‘മോഹന്‍ലാലിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന അതേ എനര്‍ജിയാണ് പൃഥ്വിരാജിനും’ ഷാജി കൈലാസ് പറയുന്നു
മലയാള സിനിമയുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഷാജി കൈലാസ്. നീണ്ട ഇടവേളയ്ക്ക് ശേഷം ‘കടുവ’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയ അദ്ദേഹം ശേഷം കാപ്പ എന്ന ചിത്രവും സംവിധാനം ചെയ്തു. കടുവ സംവിധാനം ചെയ്യാനുണ്ടായ കാരണം നടന് പൃഥ്വിരാജാണെന്ന് പറയുകയാണ് ഷാജി കൈലാസ്. ചേട്ടന് ഇത് ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ നിര്‍മ്മിക്കാമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അങ്ങനെയായാണ് താന്‍ കടുവയിലേക്ക് എത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന തിരിച്ചുവരവായിരുന്നു കടുവയിലൂടെ സംഭവിച്ചത്. കാപ്പയിലും, കടുവയിലും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് ആയിരുന്നു. പൃഥ്വിരാജിനെ വെച്ച് സിനിമ ചെയ്തപ്പോള്‍ തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ് സംവിധായകന് ഷാജി കൈലാസ്.
ഷാജി കൈലാസിന്റെ വാക്കുകള്‍ ഇങ്ങനെ..
’20വര്‍ഷം മുമ്പ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്ത ഫീലാണ് പൃഥ്വിരാജിനെ വെച്ച് സിനിമ ചെയ്തപ്പോള്‍ തനിക്കുണ്ടായതെന്നാണ് ഷാജി കൈലാസ് പറയുന്നത്. പൃഥ്വിരാജിനെപ്പോലെ എനര്‍ജറ്റിക്കായ ഹീറോയെ കിട്ടിയതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും കടുവയ്ക്ക് ശേഷം, കാപ്പ പൃഥ്വിരാജിനൊപ്പം ചെയ്യാന്‍ ആദ്യം പ്ലാന്‍ ചെയ്തിട്ടില്ലായിരുന്നുവെന്നും അത് പിന്നീട് സംഭവിച്ചതാണെന്നും ഷാജി കൈലാസ് വ്യക്തമാക്കി.
ഒരിക്കലും പ്ലാന്‍ ചെയ്ത സിനിമയല്ല കാപ്പ. അത് ഓട്ടോമാറ്റിക് ആയി സംഭവിച്ചതാണ്. പെട്ടെന്ന് രാജുവിനെ വെച്ച് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് തിരിച്ച് ഒന്നും പറയാന്‍ പറ്റിയില്ല. അതിപ്പോള്‍ മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ പറഞ്ഞാലും ഞാന്‍ ചെയ്യും. പെട്ടെന്ന് എനിക്ക് സിനിമ ചെയ്യണമെന്ന് വിചാരിച്ചിട്ടല്ല ഞാന്‍ ഇരിക്കുന്നത്. ദൈവം എനിക്ക് നല്ല സബ്ജക്ടുകള്‍ തരും എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. വന്ന് നോക്കുമ്പോള്‍ അത് രാജുവിന്റെ സിനിമയായി. കടുവക്ക് ശേഷം മറ്റൊന്ന് ചെയ്തതിന് ശേഷമാണ് രാജുവിനെ വെച്ച് ചെയ്യുന്നതെങ്കില്‍ ഈ ചോദ്യം ഒഴിവാക്കാമായിരുന്നു.
രാജുവിനെ എനിക്ക് കിട്ടിയതില്‍ ഭയങ്കര സന്തോഷമുണ്ട്. വളരെ യങ്ങായ, എനര്‍ജറ്റിക്കായ ഒരു ഹീറോയെ കിട്ടിയതില്‍ ഞാന്‍ ഹാപ്പിയാണ്. 20 വര്‍ഷം മുമ്പ് മോഹന്‍ലാലിനെ വെച്ച് ചെയ്ത ഫീലാണ് എനിക്ക് ഇപ്പോള്‍ രാജുവിനെ വെച്ച് ചെയ്തപ്പോള്‍ കിട്ടിയത് അദ്ദേഹം പറഞ്ഞു. അതായത് മോഹന്‍ലാലിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് ഒരു എനര്‍ജി കിട്ടില്ലെ, അതേ എനര്‍ജിയാണ് രാജുവില്‍ നിന്നും രണ്ട് സിനിമ ചെയ്തപ്പോഴും കിട്ടിയത്’. ഷാജി കൈലാസ് പറഞ്ഞു.
അതേസമയം, ആക്ഷന്‍ സിനിമകള്‍ ചെയ്ത് മലയാളികളുടെ ഇഷ്ട സംവിധായകനായി മാറിയ ഒരാളാണ് ഷാജി കൈലാസ്. 1990-ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ‘ന്യൂസ്’ എന്ന സിനിമയാണ് ആദ്യമായി അദ്ദേഹം സംവിധാനം ചെയ്ത ചിത്രം. കമ്മീഷണര്‍, ഏകലവ്യന്, നരസിംഹം, ആറാം തമ്പുരാന്, എഫ് ഐ ആര് എന്നീ സുപ്പര്‍ ഹിറ്റ് ചിത്രങ്ങളും ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പിറന്നതാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം നിര്‍മ്മിച്ച സിനിമകള്‍ വന്‍ വിജയമായിരുന്നു. ദി കിംഗ്, വല്യേട്ടന്, ആറാം തമ്പുരാന് എന്നിവ ഇതിനുദാഹരണങ്ങളാണ്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. പൃഥ്വിരാജ് ആയിരുന്നു നായകന്. പിന്നീട് പൃഥ്വിരാജിനെ തന്നെ കേന്ദ്ര കഥാപാത്രമാക്കി കാപ്പ എന്ന ചിത്രവും ചെയ്തു. രണ്ടു സിനിമയ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.