രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായി സുരേഷ് ഗോപി ; ‘മേ ഹൂം മൂസ’യ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
സുരേഷ് ഗോപി, പൂനം ബജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ സുരേഷ് ഗോപി ചിത്രം കൂടിയാണ് മേ ഹൂം മൂസ. പാപ്പന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘മേ ഹൂം മൂസ’യ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ വിവരം സുരേഷ് ഗോപി അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
ചിത്രം സെപ്റ്റംബര്‍ 30നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രം തിയേറ്ററിലെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് സുരേഷ് ഗോപി ആരാധകരും സിനിമാ പ്രേമികളും. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടായിരുന്നു മേ ഹൂം മൂസ സിനിമയുടെ ചിത്രീകരണം നടന്നത്. വിശാലമായ ക്യാന്‍വാസില്‍ വലിയ മുതല്‍ മുടക്കോടെ ഒരുക്കുന്ന ചിത്രം ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയാണ്. പൂനം ബജ്വാ ആണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായെത്തുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സൈജു കുറുപ്പ്, സലിം കുമാര്‍, സുധീര്‍ കരമന, ഹരീഷ് കണാരന്, മേജര്‍ രവി, മിഥുന് രമേഷ്, ജുബില്‍ രാജന് പി. ദേവ്, കലാഭവന്‍ റഹ്മാന്, ശശാങ്കന് മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ, വീണ നായര്‍,അശ്വനി, സാവിത്രി, ജിജിന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റുബിഷ് റെയ്ന്‍ ആണ് രചന നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകള്‍ക്കും ഗാനങ്ങള്‍ക്കുമെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മേ ഹൂം മൂസ. സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണിത്. യഥാര്‍ഥ സംഭവങ്ങള്‍ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന് വ്യക്തമാക്കിയിരുന്നു.
ചിത്രത്തില്‍ ഇന്ത്യയിലെ സമകാലിക സ്ഥിതിഗതികളും ചര്‍ച്ച ചെയ്യപ്പെടുമെന്നും വളരെ ഗൗരവമുള്ള വിഷയമായിരിക്കും ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും എന്നാല്‍ നര്‍മ്മത്തിന് കുറവുണ്ടാകില്ലെന്നും സംവിധായകന് പ്രഖ്യാപന വേളയില്‍ വ്യക്തമാക്കിയിരുന്നു. 1998 മുതല്‍ 2018 വരെയുള്ള സമയത്താണ് ചിത്രത്തിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ ‘മൂസ’ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.