”ഞാനൊരു ആക്ടർ ആണെന്ന് എവിടെയും പറയുന്നില്ല”; അഭിനയത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി ശാന്തി മായാദേവി
1 min read

”ഞാനൊരു ആക്ടർ ആണെന്ന് എവിടെയും പറയുന്നില്ല”; അഭിനയത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി ശാന്തി മായാദേവി

50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘നേര്’. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിൽ ശാന്തിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. എന്നാൽ ശാന്തി അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.

അഭിനയസാധ്യതയുള്ള ഈ കഥാപാത്രം മറ്റൊരു നടിക്ക് നൽകിയിരുന്നെങ്കിൽ മികച്ചതാക്കിയേനെ എന്നെല്ലാമായിരുന്നു വിമർശനങ്ങൾ. ഇതിനോടെല്ലാം പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ശാന്തി മായാദേവി ഇപ്പോൾ. താനൊരു ആക്ടർ അല്ല, അത് അവകാശപ്പെടുകയുമില്ല, ജീത്തു സാറ് നിർബന്ധിച്ചതു കൊണ്ട് മാത്രമാണ് അഭിനയിച്ചത് എന്നാണ് ശാന്തി മായാദേവി ഇപ്പോൾ പറയുന്നത്. മൂവി വേൾഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തി മനസ് തുറന്നത്.

”ഞാനൊരു ആക്ടർ ആണെന്ന് ഞാൻ എവിടെയും അവകാശപ്പെടുന്നില്ല. എനിക്കറിയാം ഞാൻ ഒരു ആക്ടർ അല്ല. ഞാൻ എഴുതിയ സിനിമയിൽ ഈ റോൾ ഞാൻ ചെയ്താൽ നന്നായിരിക്കും എന്ന് സാറ് പറഞ്ഞതു കൊണ്ടാണ് ചെയ്തത്. ഈ സിനിമയിൽ അഹാന എന്ന കഥാപാത്രം വളരെ കാഷ്വലായാണ് വന്നിരിക്കുന്നത്, ബാക്കിയുള്ളവർ എല്ലാം സീനിയേഴ്സ് ആണ്. ആ കഥാപാത്രത്തെ ഞങ്ങൾ കാണിക്കാൻ ശ്രമിച്ചത് വിജയമോഹന്റെ വീട്ടിലേക്ക് ഒന്നും പറയാതെ കേറി ചെല്ലാൻ പറ്റുന്ന ഒരാളായിട്ടാണ്.

അവിടെ അഹാന വളരെ ഫോർമൽ ആയിട്ട് ചെയ്യേണ്ട കാര്യം ഒന്നുമില്ല. ചിലത് കണ്ടപ്പോൾ എനിക്ക് ചില എക്സ്പ്രഷൻസ് ഒക്കെ പാളിയല്ലോ അതൊക്കെ നന്നാക്കാം തോന്നിയിരുന്നു. ഞാനൊരിക്കലും ഒരു ആക്ടർ എന്ന രീതിയിൽ ഒരുപാട് അഭിനയിക്കണം എന്ന് പറയുന്ന ഒരാളല്ല. കാരണം എനിക്കൊരു സ്‌ട്രോങ്ങ് ബാക്ക്ഗ്രൗണ്ട് ഉണ്ട്. എന്റെ വക്കീൽ പണിയിലാണ് ഓരോ ദിവസവും ബെറ്റർ ആയിരുന്നത്. ഇപ്പോൾ എനിക്ക് തോന്നുന്നു ഇനി കുറച്ചു ഉത്തരവാദിത്തം കാണിക്കണം എന്ന്, ഹോംവർക്ക് ചെയ്യണം എന്നുണ്ട്”- ശാന്തി മനസ് തുറന്നു.