ബോക്സ്‌ ഓഫീസിനെ കൊന്ന് കൊലവിളിച്ച് റോക്കി ഭായ് ; ഏഴ് ദിവസംകൊണ്ട് 700 കോടി ക്ലബ്ബിൽ
1 min read

ബോക്സ്‌ ഓഫീസിനെ കൊന്ന് കൊലവിളിച്ച് റോക്കി ഭായ് ; ഏഴ് ദിവസംകൊണ്ട് 700 കോടി ക്ലബ്ബിൽ

ബോക്സ് ഓഫീസിൽ മികച്ച നേട്ടവുമായി കെജിഎഫ് 2. ഏപ്രില്‍ – 14 ന് തിയറ്ററിൽ എത്തിയ ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ 700 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് ചിത്രമായ ബാഹുബലി ആദ്യ ഭാഗവും, തമിഴിൽ രജനികാന്ത് നായകനായി എത്തിയ 2.0യുടെയും റെക്കോർഡ് തകര്‍ത്താണ് ചിത്രം കുതിപ്പ് തുടരുന്നത്. ഇന്ത്യയിൽ തന്നെ നിലവിൽ ഏറ്റവും കൂടുതൽ കളക്ക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് കെജിഎഫ് 2.

പ്രശാന്ത് നീലിൻ്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ യഷ് നായകനായി എത്തിയ കന്നട ചിത്രമാണ് കെജിഎഫ് 2.  കെജിഎഫ് ഒന്നിൻ്റെ തുടര്‍ച്ചയായെത്തിയ രണ്ടാം ഭാഗം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളായാണ് റിലീസായത്.  ഓരോ ഭാഷകളിലും പുറത്തിറങ്ങിയ ചിത്രം അതത് സംസ്ഥാനങ്ങളിൽ മികച്ച നേട്ടമാണ് സ്വന്താക്കിക്കൊണ്ടിരിക്കുന്നത്.  കെജിഎഫിൻ്റെ ഹിന്ദി പതിപ്പ് 250 കോടി കളക്ഷൻ നേടിയത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയിലും, പുറത്തുമായി പ്രേക്ഷകരുടെ വൻ തിരക്കാണ് സിനിമയ്ക്കായി അനുഭവപ്പെടുന്നത്. ഒരിക്കൽ സിനിമ കണ്ടവർ തന്നെ വീണ്ടും സിനിമ കാണുന്നതിനായി എത്തുന്ന പ്രവണതയും ഉണ്ടെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.  കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ അധിക പ്രദർശനങ്ങൾ സിനിമയ്ക്കായി ക്രമീകരിക്കുന്ന സാഹചര്യം വരെയാണ്.  സിനിമയുടെ പ്രധാന ആകർഷണം നായകന്‍ റോക്കി ഭായുടെ വേഷത്തിലെത്തിയ യഷിന്‍റെ പ്രകടനം തന്നെയാണ്. സിനിമയുടെ ഗംഭീര വിജയത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം യഷ് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു.