‘ബിലാലിന്റെ തിരക്കഥ എഴുത്ത് പൂർത്തിയായി, ബിലാൽ ചെയ്യണം, മറ്റു സിനിമകളും’: അമൽ നീരദ്
1 min read

‘ബിലാലിന്റെ തിരക്കഥ എഴുത്ത് പൂർത്തിയായി, ബിലാൽ ചെയ്യണം, മറ്റു സിനിമകളും’: അമൽ നീരദ്

കൊവിഡ് കാലത്തിന് ശേഷം തിയേറ്ററുകളെ ഇളക്കിമറിച്ച് വന്‍ പ്രേക്ഷക പ്രതികരണത്തോടെ മുന്നോട്ട് പോകുന്ന മലയാള ചിത്രമാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഒരിടവേളയ്ക്ക് ശേഷം ആവേശം പകരുന്ന മമ്മൂട്ടിയുടെ മൈക്കിളപ്പന്‍ എന്ന കഥാപാത്രം മമ്മൂട്ടി ആരാധകര്‍ ആഘോഷമാക്കുകയാണ്. എന്നാല്‍ ഭീഷ്മ പര്‍വ്വത്തിന് മുന്നേ അനൗണ്‍സ് ചെയ്ത മമ്മൂട്ടി അമല്‍ നീരദ് ചിത്രം ബിലാല്‍ എപ്പോള്‍ എത്തുമെന്നുള്ള ആകാംഷയിലാണ് സിനിമാ പ്രേമികള്‍.

ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ വിദേശ ലൊക്കേഷനുകളും നിരവധി ഔട്ട്‌ഡോര്‍ സീക്വന്‍സുകളും വലിയ കാന്‍വാസുമൊക്കെയുള്ള ഈ ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ നീളുകയായിരുന്നു. ഇപ്പോഴിതാ ബിലാല്‍ ഇനി എന്ന് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അമല്‍ നീരദ്. മനോരമ ഓണ്‍ലൈനിന് നല്‍കി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

2020 മാര്‍ച്ച് 15ന് ഷൂട്ട് ആരംഭിക്കാനിരിക്കുന്ന ചിത്രമായിരുന്നു ബിലാല്‍. ഈ ചിത്രത്തിന് വേണ്ടി കൊച്ചിയിലെ വാസ്‌കോ ഹൗസ് ഉള്‍പ്പടെയുള്ള ലൊക്കേഷനുകള്‍ക്കുള്ള അഡ്വാന്‍സ് വരെ കൊടുത്തിട്ടതായിരുന്നു. കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ബിലാല്‍ ഷൂട്ട് ചെയ്യണമായിരുന്നു. പോളണ്ടിലുള്ള ഒരു പ്രൊഡക്ഷന്‍ ടീമുമായി അതും ധാരണയിലായതായിരുന്നു. പിന്നെ കോവിഡ് വന്ന് എല്ലാ പ്ലാനുകളും പൊളിഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് ഭീഷ്മ പര്‍വ്വത്തിന്റെ കഥ മമ്മൂക്കയോട് പറയുന്നത്. അത് ചെയ്യാമെന്ന് പറഞ്ഞിരിക്കുമ്പോള്‍ കൊവിഡ് കുറഞ്ഞ് തുടങ്ങിയിരുന്നു. അന്ന് മമ്മൂക്കയോട് ബിലാല്‍ ഷൂട്ടിംങ് തുടങ്ങാമെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞു എനിക്കിപ്പോള്‍ ഭീഷ്മ ചെയ്യാനുള്ള എക്‌സൈറ്റ്‌മെന്റിലാണ് അത് ചെയ്യാമെന്ന്. അങ്ങനെയാണ് ബിലാല്‍ ഭീഷ്മയിലേക്ക് തിരിഞ്ഞത്.

ഭീഷ്മ വളരെ എക്‌സപെന്‍സീവായ സിനിമയായിരുന്നു. അതുകൊണ്ട് തന്നെ ഒന്നു സ്വസ്ഥമായി വെറുതേയിരുന്നതിന് ശേഷമേ അടുത്ത പടത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. കഴിഞ്ഞ ദിവസം ദുല്‍ഖറുമായി സംസാരിച്ചപ്പോള്‍ ഞാന്‍ പറയുകയുണ്ടായി, മമ്മൂക്കയുമായി പുതിയ കുറച്ചു സിനിമകള്‍ ചെയ്യാനാണ് എനിക്ക് ആഗ്രഹമെന്ന്. ബിലാലിന്റെ തിരക്കഥ രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയതാണെന്നും അതില്‍ ഇനി കുറച്ച് കറക്ഷന്‍സ് വേണ്ടിവരുമെന്നും അമല്‍ പറയുന്നു. പോപ്പുലര്‍ സിനിമ ചൂടോടെ വിളമ്പേണ്ടതാണല്ലോ, ബിലാല്‍ ചെയ്യണം, മറ്റ് സിനിമകളും ചെയ്യണമെന്നും അമല്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂക്കയ്ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. അദ്ദേഹം അന്നും ഇന്നും ഒരുപോലെയാണന്നും അമല്‍ പറയുന്നു. ബിഗ് ബി ഡബ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ മമ്മൂക്കയോട് എനിക്ക് ന്യൂഡല്‍ഹിയിലെ ജി. കൃഷ്ണമൂര്‍ത്തിയുടെ സൗണ്ടാണ് വേണ്ടത്’ എന്ന് പറഞ്ഞിരുന്നു. അദ്ദേഹം അപ്പോള്‍ പറഞ്ഞത് അതൊക്കെ പോയടോ അതൊന്നും ഇല്ലെന്നായിരുന്നു. അത് കഴിഞ്ഞ് മമ്മൂട്ടി ഡബ് ചെയ്തത് കേട്ടു നോക്കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കാരണം ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഭംഗിയായി മമ്മൂട്ടി അത് ചെയ്തിരുന്നു. അന്ന് മമ്മൂക്കയോട് ഞാന്‍ പറഞ്ഞു ഇതില്‍ കൂടുതല്‍ ഒന്നും വേണ്ടെന്നായിരുന്നു. മാറ്റമുണ്ടെന്ന് മമ്മൂക്ക പറയുമെങ്കിലും അത് വെറുതേയാണ്. അദ്ദേഹത്തിന് ഒരു മാറ്റവുമില്ലെന്നും അമല്‍ വ്യക്തമാക്കുന്നു.