“നമ്മൾ എന്നും അഭിമാനത്തോടെ കാണേണ്ട ഒന്നിനെ കരിവാരിതേച്ച് ആക്ഷേപിയ്ക്കുന്നത് അപഹാസ്യമാണ്”
1 min read

“നമ്മൾ എന്നും അഭിമാനത്തോടെ കാണേണ്ട ഒന്നിനെ കരിവാരിതേച്ച് ആക്ഷേപിയ്ക്കുന്നത് അപഹാസ്യമാണ്”

മലയാളം സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ നിരവധി കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളം സിനിമ മേഖലയിൽ ഉടലെടുത്ത വിവാദങ്ങൾ ഇന്ത്യയൊട്ടാകെ ശ്രദ്ധയാകർഷിക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സന്തോഷ് ടി കുരുവിള ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

 

കുറിപ്പിൻ്റെ പൂർണരൂപം

#ഇല്ലംചുടണോ ?

നമ്മൾ എന്നും അഭിമാനത്തോടെ കാണേണ്ട ഒന്നിനെ കരിവാരിതേച്ച് ആക്ഷേപിയ്ക്കുന്നത് അപഹാസ്യമാണ്.

നമ്മുടെ സിനിമകൾ , അഭിനേതാക്കൾ , സംവിധായകർ , സംഗീതജ്ഞർ , സങ്കേതിക വിദഗ്ധർ, അങ്ങിനെ പ്രതിഭകളും സിനിമയെ സ്നേഹിയ്ക്കുന്ന അധ്വാന വർഗ്ഗവും ചേർന്ന് കെട്ടി ഉയർത്തിയതാണ് മലയാള സിനിമാ എന്ന മഹാ സ്തൂപം !
നാൾക്കു നാൾ അതിൻ്റെ ഉയരം വർദ്ധിച്ചു വരുന്ന ഘട്ടത്തിൽ ദേശാന്തരങ്ങളിൽ അതിൻ്റെ വിജയ പതാകകൾ പാറിയ്ക്കുന്ന ഘട്ടത്തിൽ ആ രംഗത്തെ ന്യൂനതകളെ , പ്രശ്നങ്ങളെ വലിയ രീതിയിൽ പർവ്വതീകരിച്ചു കാണിയ്ക്കുന്നത് എന്തു തരം പ്രവർത്തനമാണെന്ന് മനസ്സിലാവുന്നില്ല.

വ്യക്തിപരമായ് ഒരു സിനിമാ നിർമ്മാതാവ് എന്ന നിലയിൽ ഞാൻ നിർമ്മിച്ച സിനിമകളെ എന്നും ആനന്ദം നൽകുന്ന ഓർമ്മകളായ് സൂക്ഷിയ്ക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

മോഹൻലാൽ , മമ്മൂട്ടി , ബിജു മേനോൻ , ഫഹദ് ഫാസിൽ , ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ , നിവിൻ പോളി , ഉദയനിധി സ്റ്റാലിൻ, സൗബിൻ സാഹിർ , സുരാജ് വെഞ്ഞാറമ്മൂട് , നദിയാ മൊയ്തു , പാർവ്വതി തിരുവോത്ത് , ഐശ്വര്യ ലക്ഷ്മി , റിമാ കല്ലിങ്കൽ , അപർണ്ണാ ബാലമുരളി , നമിതാ പ്രമോദ് , ഗായത്രി ശങ്കർ അങ്ങിനെ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ എൻ്റെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . പ്രിയദർശൻ , ആഷിഖ് അബു , ദിലീഷ് പോത്തൻ , രതീഷ് പൊതുവാൾ , സാനു ജോൺ വർഗ്ഗീസ് , അജോയ് വർമ്മ , രാജേഷ് മാധവൻ തുടങ്ങിയ മികച്ച സംവിധായകരും എൻ്റെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് .
മഹേഷിൻ്റെ പ്രതികാരം , മായാനദി , ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ , ആർക്കറിയാം , കുഞ്ഞാലിമരയ്ക്കാർ ( സഹ നിർമ്മാണം ) , ന്നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങൾക്ക് നിരവധി അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്.

സിനിമയെ ഇത്രയധികം സ്നേഹിയ്ക്കുന്ന ഒരു വ്യക്തി എന്ന നിലയിലും ഒരു നിർമ്മാതാവ് എന്ന നിലയിലും എന്നെ ഏറെ സങ്കടപ്പെടുത്തുന്നതും ആശങ്ക നിറയ്ക്കുന്നതുമായ കാര്യങ്ങളാണ് ഈ ദിവസങ്ങളിൽ മാധ്യങ്ങളിൽ വന്നു നിറയുന്നത്.
പതിനാലോളം സിനിമകൾ നിർമ്മിച്ച എനിയ്ക്ക് പൂർണ്ണമായും അന്യമായ കാര്യങ്ങളാണ് പൊട്ടിപ്പും തൊങ്ങലും വച്ച് നമുക്ക് ചുറ്റും പടരുന്നത് എന്നത് അമ്പരപ്പുണ്ടാക്കുന്നതാണ്.

നമ്മൾ ആരെയാണ് അപഹസിയ്ക്കുന്നത് ? നമ്മുടെ കലാസാംസ്കാരിക ലോകത്തിൻ്റെ പ്രതീകങ്ങളായ കലാകാരൻമാരേയോ ? തലമുറകൾ കഴിഞ്ഞാലും മൺമറയാതെ നിൽക്കും എന്നുറപ്പുള്ള ചലച്ചിത്ര കാരൻമാരെയോ ?
വരും കാല തലമുറകൾ അഭിമാനത്തോടെ ഉയർത്തി പിടിയ്ക്കേണ്ട പൈതൃകങ്ങളേയോ ?
നമുക്ക് ഇവിടെ ഒരു പ്രേം നസീറുണ്ടായിരുന്നു , സത്യൻ മാഷ് ഉണ്ടായിരുന്നു , കൊട്ടാരക്കര ശ്രീധരൻ നായരുണ്ടായിരുന്നു , മോഹൻ ലാൽ ഉണ്ടായിരുന്നു , മമ്മൂക്ക ഉണ്ടായിരുന്നു എന്ന് എല്ലാക്കാലവും എല്ലാ തലമുറകൾക്കും പറയാൻ കഴിയുന്ന പ്രകടനങ്ങളെയാണ് നമ്മൾ ഫലത്തിൽ ചെളി വാരി എറിയുന്നത്.
ലോകോത്തരം എന്ന് വിശേഷിപ്പിയ്ക്കാവുന്ന മാസ്റ്റർ പീസ് വർക്കുകൾ ചെയ്ത സംവിധായകരുടെ വർക്കുകളെയാണ് നമ്മൾ കാർക്കിച്ചു തുപ്പുന്നത്.

എനിയ്ക്ക് വിനീതമായ് അഭ്യർത്ഥിയ്ക്കാനുള്ളത് ഇവിടുത്തെ മാധ്യമ സുഹൃത്തുക്കളോടാണ്?
നവമാധ്യമങ്ങൾക്ക് ഒരു എഡിറ്റർ ഇല്ലായെന്ന ദുരന്താവസ്ഥയെ നിങ്ങൾ പിന്തുടരരുത് . വാർത്താ മാധ്യങ്ങളിൽ” എഡിറ്റർ ” മാരെ കാൺമാനില്ല എന്നതാണ് ഏറ്റവും വലിയ ബ്രേക്കിംഗ് ന്യൂസിനേക്കാൾ ഞെട്ടിയ്ക്കുന്നത്.
നമ്മുടെ സ്വീകരണ മുറികളിലേയ്ക്ക് അറിഞ്ഞോ അറിയാതെയോ എത്തുന്ന വാർത്തകൾ ശ്രവിയ്ക്കുന്ന ചെറുകാതുകളിൽ നിങ്ങൾ നിറയ്ക്കേണ്ടത് പ്രതീക്ഷകളും സ്വപ്നങ്ങളും കൂടിയാണ് എന്ന് ഓർമ്മകളുണ്ടായിരിയ്ക്കണം .

ഹേമാ കമ്മറ്റി റിപ്പോർട്ട് പോലുള്ളവയെ തിരുത്തൽ രേഖകളായ് കാണുക , റിപ്പോർട്ടിൻ മേൽ , അനിവാര്യമായ നിയമനിർമ്മാണങ്ങൾ അടിയന്തിരമായ് നടത്തുക എന്നതാണ് പരിഹാരങ്ങളിൽ പ്രഥമമായിട്ടുള്ളത് .
ഈ സമൂഹത്തിൻ്റെ പരിച്ഛേദം തന്നെയാണ് സിനിമാ ലോകവും , സമൂഹം അല്ലെങ്കിൽ വ്യക്തി എന്നത് നിരന്തരം പരിഷ്കരിയ്ക്കപ്പെടുകയോ ഇവോൾവ് ചെയ്യപ്പെടുകയോ ചെയ്യുന്നതാണ്.
അതിനാൽ തന്നെ സ്വാഭാവിക തിരുത്തലുകൾ അവിടെ സംഭവിയ്ക്കും ,
നമ്മുടെയൊക്കെ മൂല്യബോധം , രാഷ്ട്രീയ ശരികൾ ഒക്കെ അനുദിനം മാറ്റത്തിന് വിധേയമാണ്.
ഒരു പരിഷ്കൃത ലോകത്ത് സ്ത്രീ പുരുഷ വേർതിരിവും ചൂഷണവും ഇനിയും വെച്ചു പൊറുപ്പിയ്ക്കുന്നത് അഭിലഷണീയമല്ല. അതിനാണ് നമുക്ക് ഇവിടെ സംവിധാനങ്ങളുള്ളത് , സർക്കാർ മെഷീണറികൾ , നീതിന്യായ സംവിധാനങ്ങൾ അങ്ങിനെ എല്ലാ ജനാധിപത്യ മാർഗ്ഗങ്ങളുമിവിടെ ഉണ്ട് ,
മാധ്യങ്ങൾ ഡെമോക്രസിയോട് ചേർന്നാണ് സഞ്ചരിക്കേണ്ടത് മോബോക്രസിയെ പ്രോത്സാഹിപ്പിയ്ക്കുകയല്ലാ വേണ്ടത്.
അനാവശ്യമായ ഭീതി വ്യാപാരം ഭാവി തലമുറയ്ക്ക് ഗുണം ചെയ്യില്ല.

ഞാൻ നിർമ്മിച്ച ചിത്രങ്ങളുടെ ലൊക്കേഷനുകളിൽ ഒരു സ്ത്രീയും, വിവേചനവും ചൂഷണവും അനുഭവിച്ചിട്ടില്ലാ എന്നതാണ് എൻ്റെ ഉത്തമ വിശ്വാസം.
ശ്രദ്ധയിൽ പെട്ടിട്ടുള്ള അനിഷ്ടകരമായ സംഭവങ്ങളോട് പൊറുത്തിട്ടുമില്ല .
തൊഴിലാളി യൂണിയനുകൾ നിശ്ചയിച്ചുള്ള സേവന വേതന നിരക്കുകളിൽ നിന്ന് വ്യതിചലിച്ചിട്ടില്ല , ഒരു വെൻഡറും , ആക്ടറും , ടെക്നീഷ്യനും അർഹിയ്ക്കുന്ന പണം ലഭിയ്ക്കാതിരുന്നിട്ടില്ല എന്ന് വെല്ലുവിളിച്ച് പറയാൻ ധൈര്യമുണ്ട്.
പുതിയ നിർദ്ദേശങ്ങളോട് ഉപദേശങ്ങളോട് എന്നും പോസിറ്റീവായ് മാത്രമേ സമീപിച്ചിട്ടുള്ളു ,
സ്ത്രീകൾക്ക് എതിരെയുള്ള ചൂഷണവും മയക്കുമരുന്നുകളുടെ ദുരു പയോഗവും ഈ രംഗത്തെ തകർക്കും എന്നതുകൊണ്ട് നമ്മൾ സമൂഹത്തോട് കൂടുതൽ പ്രതിബദ്ധരായിരിക്കുക.
എല്ലാത്തരം ചൂഷണങ്ങൾക്കും എതിരേ അണിനിരക്കുന്നവർ മസ്തിഷ്കങ്ങളെ കാർന്നു തിന്നുന്ന ഡ്രഗ്സ് ഉപയോഗത്തിനുമെതിരെ പോരാടണം .
എല്ലാ തിന്മകൾക്കും എതിരായുള്ള പോരാട്ടത്തിൻ്റെ പതാകാ വാഹകരാവാൻ എല്ലാവർക്കും കഴിയട്ടെ.

നാലാം തൂണുകളിൽ കെട്ടിയുള്ള ഭേദ്യം അഥവാ ശിക്ഷയ്ക്ക് സദുദ്ദേശമെങ്കിൽ ഇതാ അത് തലോടലായ് മാറ്റാൻ സമയമായ് , രക്തം പൊടിഞ്ഞു തുടങ്ങിയിരിയ്ക്കുന്നു , പീഡനം തുടർന്നാൽ അത് രക്ത ചൊരിച്ചിലാവും പ്രിയ സുഹൃത്തുക്കളേ .
ഈ മേഖല സംരക്ഷിയ്ക്കുന്നത് നിരവധി കുടുംബങ്ങളേയാണ് സർക്കാരിന് മോശമല്ലാത്ത നികുതി വിഹിതവും നൽകുന്നുമുണ്ട് .
സ്വപ്ന സഞ്ചാരികളുടെ വിഹായസ്സിൽ മാർഗ്ഗതടസ്സങ്ങൾസൃഷ്ടിയ്ക്കാതിരിയ്ക്കുക , അവരിലെ ഇനിയും വറ്റാത്ത മാനുഷിക മൂല്യങ്ങളെ വില കുറച്ച് കാണാതിരിയ്ക്കുക .
#മാ_നിഷാദാ
നന്ദി .