തെന്നിന്ത്യൻ കളക്ഷൻ റിപ്പോർട്ട് പുറത്ത്; ആദ്യ പത്തിൽ ഒരേയൊരു മലയാള ചിത്രം
2023ൽ റിലീസ് ചെയ്ത തെന്നിന്ത്യൻ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ടു. ധാരാളം ഹിറ്റ് സിനിമകൾ റിലീസ് ചെയ്ത വർഷമാണിത്. വിജയ്‍യുടെ ലിയോ തൊട്ട് നാനിയുടെ സിനിമയായ ദസറയടക്കം അക്കൂട്ടത്തിലുണ്ട്. ആദ്യ പത്തിൽ ആകെ ഒരു മലയാള സിനിമയ്ക്കാണ് ഇടം നേടാനായത്. ടൊവിനോ തോമസ് ഉൾപ്പെടെ നിരവധി താരങ്ങൾ അഭിനയിച്ച 2018 ആണ് ആദ്യ പത്തിൽ ഇടംനേടിയ ആ മലയാള ചിത്രം.
കളക്ഷനിൽ ഒന്നാമത് ലിയോയാണ് എന്ന് ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിജയ് നായകനായ ലിയോ 621.50 കോടി രൂപയാണ് ആഗോളതലത്തിൽ ആകെ നേടിയത്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ സിനിമയായ ലിയോ വിജയ്‍യുടെ എക്കാലത്തെയും വൻ ഹിറ്റായി മാറി. ഈ ചിത്രം കേരളത്തിലടക്കം റിലീസ് കളക്ഷനിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്‍തു.
ലിയോയ്‍ക്ക് പിന്നിൽ എത്തിയത് ജയിലറാണ്. രജനികാന്തിന്റെ ജയിലറിന് നേടാനായത് 606.50 കോടി രൂപയാണ്. ലിയോ എത്തിയതോടെയാണ് ജയിലർ സിനിമ കളക്ഷൻ റെക്കോർഡുകളിൽ പിന്തള്ളപ്പെട്ടത് എന്ന പ്രത്യേകതയുമുണ്ട്. രജനികാന്ത് നായകനായവയിൽ എക്കാലത്തെയും വിജയ ചിത്രം 2.0 ആണ്. പ്രഭാസിന്റെ ആദിപുരുഷാണ് മൂന്നാമതുള്ളത്. ആദിപുരുഷ് ആഗോളതലത്തിൽ ആകെ 355.50 കോടി രൂപയാണ് നേടിയത്.
പൊന്നിയിൻ സെൽവൻ രണ്ടാണ് നാലാമതുള്ളത്. പൊന്നിയിൻ സെൽവൻ രണ്ട് ആകെ 345.75 കോടി രൂപയാണ് നേടിയത്. തൊട്ടുപിന്നിലുള്ള വിജയ്‍യുടെ വാരിസ് 306.20 കോടിയാണ് നേടിയത്. ചിരഞ്‍ജീവിയുടെ വാൾട്ടെയർ വീരയ്യ 221.15 കോടി രൂപയുമായി ആറമത് എത്തി. അജിത്ത് നായകനായ തുനിവ് 194.55 കോടി രൂപയുമായി ഏഴാം സ്ഥാനത്ത് എത്തിയപ്പോൾ മലയാളത്തിന്റെ 2018 200 കോടി രൂപയിലധികം (ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയുടെ കണക്കുപ്രകാരം 174.30 കോടി) നേടി എട്ടാമതും ബാലയ്യയുടെ വീര സിംഹ റെഡ്ഡി 120.75 കോടി രൂപയുമായി ഒമ്പതാമതും നാനിയുടെ ദസറ 117.80 കോടി രൂപയുമായി പത്താം സ്ഥാനത്തുമാണ്.