“മോഹൻലാലിനെ ഒരു തമ്പ്രാനും വളർത്തിയതല്ല”; അടൂരിനെതിരെ മാസ്സ് മറുപടിയുമായി ശാന്തിവിള ദിനേശ്
മോഹൻലാൽ നല്ല റൗഡി മേജർ ഉള്ള ആളാണെന്ന അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ അടുത്തിടെ വലിയ വിവാദമായി മാറിയിരുന്നു. പല കോണിൽ നിന്നും അടൂരിന്റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ അടൂരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. പ്രായക്കൂടുതൽ മൂലം അടൂരിന് വിവരക്കേട് സംഭവിച്ചതാണോ എന്നാണ് ശാന്തിവിള ചോദിച്ചിരിക്കുന്നത്. ശാന്തിവള ദിനേശന്റെ വാക്കുകൾ ഇങ്ങനെ: “ആയിരം പൂർണചന്ദ്രന്മാരെ ഒക്കെ കാണുന്ന പ്രായമാണല്ലോ. അതുകൊണ്ടുതന്നെ ഞാൻ എന്തു പറയണം പറഞ്ഞുകൂടാ എന്റെ പൊസിഷൻ എന്താണ് എന്നെ മലയാളികളിൽ എങ്ങനെ വിലയിരുത്തും എന്നൊന്നും അദ്ദേഹം ബോധവാനല്ല.
എന്തും പറയുന്ന അവസ്ഥയിലേക്ക് അടൂർ ഗോപാലകൃഷ്ണൻ എന്ന വ്യക്തി തരം താണു കഴിഞ്ഞു. വെറുതെ ഒരു വിവാദം ഉണ്ടാക്കാൻ മോഹൻലാലിനെ കമൻറ് അടിച്ചു. മോഹൻലാലിനെ ഇട്ട് ഒന്ന് തോണ്ടാനാണ് അടൂർ ഗോപാലകൃഷ്ണൻ സാർ ഇറങ്ങിയിരിക്കുന്നത്. അതുകൊണ്ടാണ് മോഹൻലാലിനെ വെച്ച് ഞാൻ ഒരു സിനിമ ചെയ്തിട്ടില്ല ചെയ്യില്ല എന്ന് അദ്ദേഹം പറഞ്ഞത്. പതിനഞ്ചോ പതിനാറോ പടമാണ് അദ്ദേഹം ചെയ്തത്. അതിനിടയിൽ മോഹൻലാലിനെ വെച്ച് സിനിമ ചെയ്തില്ലെങ്കിൽ ലാലിൻറെ റേഷൻ കാർഡ് കട്ട് ആകും. ആധാറും. നല്ലവനായ ഗുണ്ട എന്നാണ് പറയുന്നത്. ഞാൻ ഇൻറർവ്യൂ കണ്ടപ്പോൾ ആലോചിച്ചത്, ഈ മനുഷ്യന് ഇതെന്തുപറ്റി എന്നാണ്. വയസ്സാകുമ്പോൾ ഓർമപ്പിശക് വരാം. പക്ഷേ വിവരക്കേട് വരാമോ.
എത്ര ബഹുമാനത്തോടെ മലയാളികൾ കണ്ടിരുന്ന മനുഷ്യനാണ്. അദ്ദേഹം ഒരു ആവശ്യമില്ലാതെ മോഹൻലാലിനെ ഗുണ്ട എന്നൊക്കെ വിളിക്കുന്നു. ചന്തക്കുരങ്ങന്മാരെ പോലെ പരസ്പരം ബോറടിക്കുന്നവരാണ് ആർട്ട് സിനിമക്കാർ. അടൂരിന്റെ പടത്തിൽ മോന്ത കാണിച്ചാൽ സർവ്വജ്ഞപീഠം കയറി എന്ന് കരുതുന്ന ചിലരുണ്ട് തിരുവനന്തപുരത്ത്. അവരുടെ വിചാരം അടൂരിന്റെ പടത്തിൽ എത്തിനോക്കുന്ന ക്ലോസപ്പ് കിട്ടിയാൽ ഓസ്കാർ കിട്ടിയതിന് തുല്യമാണ് എന്നാണ്. പറയുന്ന ന്യായമാകട്ടെ വിചിത്രവും. അടൂരിന്റെ സിനിമയിൽ മുഖം കാട്ടിയാൽ ലോകത്തെ എല്ലാ ഫെസ്റ്റിവലിലും ആ ചിത്രം പ്രദർശിപ്പിക്കും. തുടർന്ന് നമ്മൾ പ്രശസ്തരാകും എന്നാണ്. ഞാൻ ഒന്ന് ചോദിച്ചോട്ടെ? തിരുവനന്തപുരത്തുള്ള പാക്കരൻ അടൂരിന്റെ പടത്തിൽ എത്തിനോക്കി കാൻ ഫിലിം ഫെസ്റ്റിവലിൽ കാണിച്ചാൽ ആർക്കെങ്കിലും അറിയുമോ അത് പാക്കരൻ ആണെന്ന്.
മണ്ടന്മാരല്ലേ 10 പൈസ കൊടുക്കുകയും ഇല്ല. എനിക്കിഷ്ടപ്പെട്ട ഒരു സിനിമ പോലും ഉണ്ടായിട്ടില്ല എന്ന് അടൂർ പറഞ്ഞെന്ന് മേജർ രവി പറഞ്ഞിട്ടുണ്ട്. നിങ്ങൾ ചാരുകസേരയും വെറ്റില ചെല്ലവും വെച്ച് സായിപ്പന്മാരെ പറ്റിച്ചു ജീവിച്ചോളൂ. ഞങ്ങൾ പാവം. മോഹൻലാലിനെ അടൂർ അടക്കം ഒരു സിനിമ തമ്പ്രാക്കന്മാരും വളർത്തിയതല്ല. ഒരാളുടെയും പരിഗണനയും പരിലാളനെയും കിട്ടാതെയാണ് ലാൽ എന്ന നടൻ കോമഡിയും വില്ലൻ വേഷങ്ങളും ഒക്കെ ചെയ്ത് ഉപ നായകനും നായകനുമായി മാറിയത്. അത് മോഹൻലാലിൻറെ കയ്യിൽ അത്രയും കരുത്തുള്ളതുകൊണ്ടാണ്. മമ്മൂട്ടിക്ക് പോലും എംടിയുടെ പിൻബലം കിട്ടി”.