“പരീക്ഷണം പോലെ എടുത്ത ചിത്രം; മോഹൻലാൽ ഇനിയൊരിക്കലും ഇങ്ങനെയൊരു ചിത്രം ചെയ്യാൻ ഇടയില്ല”: ഷാജി കൈലാസ്
നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത് മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയായ സംവിധായകനാണ് ഷാജി കൈലാസ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ മുൻനിര താരങ്ങളെ അണിനിരത്തി ഷാജി കൈലാസ് പുറത്തിറക്കിയ ചിത്രങ്ങളൊക്കെ തീയറ്ററുകളിൽ വിജയം ആയിരുന്നു. നരസിംഹം, വല്യേട്ടൻ എന്നിവ അക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. 12 വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് എലോൺ. വളരെയധികം പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രം തീയറ്ററുകളിൽ വൻ പരാജയം ആയിരുന്നു നേരിട്ടത്. നിരവധി വിമർശനങ്ങളും സിനിമയെക്കുറിച്ച് ഉയർന്ന് വന്നിരുന്നു.
വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ഷാജി കൈലാസ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. മോഹൻലാലിനെ അടുത്തകാലത്തായി കുറച്ചുപേർ ടാർഗറ്റ് ചെയ്യുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയില്ലെന്ന് ആയിരുന്നു ഷാജി കൈലാസ് വ്യക്തമാക്കിയത്. “അടുത്തായി മോഹൻലാലിനെ ടാർഗറ്റ് ചെയ്യുന്നതായി കാണുന്നു. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നം ഉണ്ടാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇതെല്ലാം അദ്ദേഹത്തെ സ്നേഹിക്കുന്നവരെയും വിഷമിപ്പിക്കുന്നു. പ്രത്യേക മാനസികാവസ്ഥയിലുള്ളവരാണ് ഇതിന് പിന്നിൽ. അതിൽ അവർ സന്തോഷം കണ്ടെത്തുന്നു. എന്നാൽ അദ്ദേഹത്തെ സ്നേഹിക്കുന്ന ബാക്കിയുള്ളവരാണ് ഇതിൽ വിഷമിക്കുന്നത്.
പണ്ട് പല മാസികകളിലും പടം മോശമാണെന്ന് പറഞ്ഞ് എഴുതുമായിരുന്നു. എന്നാൽ ഇന്നത് ഓരോ ദിവസവും നടക്കുന്ന പ്രക്രിയയായി മാറിയിരിക്കുന്നു. ഇതിൽ നമുക്കൊന്നും പറയാൻ കഴിയില്ല. എന്തെങ്കിലും പറഞ്ഞാൽ അഭിപ്രായസ്വാതന്ത്ര്യത്തിൽ കൈ കടത്തി എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കും. എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ട്. വിമർശിച്ചോട്ടെ. പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയുടെ പിറകിൽ ജീവിക്കുന്ന കുടുംബങ്ങളെയാണ്. സിനിമയെ ഈസിയായി വിമർശിക്കാം. എല്ലാ വിമർശനങ്ങളും ടാർഗറ്റ് ആയിട്ടാണ് എന്ന് അദ്ദേഹം പറഞ്ഞു. 2023 ജനുവരി 26നാണ് ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ആദ്യം ഒടിടി റിലീസായിരുന്നു തീരുമാനിച്ചിരുന്നത് എന്നും എന്നാൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂന്റെ നിർബന്ധം കൊണ്ടാണ് അത് തിയറ്ററിൽ ഇറക്കിയത് എന്ന് ഷാജി കൈലാസ് പറയുകയുണ്ടായി.
ഇപ്പോൾ ചിത്രത്തെപ്പറ്റിയും മോഹൻലാലിനെ പറ്റിയുമുള്ള ഷാജി കൈലാസിന്റെ മറ്റൊരു അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തിയേറ്ററിൽ ഇറക്കുന്നത് റിസ്ക്കാണെന്ന് പറഞ്ഞിരുന്നെങ്കിലും ലാൽസാർ മുമ്പ് ചെയ്തിട്ടില്ലാത്ത കഥാപാത്രമാണെന്നും അതിനാൽ ഉറപ്പായും തീയറ്ററിൽ ഇറക്കണം എന്നും ആൻറണി പെരുമ്പാവൂർ ആയിരുന്നു പറഞ്ഞത്. കോവിഡ് കാലത്ത് ആണ് എലോൺ എന്ന ചിത്രം എടുക്കുന്നത്. എല്ലാ മേഖലയിൽ നിന്നും പ്രശ്നമുണ്ടായിരുന്നു. സിനിമയിൽ എല്ലാവരും പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ലാലേട്ടൻ ഒരുക്കി തന്ന ഒരു വഴിയായിരുന്നു ഈ ചിത്രം. അടച്ചിട്ട സ്ഥലത്ത് കുറച്ചുപേർ മാത്രമുള്ള ക്രൂവിനെ വെച്ച് ഒരു സിനിമ.
എന്നും ആർ ടി പി സി ആർ എടുത്തിരുന്നു. മോഹൻലാൽ മാത്രമാണ് അവിടെ മാസ്ക് വെക്കാത്തത്. പുറത്തുനിന്നും ഒരാളെ പോലും അകത്ത് കയറ്റിയിരുന്നില്ല. ആ സമയത്ത് ഇൻഡസ്ട്രിയിലെ ഒത്തിരി പേർക്ക് നന്മ ഉണ്ടാകണമെന്ന് കരുതി എടുത്ത ചിത്രമാണ് ഇത്. ശരിക്കും പറഞ്ഞാൽ ഓ ടി ടി ക്ക് മാത്രമായി എടുത്ത ചിത്രം. ആന്റണിയുടെ നിർബന്ധത്തിൽ തിയറ്ററിലേക്ക് എത്തിക്കുകയായിരുന്നു. ഇതുപോലൊരു കാര്യം ലാൽ സർ ചെയ്തിട്ടില്ലെന്നും ഇനി ചെയ്യാൻ സാധ്യതയില്ലെന്നും അതുകൊണ്ട് ഉറപ്പായും തീയറ്ററിൽ കാണിക്കണമെന്ന് ആയിരുന്നു ആൻറണി പറഞ്ഞത്.റിസ്ക്ക് ആണെന്ന് ഞാൻ പറഞ്ഞിരുന്നെങ്കിലും അത് കുഴപ്പമില്ല ചേട്ടാ പരീക്ഷണചിത്രം അല്ലേ വിമർശിക്കപ്പെടുകയോ നന്നാവുകയോ ചെയ്യാം. പക്ഷേ ശ്രമത്തിനുള്ള അംഗീകാരം കിട്ടിയാൽ സന്തോഷമല്ലേ എന്നാണ് അന്ന് ആൻറണി പറഞ്ഞത്.