പൊറിഞ്ചു മറിയം ജോസില്‍ ജോജുവിന് പകരം ജോഷി ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ…
ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് സംവിധായകന്മാരുടെ ഗണത്തില്‍ മുമ്പിലുണ്ടായിരുന്ന ജോഷി ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ഒരു പള്ളിപെരുന്നാളിന്റെ പശ്ചാത്തലത്തില്‍ പൊറിഞ്ജു, മറിയം, ജോസ് എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയിരുന്നത്. വാണിജ്യപരമായി വിജയം നേടിയ ചിത്രമായിരുന്നു ഇത്. 100 ദിവസത്തിലേറെ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.
ഇപ്പോഴിതാ പൊറിഞ്ചുമറിയം ജോസില്‍ പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസില്‍ കണ്ടത് തന്നെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തൃശൂരില്‍ ജനപ്രതിനിധിയാകാന്‍ നോമിനേഷന് സമര്‍പ്പിച്ച സമയത്താണ് പൊറിഞ്ചു മറിയം ജോസിനു േവണ്ടി സംവിധായകന് ജോഷി തന്നെ വിളിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ആ സമയത്ത് തന്നെ അടൂര്‍ ഗോപാലകൃഷ്ണനും തന്നെ മറ്റൊരു ചിത്രത്തിനായി വിളിച്ചിരുന്നുവെന്നും ജനങ്ങളോട് പ്രതിബദ്ധത കാരണമാണ് ഈ ചിത്രങ്ങളൊക്കെ ഉപേക്ഷിക്കേണ്ടി വന്നതെന്ന് സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറയുന്നു.
തൃശൂര്‍ ഇലക്ഷന് നോമിനേഷന് കൊടുത്ത ദിവസം എന്നെ വിളിച്ച് ജോഷി സാര്‍ പറഞ്ഞു, നീ അവിടെ വര്‍ക്ക് ചെയ്യേണ്ട കാര്യമൊന്നും ഇല്ല. ആള്‍ക്കാര്‍ക്ക് നിന്നെ അറിയാം. നീ പൊറിഞ്ചുമറിയത്തില് വന്ന് അഭിനയിക്കണമെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ജോഷിയേട്ടാ ഇത് ഞാന്‍ ഏറ്റെടുത്തുപോയില്ലേ, ഇതില്ലായിരുന്നെങ്കില്‍ വന്നേനെ എന്ന്. അതൊന്നും നടക്കില്ല നീ മര്യാദക്ക് ഇങ്ങോട്ട് വാടാ എന്നായിരുന്നു ജോഷി സര് തിരിച്ച് മറുപടി പറഞ്ഞത്. ഞാന്‍ അപ്പോളും ജോഷിയേട്ട് ആകെപ്പാടെ കുഴപ്പമാകും. ജനങ്ങളോട് ഞാന്‍ ഉത്തരം പറയണ്ടേ എന്ന് പറഞ്ഞു.
ആ സമയത്ത് തന്നെ അടൂര്‍ സാറും ഒരു സിനിമ ചെയ്യാനായി എന്നെ വിളിച്ചിരുന്നു. സുരേഷ് വന്നാല്‍ എനിക്ക് പടം ചെയ്യാന്‍ പറ്റുമെന്നും ഞാന്‍ ഇത് വേറൊരു രീതിയില്‍ പ്ലാന്‍ ചെയ്തതാണെന്നും സുരേഷ് വരൂ, ഇലക്ഷനൊക്കെ അവര്‍ നടത്തിക്കോളും എന്നും അടൂര്‍ സാര്‍ വിളിച്ച് പറഞ്ഞു. ഞാന്‍ അദ്ദേഹത്തിനോടും പറഞ്ഞു ഞാന്‍ കാന്ഡിഡേറ്റാണെന്ന് അപ്പോള്‍ സാര്‍ നീ ഒറു അഞ്ച് ദിവസം വന്നാല്‍ മതിയെന്ന്. പക്ഷേ ഈ അഞ്ചു ദിവസവും പ്രധാനമാണെന്ന് ഞാന്‍ അദ്ദേഹത്തോടും പറഞ്ഞുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ഒടുവില്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രമാണ് പാപ്പന്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ട് ഒന്നിച്ച സിനിമ ആയിരുന്നു പാപ്പന്. സുരേഷ്ഗോപിയുടെ മകന് ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴും ചിത്രം നിറഞ്ഞ സദസ്സില്‍ തിയേറ്ററില്‍ മുന്നേറുകയാണ്. ചിത്രം ബോക്സ്ഓഫീസില്‍ ഹിറ്റാണ്. 50 കോടി ക്ലബ്ബില്‍ ചിത്രം പ്രവേശിച്ചിരുന്നു.