“പടം കണ്ടപ്പോൾ മനസ്സിലായി ആൾക്കാരുടെ ഉള്ളിലുള്ള, നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആഴം എന്താണെന്ന്”… അമൽ നീരദിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ പറയുന്നു
ഷൈൻ ടോം ചാക്കോയെ നായകനാക്കി അച്ചു വിജയൻ സംവിധാനം ചെയ്ത ‘വിചിത്രം’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് ക്ലീൻ യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. നിഖിൽ രവീന്ദ്രൻ തിരക്കഥയെഴുതിയ ചിത്രത്തിൽ ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കെതഗി നാരായൺ തുടങ്ങിയവരും അണിനിരക്കുന്നു. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകത കൊണ്ടും വിചിത്രം ശ്രദ്ധേയമായൊരു ചിത്രമാണ്. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ റെഡ് കാർപെറ്റ് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ അമൽ നീരദിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“അമൽ നീരദിനെക്കുറിച്ച് പറയുമ്പോൾ ബോംബെ എന്ന് ഓർമ്മ വരും. അമൽ ബോംബെയിൽ ക്യാമറാമാൻ ആയിരുന്നു. ആഷിഖാണ് പറഞ്ഞത് ബോംബെയിൽ നിന്ന് ഒരു ടീം വരുന്നുണ്ടെന്ന് കഥ പറയാൻ. അമലും സമീറും (സമീർ താഹിർ) ആയിരുന്നു അത്. ഞങ്ങൾ അന്ന് കമൽ സാറിന്റെ അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്യുകയാണ്. കറുത്ത പക്ഷിയുടെ ലൊക്കേഷനിൽ അമലും സമീറും വന്നു. അമലിനെ കാണിച്ചിട്ട്, ‘ഇത് അമൽ, ബോംബെയിൽ ക്യാമറാമാനാണ്, രാംഗോപാൽ വർമ്മയുടെ കമ്പനിയിൽ’ എന്നൊക്കെ പറഞ്ഞു. ഞാൻ വിചാരിച്ചത് ഏതോ കമ്പനിയുടെ ക്യാമറാമാൻ ആണെന്നാണ്. അന്ന് എനിക്ക് ഇവരെയോന്നും അറിയില്ല. ഹിന്ദി പടം ഒന്നും കാണാറില്ല മലയാളവും തമിഴും മാത്രമാണ് കണ്ടിരുന്നത്.
അന്ന് ബോംബെ എന്നൊക്കെ പറഞ്ഞപ്പോൾ ആലോചിച്ചു നമ്മളൊക്കെ ഇത്രകാലം ഈ ഫീൽഡിൽ ഇരുന്നിട്ട് ഒന്നും നടന്നിട്ടില്ല, ഇവനൊക്കെ ബോംബെയിൽ നിന്ന് വന്നിട്ട് മമ്മൂക്കയെ വെച്ച് എന്ത് ചെയ്യാനാണ്. മമ്മൂക്ക ഇവർക്കൊക്കെ ഡേറ്റ് കൊടുക്കുമോ. എന്നൊക്കെ ആലോചിച്ചിരുന്നു. പടം കണ്ടപ്പോൾ മനസ്സിലായി ആൾക്കാരുടെ ഉള്ളിലുള്ള, നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആഴം എന്താണെന്ന്”. ഷൈൻ ടോം ചാക്കോ പറയുന്നു. വിചിത്രം എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അർജുൻ ബാലകൃഷ്ണനാണ്. അച്ചു വിജയന് തന്നെയാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര് അരവിന്ദന് ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.