ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കാപ്പ’ ; ബിഹൈന്‍ഡ് ദ് സീന്‍സ് പുറത്തുവിട്ടു
2022-ന്റെ അവസാനത്തിലാണ് തീയ്യേറ്ററുകളിലേക്ക് എത്തിയതെങ്കിലും മികച്ച പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കാപ്പ. ഡിസംബര്‍ 22-നാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥിരാജ് ചിത്രം കാപ്പ റിലീസ് ചെയ്തത്. ഒരിടവേളയ്ക്കു ശേഷം പൃഥ്വിരാജ് നായകനായ കടുവയിലൂടെ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. പൃഥ്വിക്കൊപ്പം വീണ്ടുമൊന്നിക്കുന്നു എന്നതായിരുന്നു കാപ്പ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പ്രതീക്ഷകള്‍ക്ക് ഒരു കാരണം. 11 ദിവസത്തെ കാപ്പയുടെ കേരളത്തിലെ ഗ്രോസ് കളക്ഷന്‍ 11.05 കോടിയാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ 16 കോടിയാണ് ചിത്രത്തിന് ലഭിച്ചത്.
കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമാണ് കാപ്പ. ഷാജി കൈലാസിന്റെ വ്യത്യസ്തമായ മേക്കിങ്ങ് ആണ് കാപ്പയിലൂടെ കാണാന്‍ സാധിച്ചതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഗുണ്ടകളുടെയും ക്വട്ടേഷന്‍ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ്. ജി ആര് ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളാണ്. തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അന്ന ബെന്‍, ദിലീഷ് പോത്തന്, ജഗദീഷ്, നന്ദു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സരിഗമയും തിയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. ജോമോന് ടി ജോണ്‍ ആണ് ഛായാഗ്രഹണംനിര്വഹിച്ചത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജു ജെ, അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകരന്, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റില്‍സ് ഹരി തിരുമല, പി ആര് ഒ ശബരി.