സ്പോര്‍ട്സിനെക്കുറിച്ചും യുവാക്കളെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ള മുഖ്യമന്ത്രിയാണ് യോഗിയെന്ന് സുരേഷ് റെയ്ന
ലഖ്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്ന. സന്ദര്‍ശനത്തിനു ശേഷം അദ്ദേഹമൊത്തുള്ള ഒരു ചിത്രവും റെയ്ന ട്വീറ്റ് ചെയ്തു. സ്പോര്‍ട്നെക്കുറിച്ചും സംസ്ഥാനത്തെ വികസനത്തെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ളയാളാണ് യോഗിയെന്നായിരുന്നു റെയ്നയുടെ ട്വീറ്റ്.
‘ബഹുമാനപ്പെട്ട യു.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്പോര്‍ട്സിനെ കുറിച്ചും യുവജനങ്ങളെ കുറിച്ചും സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചത് വലിയ കാര്യമായി കരുതുന്നു. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ അഭൂതപൂര്‍വമായ മാര്‍ഗനിര്‍ദേശം സംസ്ഥാനത്തിന് തുടര്‍ന്നും ലഭിക്കട്ടെ,’ സുരേഷ് റെയ്ന ട്വീറ്റ് ചെയ്തു. യോഗി ആദിത്യനാഥിന്റെ ഓഫീസും റെയ്നക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.
നേരത്തേ റെയ്ന നടത്തിയ രാഷ്ട്രീയ പ്രസ്താവനയും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തമിഴ്നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ കമന്ററി പറയുന്നതിനിടെയുള്ള റെയ്നയുടെ പ്രസ്താവനയായിരുന്നു വിവാദമായത്.
താനൊരു ബ്രാഹ്മണനായതുകൊണ്ട് തമിഴ്നാട്ടിലെ സംസ്കാരം ഇഷ്ടപ്പെടുന്നു എന്നായിരുന്നു റെയ്നയുടെ കമന്റ്. അതേസമയം, ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ കളിക്കുന്നില്ലെങ്കിലും കമന്ററി പാനലിലാണ് റെയ്ന ഇത്തവണയുള്ളത്. മെഗാ താരലേലത്തില്‍ ഒരു ടീമിന്റെയും ഭാഗമാവാന്‍ സാധിക്കാതെ വന്നതോടെയാണ് റെയ്ന കമന്ററി പാനലിലേക്കെത്തിയത്.
ഐപിഎല്‍ മെഗാ ലേലം സമാപിച്ചപ്പോള്‍ ആരാധകരുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് സുരേഷ് റെയ്നയാണ്. പല കളിക്കാരും വമ്പന്‍ ടീമുകളില്‍ ഇടം നേടിയപ്പോള്‍ മിസ്റ്റര്‍ ഐപിഎല്‍ എന്ന് വിളിപ്പേരുള്ള റെയ്നയെ ടീമുകളൊന്നും പരിഗണിച്ചില്ല. ഇതോടെ 2008 മുതല്‍ ഐപിഎല്ലില്‍ തിളങ്ങിനിന്ന റെയ്നയെ ഇക്കുറി കാണാന്‍ സാധിക്കില്ലെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടല്‍.
സ്റ്റാര്‍ സ്പോര്‍ട്സിനുവേണ്ടി റെയ്ന ഹിന്ദി കമന്ററിയാണ് റെയ്ന നടത്തുന്നത്. മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രിക്കൊപ്പമായിരിക്കും റെയ്ന കമന്ററി നടത്തുക. ഇന്ത്യന്‍ പരിശീലകനായിരുന്ന ശാസ്ത്രി വീണ്ടും തന്റെ പഴയ തട്ടകമായ കമന്ററി ബോക്സിലേക്ക് തിരിച്ചെത്തുകയാണ്.
ഇംഗ്ലീഷ് കമന്ററിയില്‍ മിന്നിത്തിളങ്ങിയിരുന്ന വ്യക്തിയാണ് രവി ശാസ്ത്രി. എന്നാല്‍, ഇത്തവണ ശാസ്ത്രി ഹിന്ദി കമന്ററിയിലേക്കാണ് മാറിയത്. ഐപിഎല്ലില്‍ പുതിയ സീസണില്‍ കളിക്കാത്ത റെയ്നയെ ടൂര്‍ണമെന്റുമായി ബന്ധിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. റെയ്നയ്ക്ക് വമ്പന്‍ ആരാധകരുടെ പിന്തുണയുണ്ട്. റെയ്നയുടെ ആരാധകവൃന്ദത്തെ ആകര്‍ഷിക്കാന്‍ സ്റ്റാര്‍ സ്പോര്‍ട്സിന് സാധിക്കും.
2017 ലെ ചാമ്പ്യന്‍സ് ട്രോഫിക്കു ശേഷം രവി ശാസ്ത്രി കമന്ററി രംഗത്തേക്ക് മടങ്ങിവരുന്നത് ഇതാദ്യമാണ്. ഇന്ത്യ വലിയ കിരീടങ്ങള്‍ നേടിയപ്പോഴെല്ലാം കമന്ററി ബോക്സിലുണ്ടായിരുന്ന ശാസ്ത്രി പരിശീലക കുപ്പായം അഴിച്ചുവെച്ചതിന് ശേഷം കമന്ററിയിലേക്ക് മടങ്ങിയെത്തുകയാണ്. നേരത്തെ ശാസ്ത്രി ഐപിഎല്‍ ടീമുകളുടെ പരിശീലകനായി എത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, മുന്‍ ഇന്ത്യന്‍ താരം കൂടിയായ ശാസ്ത്രി വിശ്രമത്തിനായാണ് സമയം കണ്ടെത്തിയത്.
2006ന്റെ ആദ്യം മുതല്‍ തന്നെ ടെസ്റ്റ് ടീമില്‍ അംഗമാണെങ്കിലും 2010-ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം.ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ശതകം കുറിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സുരേഷ് റെയ്ന