‘എമ്പുരാൻ’ ആരംഭിക്കാൻ പോകുന്നു ; 2023 മോഹൻലാൽ വർഷം ; മുരളി ഗോപിയുമായി ചർച്ച ഉടൻ എന്ന് പൃഥ്വിരാജ്
സിനിമ ആസ്വാദകർ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി 2019 – ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാന്. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിൻ്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരാണ്. എമ്പുരാൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംങ്ങ് 2023 -ല്‍ തുടങ്ങുമെന്നും, ചിത്രത്തിൻ്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുരളി ഗോപിയുമായി വീണ്ടും സംസാരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.
താൻ ഇനി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം എമ്പുരാനാണെന്നും, 2023 – ൻ്റെ തുടക്കത്തില്‍ എമ്പുരാൻ്റെ ചിത്രീകരണം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നതായും, ആടുജീവിതത്തിൻ്റെ അള്‍ജീരിയയിലുള്ള ഷൂട്ടിന് ശേഷം ജോര്‍ദാനിലേയ്ക്ക് പോകുമെന്നും പൃഥിരാജ് പറഞ്ഞു. അവിടേയ്ക്ക് തനിയ്ക്കൊപ്പം മുരളിയും വരും. അവിടെ ഇരുന്നുകൊണ്ട് എമ്പുരാൻ്റെ ഫസ്റ്റ് ഡ്രാഫ്റ്റ് വായിച്ച് കഴിഞ്ഞാല്‍ എൻ്റെ മനസ്സില്‍ ഒരു പ്ലാനുണ്ടാക്കി നാട്ടില്‍ തിരിച്ച് വരുമ്പോള്‍ അതിൻ്റെ കാര്യങ്ങള്‍ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. പ്രേക്ഷകരെ പോലെ തന്നെ താനും വളരെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കി കാണുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
എന്നാൽ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ മുഖ്യകഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘ജന ഗണ മന’ ഇന്നാണ് റിലീസ് ചെയ്തത്. നിലവിലെ സമകാലില രാഷ്ട്രീയ സാഹചര്യങ്ങൾക്ക് നേരേ വിരൽ ചൂണ്ടുന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണം ലഭിച്ചത് ഏറെ ശ്രദ്ധ നേടിയ സാഹചര്യത്തിൽ ചിത്രം മികച്ച വിജയം നേടാനാണ് സാധ്യത. മാജിക് ഫ്രെയിംസിൻ്റെ ബാനറില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മംമ്ത മോഹന്‍ദാസ്, ധ്രുവന്, വിന്‍സി അലോഷ്യസ്, ശാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.