”പല തവണ അബോർഷൻ ചെയ്തു, ഞാനെന്താ പൂച്ചയാണോ?”; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഭാവനയുടെ പ്രസ്താവന
മലയാള സിനിമാ ചരിത്രത്തിൽ ഒരു പ്രധാന സ്ഥാനം നടി ഭാവനയ്ക്ക് എക്കാലത്തും ഉണ്ടാകും. ഭാവന സ്വീകരിച്ച ശക്തമായ നിലപാട് തന്നെയാണ് അതിന് കാരണം. ഒരുപാടൊരുപാട് സംഭവ വികാസങ്ങൾക്ക് ശേഷം ഒരു നീണ്ട ഇടവേളയെടുത്ത് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. നടിയുടെ തിരിച്ചുവരവ് മലയാളികൾ ഒന്നടങ്കം ഇരുകൈകളും നീട്ടി സ്വീകരിച്ചു.
ഇപ്പോൾ ഭാവനയുടെ മറ്റൊരു മലയാള സിനിമ കൂടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. തിയേറ്ററിൽ എത്താൻ പോകുന്ന ‘നടികർ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖങ്ങളിലെ ഭാവനയുടെ നിലപാടുകളാണ് ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ഓടി നടന്ന് അബോർഷൻ നടത്തുന്നു എന്നതാണ് തന്നെ കുറിച്ച് കേട്ടിട്ടുള്ള ഏറ്റവും വലിയ അപവാദങ്ങളിലൊന്ന് എന്ന് തുറന്നു പറഞ്ഞ് ഭാവന പൊട്ടിച്ചിരിക്കുന്ന അഭിമുഖമാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്.
പൊതുവേ, സ്ത്രീകളെ മോശക്കാരിയായി ചിത്രീകരിക്കുവാൻ ഏറ്റവും അധികം ഉപയോഗിക്കുക അവരുടെ ലൈംഗിക ജീവിതം തന്നെയായിരിക്കും. ഇടയ്ക്കിടെ അബോഷൻ ചെയ്യുന്നവൾ എന്നത് അതിൽ പ്രധാനമാണ്. ഇത്തരത്തിൽ ഒരു അപവാദം താൻ കേട്ടിട്ടുണ്ടെന്ന് പറയാൻ ഭാവനയ്ക്ക് മടിയുണ്ടായില്ല. എനിക്കെതിരെ അപവാദ പ്രചരണം നടത്തിയാൽ ഒരു ചുക്കുമില്ല എന്ന് ഒരു സ്ത്രീ പൊതുവിടത്തിൽ വന്നിരുന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് ചെറിയ കാര്യമല്ല.
അതേസമയം മറുവശത്ത് ദിലീപ് വ്യാജ ഇരവാദം ഇറക്കുന്നു എന്നും അഭിപ്രായമുണ്ട്. ദിലീപ് തന്റെ സിനിമ കാണണേ എന്ന് കരഞ്ഞു വിളിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിക്കുന്നത്. നടികർ സിനിമയുടെ പ്രീ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ടൊവിനോ, ബാലു വർഗീസ്, ചന്തു കുമാർ തുടങ്ങിയവർ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.
2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് എത്തുന്നത്. അതിൽ ഭാവനയുടെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതോടെ ഭാവന മലയാളത്തിൽ സജീവമായി. തുടർന്ന് 2017 വരെ മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾക്ക് ഭാവന ജീവൻ നൽകി. തുടർന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഏറെ സജീവമായ താരം, കഴിഞ്ഞ വർഷമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
വിട്ടു നിൽക്കാനുള്ള തീരുമാനത്തിന് ശേഷം ആറ് വർഷം കഴിഞ്ഞുള്ള തിരിച്ചു വരവ് എന്തുകൊണ്ടും ഒരു വെല്ലുവിളി തന്നെയാണ്. ആ ഇടവേളയെയും അതിജീവിച്ച് മലയാളത്തിൽ ഇന്ന് മുൻനിരയിൽ തന്നെ നിൽക്കുകയാണ് ഭാവന. നടികർ റിലീസിന് പിന്നാലെ ഇനിയുമേറെ മലയാള ചിത്രങ്ങൾ ഭാവനയുടെതായി ഒരുങ്ങുന്നുണ്ട്.