ഇന്ത്യന്‍ ബോക്‌സ്ഓഫീസിനെ കീഴടക്കി ഷാരൂഖിന്റെ ‘ജവാന്‍’ : വീണത് കെജിഎഫ് 2
1 min read

ഇന്ത്യന്‍ ബോക്‌സ്ഓഫീസിനെ കീഴടക്കി ഷാരൂഖിന്റെ ‘ജവാന്‍’ : വീണത് കെജിഎഫ് 2

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് വിലപിടിപ്പുള്ള സംവിധായകനായി മാറിയിരിക്കുകയാണ് അറ്റ്‌ലി. കോളിവുഡിലെ വിജയത്തിന് ശേഷം ബോളിവുഡിലേക്കും കടന്ന അറ്റ്‌ലി ബി ടൗണിലെ പ്രമുഖര്‍ക്കിടയില്‍ സംസാര വിഷയമായിട്ടുണ്ട്. ബോളിവുഡ് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തവെയാണ് തമിഴ് സിനിമാ രംഗത്ത് നിന്നും വന്ന അറ്റ്‌ലി ഷാരൂഖിനെ വെച്ച് ജവാന്‍ എന്ന സിനിമ ചെയ്ത് വന്‍ ഹിറ്റടിച്ചിരിക്കുന്നത്. റിലീസായി രണ്ടാഴ്ച തികയും മുന്‍പേ ഇന്ത്യന്‍ ബോക്‌സോഫീസില്‍ 500 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയില്‍ ജവാനും ഇടം പിടിച്ചു. സിനിമ ചൊവ്വാഴ്ച 14 കോടിയാണ് കളക്ഷന്‍ നേടിയത് എന്നാണ് സാക്‌നില്‍ക്ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഇറങ്ങി 13 ദിവസത്തിനുള്ളില്‍ 507.88 കോടിയാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും ജവാന്‍ നേടിയത്.

സെപ്റ്റംബര്‍ 7നാണ് ജവാന്‍ റിലീസായത്. ആദ്യദിനം തന്നെ ഇന്ത്യയില്‍ 75 കോടി നേടിയ ജവാന്‍, ആദ്യ ഞായറാഴ്ച്ച 80 കോടിയാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ നേടിയത്. ആദ്യ ആഴ്ചയില്‍ ആഭ്യന്തര ബോക്‌സോഫീസില്‍ 389 കോടി നേടിയ ചിത്രം രണ്ടാം ആഴ്ച പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ 500 കോടി കടന്നിരിക്കുകയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. പഠാന്‍, ബാഹുബലി: ദി കണ്‍ക്ലൂഷന്‍, ഗദര്‍ 2 എന്നിവയ്ക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന നാലാമത്തെ ഹിന്ദി ചിത്രമാണ് ഇപ്പോള്‍ ജവാന്‍. അതിനിടെ ജവാന്‍ കെജിഎഫ് ചാപ്റ്റര്‍ 2 ന്റെ ഹിന്ദി കളക്ഷനെ മറികടന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍, ജവാന്‍ 883 കോടി ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി അറിയിക്കുന്നത്.

പഠാന്‍ എടുത്തതിനേക്കാള്‍ ചുരുങ്ങിയ സമയം കൊണ്ട് ജവാന്‍ 1000 കോടിയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കെജിഎഫ് 2, ആര്‍ആര്‍ആര്‍ എന്നിവയെ മറികടക്കാനാവുമോ എന്ന സംശയം അവശേഷിക്കുന്നു. പഠാന് ശേഷമുള്ള ഏറ്റവും വലിയ വിജയം എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ് പഠാന്‍. ബോളിവുഡിനെ സംബന്ധിച്ച് കൊവിഡ്കാല തകര്‍ച്ചയ്ക്ക് ശേഷം ഒരു ചിത്രം ആദ്യമായായിരുന്നു ഈ നേട്ടം സ്വന്തമാക്കുന്നത്.

അറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു. ജവാന്റെ വിജയത്തിന് ശേഷം അറ്റ്‌ലി ചിത്രത്തില്‍ നായകനാകാന്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ താല്‍പര്യപ്പെടുന്നുണ്ട്. അറ്റ്‌ലിയുടെ വരും സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ജവാന്‍ ആഘോഷിക്കപ്പെടുന്നതിനൊപ്പം ചില വിമര്‍ശനങ്ങളും വരുന്നുണ്ട്. ജവാനിലെ രം?ഗങ്ങള്‍ക്ക് അറ്റ്‌ലിയുടെ തന്നെ ചില സിനിമകളുമായി സാമ്യമുണ്ടെന്നാണ് ആക്ഷേപം. ഇതേക്കുറിച്ച് സംവിധായകന്‍ പ്രതികരിച്ചിട്ടില്ല. നേരത്തെയും സമാന വിമര്‍ശനം അറ്റ്‌ലിയുടെ സിനിമകള്‍ക്ക് നേരെ വന്നിട്ടുണ്ട്. അറ്റ്‌ലിയുടെ അടുത്ത ചിത്രത്തില്‍ വരുണ്‍ ധവാനും കീര്‍ത്തി സുരേഷുമാണ് പ്രധാന വേഷം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.