ആ രംഗങ്ങളൊന്നും ഡ്യൂപ്പല്ല, 50ന്റെ നിറവിൽ ‘ആർഡിഎക്സ്’
1 min read

ആ രംഗങ്ങളൊന്നും ഡ്യൂപ്പല്ല, 50ന്റെ നിറവിൽ ‘ആർഡിഎക്സ്’

നഹാസ് ഹിദായത് സംവിധാനം ചെയ്ത ആർഡിഎക്‌സ് ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിലെത്തിയത്. ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി, വർഗീസ് പെപ്പെ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിൽ ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. സോഫിയ പോൾ പ്രൊഡക്ഷൻസാണ് നിർമാണം. ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’, നിവിൻ പോളിയുടെ ‘ബോസ് ആൻഡ് കോ’ എന്നീ ചിത്രങ്ങൾക്കൊപ്പമായിരുന്നു ആർഡിഎക്സ് റിലീസ് ചെയ്തത്. എന്നാൽ ഓണച്ചിത്രങ്ങളിൽ ആർഡിഎക്സിന് മാത്രമാണ് പ്രേക്ഷക സ്വീകാര്യത ലഭിച്ചത്.

 

മുൻവിധികളെ മാറ്റി മറിച്ച ചിത്രം 100 കോടി ക്ലബ്ബിലും ഒടുവിൽ ഇടം നേടി. ഇപ്പോഴിതാ ആർഡിഎക്സ് റിലീസ് ചെയ്തിട്ട് അൻപതാം ദിവസം പിന്നിടുകയാണ്. ഈ സന്തോഷം അണിയറ പ്രവർത്തകർ പങ്കുവച്ചു.ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഫൈറ്റ് സീനുകൾ, ഫൈറ്റ് പ്രാക്ടീസുകൾ, ഷൂട്ടിംഗ് തുടങ്ങി എല്ലാ രംഗങ്ങളും ഉൾക്കൊള്ളിച്ചുള്ളതാണ് വീഡിയോ. ഷെയ്നും ആന്റണിയും നീരജും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. “ഈ നാഴികക്കല്ല് ആഘോഷിക്കാൻ ലൊക്കേഷനിലേക്ക് ഒരു തിരിഞ്ഞു നോട്ടം. ഞങ്ങളുടെ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി!”, എന്ന കുറിപ്പോടെ ആണ് ഇവർ വീഡിയോ ഷെയർ ചെയ്തത്.

റോബർട്ട്, റോണി, സേവ്യർ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കെഴുത്താണ് ആർഡിഎക്സ്. ഈ മൂന്ന് പേരിലൂടെയും ആണ് ചിത്രം മുന്നോട്ട് പോകുന്നത്. സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ മികച്ചൊരു അടിപ്പടം എന്ന് പ്രേക്ഷകർ വിലയിരുത്തിയ ചിത്രത്തിൽ ബാബു ആന്റണി, ലാൽ, ഐമ, മഹിമ, വിഷ്ണു അഗസ്ത്യ, മാലാ പാർവതി തുടങ്ങി നിരവധി പേർ അണിനിരന്നിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് ആർഡിഎക്സ് ഒടിടിയിൽ എത്തിയിരുന്നു.

https://www.instagram.com/reel/CyU1d0BR7nf/?igshid=MzRlODBiNWFlZA==

റോബര്‍ട്ട് ആയി ഷെയ്ന്‍ നിഗം. ഡോണിയായി ആന്‍റണി വര്‍ഗീസ്. സേവ്യര്‍ ആയി നീരജ് മാധവ്, മൂവരും അടി തുടങ്ങിയാല്‍ പിന്നെ അടിയോടടി, ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ തൊണ്ണൂറുകളും രണ്ടായിരത്തിന്റെ തുടക്കവുമാണ് കാലം. തൊണ്ണൂറുകളില്‍ കണ്ടു ശീലിച്ച കഥാപരിസരത്തെ മേക്കിംഗിലെ പുതുമ കൊണ്ട് എന്‍ഗേഞ്ചിംഗ് ആക്കി തീര്‍ക്കാന്‍  സംവിധായകന് കഴിഞ്ഞു. കുടുംബപ്രേക്ഷകരെയും മാസ് ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരെയും ഒരേ തരത്തില്‍ ത്യപ്തിപ്പെടുത്താന്‍ സംവിധായകനായി. അൻപറിവിന്‍റെ ആക്‌ഷൻ കൊറിയോഗ്രഫിയും ചങ്കിടിപ്പേറ്റുന്ന ബിജിഎമ്മുമായി സാം സി.എസും ഒന്നിച്ചപ്പോൾ വെടിക്കെട്ടിനു തിരികൊളുത്തിയ ദൃശ്യാനുഭവം പ്രേക്ഷകന് ലഭിച്ചു. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.