‘ആര്‍ആര്‍ആര്‍’: 1000 കോടിക്കും മേലേ പോകും; രാജമൗലി മാജിക്ക്, ജൂനിയര്‍ എന്‍ടിആറും രാംചരണും കട്ടയ്ക്ക് കട്ട; റെക്കോര്‍ഡുകള്‍ തകർക്കുമെന്ന് പ്രേക്ഷകര്‍
ധീര, ഈച്ച, ബാഹുബലി 1, ബാഹുബലി 2 തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ രാജ്യത്തിന് സമ്മാനിച്ച സംവിധായകനാണ് എസ്എസ് രാജമൗലി. ഇപ്പോള്‍ ആര്‍ആര്‍ആറിലൂടെ ഈ നിരയിലേയ്ക്ക് പുതിയൊരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. 400 കോടി രൂപ ചെലവിട്ട ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. സ്വാതന്ത്രസമര സേനാനികളുടെ കഥപറയുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണും ആടിത്തകര്‍ത്തു എന്ന് തന്നെയാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. നിരവധി ആക്ഷന്‍, ഇമോഷണല്‍ രംഗങ്ങളുള്ള സിനിമയെ അതീവ ശ്രദ്ധയോടെ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ സാധിച്ചു എന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. അഭിനയത്തോടൊപ്പം എംഎം കീരവാണിയുടെ സംഗീതവും കെ കെ സെന്തിലിന്റെ ഛായാഗ്രഹണവും ഇതിന് വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. സിനിമയുടെ ഫീല്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന തരത്തിലുള്ള ചിത്രസംയോജനമാണ് മറ്റൊരു ഘടകം. ശ്രീകര്‍ പ്രസാദിനാണ് ഇക്കാര്യത്തില്‍ കയ്യടിക്കേണ്ടത്.
സ്വാതന്ത്ര സമര സേനാനികളെക്കുറിച്ച് സിനിമ ചെയ്യുന്നത് തന്നെ അവര്‍ക്ക് നല്കുന്ന വലിയ ആദരവാണെന്ന് പ്രേക്ഷകര്‍ പറയുന്നു. അവരെ വളരെ മാസ്സായി സ്ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് അതിനേക്കാള്‍ വലിയ കാര്യമെന്നും പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ഇനിയും ഒരുപാട് ഹിറ്റുകള്‍ സമ്മാനിക്കാന്‍ പ്രാപ്തിയുള്ള സംവിധായകന്റെ മാജിക്കാണ് സ്ക്രീനില്‍ കണ്ടതെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു. ബാഹുബലിയുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത മറ്റൊരു ഹിറ്റായാണ് ചിലര്‍ പ്രതികരിക്കുന്നത്. രാജമൗലിയുടെ എല്ലാ ചേരുവകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ വളരെ കൊമേഷ്യലായി ചെയ്ത ചിത്രം എന്ന് ഇവര്‍ പറയുന്നു. ഇന്റര്‍വെല്ലിന് തൊട്ടുമുന്‍പുള്ള സീനും സെക്കന്‍ഡ് ഹാഫിലെ ആദ്യ സീനും വലിയ പ്രശംസ അര്‍ഹിക്കുന്നതാണ്. ജൂനിയര്‍ എന്‍ടിആറും രാംചരണും കട്ടയ്ക്ക് കട്ടയായി നില്ക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് സിനിമയിലുള്ളത്. വലിയ ബജറ്റില്‍ സിനിമകളെടുക്കാന്‍ മറ്റുള്ളവര്‍ക്കും ആത്മവിശ്വാസം പകരുന്നതാണ് സിനിമയെന്ന് കാണികള്‍ വിലയിരുത്തുന്നു.
രാജമൗലി എന്ന സംവിധായകന്റെ പേരിലാണ് പലരും ആദ്യ ഷോ തന്നെ കണ്ടത്. അത് വെറുതെ ആയില്ലെന്നാണ് സിനിമ കണ്ടവര്‍ വ്യക്തമാക്കുന്നത്. കളക്ഷനില്‍ ബാഹുബലിയ്ക്കും മുകളില്‍ ചിത്രം പോകും എന്നും അവര്‍ ആവര്‍ത്തിച്ച് പറയുന്നു. മൊഴി മാറ്റി മലയാളത്തില്‍ കാണുമ്പോഴും അതിന്റെ ഫീല്‍ ചോര്‍ന്നു പോകുന്നില്ല എന്നതാണ് അഭിപ്രായം. തീരെ ലാഗില്ലാതെ കിടിലന്‍ ക്ലൈമാക്സിലേക്ക് സിനിമ എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞു എന്നാണ് പൊതു വിലയിരുത്തല്‍.ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ആര്‍ആര്‍ആര്‍ സിര്മ്മിച്ചത്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഇംഗ്ലീഷ്, പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് എന്നിവയിലും ചിത്രം പുറത്തിറങ്ങി. ജൂനിയര്‍ എന്‍ടിആറിനും രാംചരണിനും പുറമെ അജയ് ദേവ്ഗണ്, ആലിയ, റേ സ്റ്റീവെന്‍സണ്‍, അലിസണ് ഡൂഡി,ഒലിവിയ മോറിസ് തുടങ്ങിയ വന്‍ താരനിര ചിത്രത്തിലുണ്ട്. 1920കളുടെ പശ്ചാത്തലത്തില്‍ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് സിനിമ പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണഅ കഥ.