”മോഹൻലാലിന്റെ ഹീറോ ഇമേജിന് ചേരുന്ന രീതിയിൽ കഥ മാറ്റി, സിനിമ പരാജയപ്പെട്ടു”: താൻ വിഷാദത്തിലായെന്ന് സിബി മലയിൽ
ദേവദൂതൻ എന്ന സിനിമയിൽ മോഹൻലാലിന് വേണ്ടി തന്റെ കഥ മാറ്റി എഴുതേണ്ടി വന്നുവെന്ന് സംവിധായകൻ സിബി മലയിൽ. ദേവദൂതൻ മികച്ച ചിത്രമാകേണ്ട സിനിമയായിരുന്നുവെന്നും സിനിമ പരാജയപ്പെട്ടതിന് പിന്നാലെ താൻ വിഷദത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
”ഞാൻ മനസിൽ ആദ്യമായി പ്ലാൻ ചെയ്ത ചിത്രം ‘മുത്താരംകുന്ന് പിഒ’ അല്ല. തുടക്കത്തിൽ അത് മറ്റൊരു കഥയായിരുന്നു, ഒടുവിൽ 17 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ ആയി ആ ചിത്രം യാഥാർഥ്യമായി. ഏഴ് വയസുള്ള ഒരു കുട്ടി അവന്റെ സ്വപ്നങ്ങളിലൂടെ സംഭവങ്ങളെ ഓർത്തെടുക്കുന്നതായിരുന്നു യഥാർഥ കഥ. നസീറുദ്ദീൻ ഷായെയും മാധവിയെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം പ്ലാൻ ചെയ്തിരുന്നത്. അതേ തിരക്കഥയിൽ ചെയ്തിരുന്നെങ്കിൽ ദേവദൂതൻ ഒരു മികച്ച ചിത്രമാകുമായിരുന്നു.
നിർമ്മാതാവ് സിയാദ് കോക്കർ ഒരു വ്യത്യസ്തമായ ചിത്രം ചെയ്യണമെന്ന് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോഴാണ് വർഷങ്ങൾക്ക് മുൻപ് ഞാൻ പ്ലാൻ ചെയ്ത ദേവദൂതന്റെ സ്ക്രിപ്റ്റിനെ കുറിച്ച് അദ്ദേഹവുമായി ആലോചിക്കുന്നത്. മോഹൻലാലിന് സബ്ജക്ടറ് ഇഷ്ടമായി. എന്നാൽ ഞാൻ അദ്ദേഹത്തെ ആ കഥാപാത്രം ഏൽപ്പിക്കുന്നതിൽ മടിച്ചിരുന്നു. കാരണം ആ കഥാപാത്രം അദ്ദേഹത്തിന് ഒട്ടും യോജിക്കുമെന്ന് എനിക്ക് തോന്നിയില്ല. ചിത്രത്തിൽ മോഹൻലാലിന്റെ ഇമേജിന് വേണ്ടി കഥാപാത്രങ്ങളിൽ ചില മാറ്റങ്ങൾ വരുത്താൻ അദ്ദേഹം നിർദേശിച്ചു. നിർമാതാവിന്റെ ഭാഗത്ത് നിന്നും സമ്മർദ്ദമുണ്ടായിരുന്നു.
തുടർന്ന് കഥയിലെ സുപ്രധാന ഭാഗങ്ങൾ മാറ്റിയെഴുതേണ്ടി വന്നു. തിരക്കഥയിൽ തമാശകൾ തിരുകിക്കയറ്റി. കൂടാതെ അദ്ദേഹത്തിന്റെ ഹിറോ ഇമേജിന് ചേരുന്ന രീതിയിൽ കഥാപാത്രത്തെ കോളജിലെ മുൻ വിദ്യാർഥിയാക്കി. കഥാകൃത്ത് രഘുനാഥ് പാലേരിയും ഞാനും ഈ മാറ്റത്തിൽ ഒട്ടും തൃപ്തരായിരുന്നില്ല. ചിത്രത്തിന്റെ പരാജയം നിർമാതാവിനെയും തന്നെയും ബാധിച്ചിരുന്നുവെന്നും താൻ വിഷാദത്തിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ ഇന്ന് ആ സിനിമ ഏറ്റെടുക്കുന്നത് കാണുമ്പോൾ വിരോധാഭാസമായി തോന്നുന്നു. ഇന്ന് ജനങ്ങൾ ചിത്രം ആസ്വദിക്കുന്നു എന്നത് അന്നത്തെ നഷ്ടത്തിന് പകരമാവില്ലല്ലോ”- അദ്ദേഹം വ്യക്തമാക്കി.