കൊച്ചിന് ഹനീഫയുടെ കഥാപാത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
കമലയും പദ്മയും ശരിക്കും ഫിലിപ്പോസ് uncle ന്റെ സ്നേഹം അര്‍ഹിച്ചിരുന്നോ? മരിച്ചു പോയ തന്റെ കൂട്ടുകാരനായ കുമാരേട്ടന്റെ വീട്ടിലേക്കു ഫിലിപ്പോസ് വരികയാണ്. വീടിനു പുറത്ത് വച്ച് കുമാരേട്ടന്റെ ഇളയ മകള്‍ പദ്മയെ കാണുന്ന അയാള്‍ മൂത്ത മകളായ കമലയെക്കൂടി കാണുന്നതിനായി അകത്തേക്ക് വരുകയാണ്. പെണ്‍കുട്ടികളോട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സ്നേഹപ്രകടനങ്ങള്‍ നടത്തുമ്പോഴാണ് തീന്മേശയില് നിറഞ്ഞിരിക്കുന്ന പലതരം വിഭവങ്ങള്‍ ഫിലിപ്പോസ് ശ്രദ്ധിക്കുന്നത്. ഹോംസ്റ്റേ നടത്തുന്ന കമലയും പദ്മയും ആ വിഭവങ്ങള്‍ അവരുടെ അതിഥികള്ക്കുണ്ടാക്കിയതാണെന്നു പാവം ഫിലിപ്പോസിനു മനസിലായില്ല. തന്റെ വരവ് മുന്‍കൂട്ടി കണ്ടു തന്റെ പ്രിയ സുഹൃത്തിന്റെ മക്കള്‍ ഭക്ഷണം കരുതിയതാണെന്നു അയാള്‍ വിചാരിക്കുന്നു.
ദൂരയാത്രയും കഴിഞ്ഞു വിശന്നു വലഞ്ഞ ഫിലിപ്പോസ് ഒരു ചിക്കന്‍ കാലെടുത്തു കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ കമല കയ്യില്‍ കയറി പിടിച്ചു അത് മുകളില്‍ താമസിക്കുന്ന ടൂറിസ്റ്റ്കള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നു പറയുന്നു. ഇളിഭ്യനായി പ്പോയ ഫിലിപ്പോസ് അത് മറച്ചു വച്ച് മട്ടണ്‍ ആണെന്നു വിചാരിച്ചാണ് എടുത്തതെന്നും ചിക്കന്‍ ആണെങ്കില്‍ വേണ്ടെന്നും പറയുന്നു. ദാഹിച്ചു വലഞ്ഞ അയാള്‍ അടുത്തതായി ഒരു ജ്യൂസ് കുടിക്കാന്‍ ശ്രമിക്കുന്നു. അപ്പോഴും കയ്യില്‍ കയറി പിടിച്ചു അതും ഗസ്റ്റ്നുള്ളതാണെന്നു പറയുന്നു. പിന്നെയും നാണം കേട്ട ഫിലിപ്പോസ് ക്യാരറ്റ് ജ്യൂസ് ആണെന്നാണ് വിചാരിച്ചതെന്നും ഓറഞ്ച് ജ്യൂസ് ആണെങ്കില്‍ വേണ്ടെന്നും പറയുന്നു. അവസാനം കഴിക്കാന്‍ എന്തെങ്കിലും ഉണ്ടോ എന്ന് അയാള്‍ ചോദിക്കുമ്പോ വെള്ളം മാത്രമേ ഉള്ളുവെന്നു മറുപടി. എങ്കില്‍ ഒരു glass പച്ച വെള്ളം ഐസ് ഇട്ടു തരുമോ എന്ന് ചോദിക്കുമ്പോ വെള്ളം ഇനി കിണറ്റില്‍ നിന്നും കോരണം എന്ന് പെണ്‍കുട്ടികളുടെ ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി. തനിക്കു ദാഹജലം പോലും കിട്ടാന്‍ പോകുന്നില്ല എന്നറിഞ്ഞ ഫിലിപ്പോസ് വെള്ളം ഇനി കുളിക്കുമ്പോള്‍ കുടിച്ചോളാം എന്ന് പറഞ്ഞു അവിടെ നിന്നും പോകുന്നു. ചമ്മല് മറക്കാന്‍ മട്ടനും ഓറഞ്ച് ജ്യൂസ് ഉം ഗ്യാസ് ആണെന്നും അയാള്‍ പറയുന്നു.
കാലങ്ങള്‍ കഴിഞ്ഞു പോകുന്നു. കമലക്കു പദ്മയെയും സ്വന്തം അമ്മയെയും നഷ്ടമാകുന്നു. താമസിക്കുന്ന വീട്ടില്‍നിന്ന് പോലും ഇറങ്ങി പോകേണ്ട അവസ്ഥയില്‍ നില്ക്കുന്ന കമലയെ ഫിലിപ്പോസ് കൊണ്ടുപോവുകയാണ്… തന്റെ വല്യ കുടുംബത്തിലേക്ക്.. തന്റെ മക്കള്‍ക്ക് ഒരു അക്കയായി. സ്വന്തം മകളായി. അവസാനം കാഞ്ഞിരപ്പള്ളിക്കാരന് കുഞ്ഞൂഞ്ഞിന്റെ കൂടെ കമല പോകുമ്പോള്‍ ഒരു അച്ഛന്റെ സന്തോഷത്തോടെ ഫിലിപ്പോസ് കണ്ണ് നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒരിക്കല്‍ പോലും തന്നെ സ്നേഹിച്ചിട്ടില്ലാത്ത.. കുടിക്കാന്‍ പച്ച വെള്ളം പോലും തന്നിട്ടില്ലാത്ത കമലയെ അവളുടെ അമ്മയുടെ മരണ ശേഷം സ്വന്തം മോളായി ഏറ്റെടുത്ത ഫിലിപ്പോസ്. എന്റെ കുമാരേട്ടന്റെ മോള് എന്റെയും മോള് ആണെന്നു പറയുന്ന ഫിലിപ്പോസ് ഈ കാലത്തു ഇല്ലാതായി കൊണ്ടിരിക്കുന്ന നന്മയുടെയും സഹോദര്യത്തിന്റെയും നേര്ക്കുകഴ്ചയാണ്. മഹാ നടന്റെ ഓര്‍മ്മക്ക് മുന്നില്‍ ഒരിക്കല്‍ കൂടി ശിരസ്സ് നമിക്കുന്നു.