‘ഇന്നെന്റെ മകള്‍ക്കു അറിയില്ല, അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആരാണെന്ന്..നാളെ അവളിത് അഭിമാനത്തോടെ കാണും’; കുറിപ്പ് വൈറല്‍
പതിറ്റാണ്ടുകളായി മലയാളസിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തോടൊപ്പം വളര്‍ന്നവരാണ് കഴിഞ്ഞ അരനൂറ്റാണ്ടിലെ കാണികള്‍. ഈ കാണികള്‍ക്കൊപ്പം വളരുകയായിരുന്നു മമ്മൂട്ടിയും. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. ഓരോ ഘട്ടത്തിലും മിനുക്കിയും ചിട്ടപ്പെടുത്തിയും മമ്മൂട്ടി ഗൃഹപാഠം ചെയ്ത പ്രതിഭയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഓരോ ചിത്രങ്ങളിലും കാണാന്‍ സാധിക്കുന്നത്. മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദ കോര്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ വളരെ അധികം ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്ന മമ്മൂട്ടിയുടെ ലൊക്കേഷന്‍ വീഡിയോയാണ് വൈറാലാകുന്നത്. ഇവ മിറിയം എന്ന കൊച്ചു മിടുക്കിയാണ് മമ്മൂക്കയ്‌ക്കൊപ്പം വീഡിയോയിലുള്ളത്.
അമ്മ സിന്‍സി അനിലിനൊപ്പം കാതല്‍ സിനിമ ലൊക്കേഷനിലെത്തിയപ്പോള്‍ പകര്‍ത്തിയ വീഡിയോ ആണിത്. തന്റെ മകള്‍ മമ്മൂട്ടിക്കൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന വിശേഷം സിന്‍സി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇവയ്ക്ക് ഒപ്പം മറ്റ് കുട്ടികളും ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ചോക്ലേറ്റ് നല്‍കിയാണ് മമ്മൂട്ടി കുഞ്ഞുങ്ങളെ യാത്രയാക്കിയത്. ‘ഇന്നെന്റെ മകള്‍ക്കു അറിയില്ല… അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും.നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയില്‍ ഒരു നിധി പോലെ സൂക്ഷിക്കും…ഈ വീഡിയോ പകര്‍ത്തുമ്പോള്‍ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി…’ എന്നായിരുന്നു വീഡിയോക്ക് ഒപ്പം സിന്‍സി കുറിച്ചത്.
https://fb.watch/gKRK8QXaly/
മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതല്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ജ്യോതികയാണ് നായികയായെത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിട്ടന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോബേബി ചെയ്യുന്ന സിനിമയാണ് കാതല്‍. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. തിരക്കഥ: ആദര്‍ഷ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്:ഷാജി നടുവില്‍.