ഇതുവരെ വിറ്റത് 10 ലക്ഷത്തോളം ടിക്കറ്റുകള്‍ ; പുതിയ റെക്കോഡിലേക്ക് ഉയരാന്‍ ഷാരൂഖാന്റെ പഠാന്‍
1 min read

ഇതുവരെ വിറ്റത് 10 ലക്ഷത്തോളം ടിക്കറ്റുകള്‍ ; പുതിയ റെക്കോഡിലേക്ക് ഉയരാന്‍ ഷാരൂഖാന്റെ പഠാന്‍

4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമായ പഠാന്‍ ഈ വരുന്ന 25 ആം തീയതിയാണ് തീയറ്ററുകളിലെത്തുന്നത്. പ്രഖ്യാപനസമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ഇത്. പഠാന്റേതായി പുറത്തുവന്ന പ്രമോഷണല്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ഗാനത്തിന്റെ പേരില്‍ വിവാദങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും എസ്ആര്‍കെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും പഠാനെ ബാധിച്ചില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദീപികാ പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ദാര്‍ദ്ധ് ആനന്ദാണ്. ചിത്രത്തിന്റെ പ്രീ ബുക്കിങ്ങ് ഈ 20 ആം തീയതി മുതലാണ് രാജ്യമെമ്പാടും ആരംഭിച്ചത്.

അഡ്വാന്‍സ് ബുക്കിംഗില്‍ ഇതുവരെയുള്ള റെക്കോഡുകള്‍ തകര്‍ക്കുന്ന പ്രതികരണമാണ പഠാന് ലഭിക്കുന്നത് എന്നാണ് വിവരം. ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ഇതുവരെ 20 കോടി കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കൊവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസുകളില്‍ രണ്‍ബീര്‍ കപൂറിന്റെ ബ്രഹ്മാസ്ത്ര സൃഷ്ടിച്ച റെക്കോഡ് പഠാന്‍ മറികടന്നുവെന്നും 19.66 കോടിയാണ് ബ്രഹ്മാസ്ത്ര അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരുന്നതെന്നുമാണെന്നും ഉത്തരേന്ത്യയെക്കാള്‍ പഠാന്റെ അഡ്വാന്‍സ് ബുക്കിംഗിന് കൂടുതല്‍ പ്രതികരണം ദക്ഷിണേന്ത്യയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്നലെ മാത്രം 3,00,500 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ 1.70 കോടിയോളം രൂപ ചിത്രം നേടിയിരുന്നു. ഇതുവരെ 10 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി.

പഠാന്‍ ഈ കടമ്പ കടന്ന് കെജിഎഫ് 2 നെ പ്രീ ബുക്കിങ്ങിന്റെ കാര്യത്തില്‍ പിന്നിലാക്കിയാല്‍ ബോളിവുഡിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അഭിമാനകരമായ മുഹൂര്‍ത്തം ആയിരിക്കും അത്. രാവിലെ 6 മണിക്ക് റിലീസ് ചെയ്യുന്ന ആദ്യ ഷാരൂഖ് ഖാന്റെ ചിത്രമായിരിക്കും പഠാന്‍ എന്ന പ്രത്യേകതയുമുണ്ട്. തമിഴിലും തെലുങ്കിലും അടക്കം ദക്ഷിണേന്ത്യന്‍ സിനിമകളിലാണ് സാധാരണയായി അര്‍ദ്ധ രാത്രി പുലര്‍ച്ചെ ഷോകള്‍ നടക്കാറ്. പതിറ്റാണ്ടുകളായി തുടരുന്ന ഈ ട്രെന്റാണ് പഠാന്‍ ബോളിവുഡിലേക്ക് എത്തിക്കുന്നത്.

ജനുവരി 21 വരെയുള്ള കണക്ക് പ്രകാരം ഏകദേശം 18 ലക്ഷത്തോളം തുക അഡ്വാന്‍സ് ബുക്കിങ്ങിലൂടെ പഠാന്‍ കേരളത്തില്‍ നിന്നും സ്വന്തമാക്കി. തിരുവനന്തപുരം ഐമാക്‌സിലും പഠാന്‍ റിലീസ് ചെയ്യുന്നുണ്ട്. ആദ്യ ദിനം ഐമാക്‌സിലെ എല്ലാ ഷോകള്‍ക്കും 90 ശതമാനത്തിലധികം ബുക്കിങ്ങാണ് രേഖപ്പെടുത്തുന്നത്. കേരളത്തില്‍ രാവിലെ 9 മണി മുതലാണ് പഠാന്റെ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്.