‘പേരല്ല ബ്രാന്‍ഡാകുന്നത്, താന്‍ ചെയ്ത വര്‍ക്കുകളാണ് ബ്രാന്‍ഡാകുന്നത്, ആ സ്ഥാനത്തേക്ക് കൂടുതല്‍ പേര് വരണം ‘; പൃഥ്വിരാജ് സുകുമാരന്‍
1 min read

‘പേരല്ല ബ്രാന്‍ഡാകുന്നത്, താന്‍ ചെയ്ത വര്‍ക്കുകളാണ് ബ്രാന്‍ഡാകുന്നത്, ആ സ്ഥാനത്തേക്ക് കൂടുതല്‍ പേര് വരണം ‘; പൃഥ്വിരാജ് സുകുമാരന്‍

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ്. അഭിനയത്തിനോടാപ്പം തന്നെ നിര്‍മ്മാണം സംവിധാനം എന്നിങ്ങനെ മലയാളസിനിമയുടെ ഐക്കണായി മാറിയിരിക്കുകയാണ് താരം. ചുരുങ്ങിയ കാലയളവില്‍ പ്രതിഭ തെളിയിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ പൃഥ്വിക്കായി. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി ഭാഷകളിലും പൃഥ്വിരാജ് തന്റെ വിജയക്കൊടി പാറിച്ചു. സിനിമയുടെ എല്ലാ മേഖലകളിലും തന്നെ കഴിവ് തെളിയിച്ച് പൃഥ്വിരാജ് ഇന്ന് ഒരു ബ്രാന്‍ഡ് തന്നെയാണ്. അദ്ദേഹം നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ ഭാഗമാകാന്‍ അഭിനേതാക്കളും കാത്തിരിക്കുകയാണ്.

തന്റെ പേരല്ല ബ്രാന്‍ഡ് ആക്കുന്നതെന്നും താന്‍ ഇത്രയും നാള്‍ ചെയ്ത വര്‍ക്കുകള്‍ക്ക് നല്‍കുന്ന അംഗീകാരമാണെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്. സൂര്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രാന്‍ഡിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് പൃഥ്വി വ്യക്തമാക്കിയത്. പൃഥ്വിരാജ് എന്ന പേര് ഒരു ബ്രാന്‍ഡാകുന്ന സ്വപ്‌നം ഏത് പ്രായത്തിലാണ് മനസില്‍ വരുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. പേരല്ല ബ്രാന്‍ഡാകുന്നത്. അതൊരു തെറ്റിദ്ധാരണയാണ്. ചെയ്ത വര്‍ക്കുകളാണ് ബ്രാന്‍ഡാകുന്നത്. ഞാന്‍ മാത്രമല്ല ആ സ്ഥാനത്തുള്ളത്. ഇന്‍ഡസ്ട്രിയില്‍ അങ്ങനെയുള്ള കുറച്ച് താരങ്ങള്‍ കൂടിയുണ്ട്. ആ സ്ഥാനത്തേക്ക് കൂടുതല്‍ ആളുകള്‍ വരണം. പത്തോ പന്ത്രണ്ടോ പേരെങ്കിലും കൂടി ഇനിയും വരണമെന്നും പൃഥ്വി പറയുന്നു.

അവര്‍ ഇഷ്ടപ്പെട്ട ഒരു സ്‌ക്രിപ്റ്റിന് യെസ് പറഞ്ഞാല്‍ പ്രൊജക്ട് നടക്കുമെന്ന നിലയുണ്ടാകണം. അത്തരത്തില്‍ മെയിന്‍ സ്ട്രീം ഹീറോസ് ഒന്നിച്ച് വളരുമ്പോഴാണ് ഒരു ഇന്‍ഡസ്ട്രിയില്‍ വലിയ സിനിമകള്‍ ഉണ്ടാകുന്നത്. പിന്നെ എന്റെ കാര്യത്തില്‍ ഇപ്പറയുന്ന സ്ഥാനത്തേക്ക് എപ്പോഴെത്തി, എങ്ങനെയെത്തി എന്നൊക്കെ ചോദിച്ചാല്‍ കൃത്യമായി മറുപടി പറയാനാകില്ല. ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്നതല്ലല്ലോ. നമ്മള്‍ ചെയ്യുന്ന സിനിമകള്‍ അത് പ്രേക്ഷകരില്‍ ചെലുത്തുന്ന സ്വാധീനം, അതിന് ലഭിക്കുന്ന അംഗീകാരം ഇതെല്ലാം ചേര്‍ത്ത് ചേര്‍ത്ത് വെച്ചാണല്ലോ ഓരോ നടനും സംവിധായകനും ആ ഒരു പൊസിഷനില്‍ എത്തുന്നത്. ഒരുപാട് വര്‍ഷക്കാലത്തെ പ്രയത്‌നവും ഭാഗ്യവുമെല്ലാം ചേര്‍ന്നാണ് എത്തുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ഇനിയാണ് ശരിക്കും ഹാര്‍ഡ് വര്‍ക്ക് തുടങ്ങുന്നത് എത്തിയ സ്ഥാനത്ത് നിന്നും ഒരിക്കലും മാറാതിരിക്കാനുള്ള ശ്രമമാണ് ഇനി ഉളളത്. ഞാന്‍ എപ്പോഴും പറയാറുള്ളത് പോലെ, ഒരു ലക്ഷ്യത്തിലേക്ക് എത്തിചേരലല്ല, ഒരു നല്ല യാത്രം നടത്താനാകുക എന്നതാണ് സിനിമ എന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.