‘ ഒരാളുടെ കഴിവിനെ അംഗീകരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി’;സോന നായര്‍
1 min read

‘ ഒരാളുടെ കഴിവിനെ അംഗീകരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി’;സോന നായര്‍

മലയാള ചലച്ചിത്ര, ടെലി-സീരിയല്‍ അഭിനേത്രിയാണ് സോന നായര്‍. തൂവല്‍ക്കൊട്ടാരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായ സോന, സിനിമാ അഭിനയത്തോടൊപ്പം തന്നെ ടെലി സീരിയലുകളിലും നിറ സാന്നിധ്യമാണ്. കുറേയേറെ സീരിയലുകളിലും സോന നായര്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സോനാ നായര്‍.

ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പമുള്ള അഭിനയത്തെ പറ്റി സോന പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിലെ അഭിമുഖത്തിനിടയിലാണ് രസകരമായ കാര്യങ്ങളെപ്പറ്റി സോന തുറന്നു പറഞ്ഞത്. സിനിമയെ അത്രത്തോളം ഇഷ്ടം ആയതുകൊണ്ട് തന്നെ പല സിനിമകളിലെ കഥാപാത്രങ്ങളും തന്റെ വീട്ടിലെ ആരെങ്കിലും ആയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും, അങ്ങനെയുള്ള ഒരാളാണ് മമ്മൂട്ടിയെന്നുമാണ് സോന തുറന്നു പറഞ്ഞത്.

മമ്മൂട്ടിയുടെ പഴയകാല പല ചിത്രങ്ങളും തനിക്ക് അത്രമാത്രം ഇഷ്ടമാണെന്നും സോന കൂട്ടിച്ചേര്‍ത്തു. അതുപോലെ മമ്മൂട്ടി സെറ്റിലേക്ക് വരുമ്പോള്‍ തന്നെ എല്ലാവരും നിശബ്ദരാകും. പെട്ടെന്നുള്ള ആ ഒരു നിശബ്ദത കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകും മമ്മൂക്ക സെറ്റിലേക്ക് വരുന്നതാണ് എന്ന്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലാണ് മമ്മൂക്കയ്‌ക്കൊപ്പം താന്‍ ആദ്യമായി അഭിനയിക്കുന്നത്. സോന പറയുന്നു.

 

അതുപോലെ, മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോള്‍ നന്നായി അഭിനയിച്ചാല്‍ അദ്ദേഹത്തിന്റെ മുഖഭാവം മാറുന്നത് പെട്ടെന്നാണ്. അദ്ദേഹം അപ്പോള്‍ തന്നെ നമ്മളോട് പറയും വളരെ നന്നായിട്ടുണ്ടെന്ന്. അങ്ങനെ പറയുന്ന, നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന വളരെ കുറച്ച് പേരെ മലയാള ചലച്ചിത്രരംഗത്ത് ഉള്ളുവെന്നും സോന നായര്‍ വ്യക്തമാക്കി. അദ്ദേഹം നമ്മുടെ കഴിവിനെ അംഗീകരിക്കുന്ന വ്യക്തിയാണെന്നും സോന കൂട്ടിച്ചേര്‍ത്തു.