‘മമ്മൂട്ടി ഒരു ഹോളിവുഡ് നടന് ആയിരുന്നെങ്കില്‍ ഓസ്കാര്‍ കിട്ടുമായിരുന്നു’ ; റസൂല്‍ പൂക്കുട്ടി
‘മാറ്റമില്ലാതെ സംഭവിക്കുന്ന ഒന്നാണ് മാറ്റം’ എന്ന പഴഞ്ചൊല്ലിന് അപവാദമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടുകളായി അഭിനയരംഗത്ത് സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാക്ക ലുക്ക് എല്ലായ്പ്പോഴും ആരാധകരെ ഹരം കൊള്ളിക്കുന്ന ഒന്നാണ്. എന്നാല്‍ അതിലും പ്രധാനമായി എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള ആര്‍ജ്ജവമാണ്. മമ്മൂട്ടി പല അഭിമുഖങ്ങളിലും വേദികളിലും അത് പറഞ്ഞിട്ടുണ്ട്. സിനിമയോടും അഭിനയത്തോടുമുള്ള പാഷനാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന്. അഭിനയത്തോട് തനിക്ക് ആര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഓരോ വര്‍ഷവും താന്‍ തന്നെ തന്നെ തേച്ച് മിനുക്കികൊണ്ട് ഇരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കൂടെ പഠിച്ചവരിലും ഒപ്പം സിനിമയിലെത്തിയവരിലുമൊക്കെ പ്രായത്തിന്റെ അടയാളങ്ങള്‍ തെളിഞ്ഞുകാണുമ്പോഴും പ്രായത്തിന്റെ പാടുകള്‍ മനസിലും ശരീരത്തിലും വീഴ്ത്താതെ തന്റെ ലൈഫ് സ്റ്റൈലിലൂടെ ചെറുപ്പവും പ്രസരിപ്പും നിലനിര്‍ത്തി മലയാളികളെ വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടി. പണത്തോടും പദവിയോടുമല്ല സിനിമയോട് മാത്രമാണ് അദ്ദേഹത്തിന് ഭ്രമം.1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ പകര്‍ന്നാടി.
ഇപ്പോഴിതാ ലോക സിനിമയിലെ മലയാളി വിസ്മയമായ ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി മമ്മൂട്ടിയെക്കുറിച്ച് പറയുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഓസ്കാര്‍ അവാര്‍ഡ് നല്കാന് പറ്റിയ മലയാളത്തിലെ നടന് ഏതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. മലയാളത്തില്‍ ഓസ്കാര്‍ കൊടുക്കാന്‍ പറ്റിയ നടന് മമ്മൂട്ടിയാണെന്നും തനിയാവര്‍ത്തനം എന്ന ചിത്രത്തിലെ അഭിനയത്തിനാണെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു. ‘ മലയാളത്തില്‍ നിരവധി പേരുണ്ട് ഓസ്കാര്‍ നല്കാന് പറ്റിയത്. മമ്മൂട്ടി ആണ് ആദ്യം. തനിയാവര്‍ത്തനത്തിലെ അദ്ദേഹത്തിന്റെ അഭിനയത്തിന് ഓസ്കാര്‍ നല്‍കണമെന്ന് തോന്നിയിട്ടുണ്ട്. പിന്നെ മോഹന്‍ലാല്‍. തന്മാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാര്‍ നല്‍കണമെന്ന് തോന്നിയിട്ടുണ്ടെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കുന്നു. മമ്മൂട്ടി ഹോളിവുഡില്‍ ഉണ്ടായിരുന്നെങ്കില്‍ എന്തായാലും ഓസ്കാര്‍ നോമിനേഷനില്‍ ഉണ്ടാകുമായിരുന്നു. ഹോളിവുഡ് നടന് ജോര്‍ജ് ക്ലൂനി ആണ് മമ്മൂട്ടിയെങ്കില്‍ അദ്ദേഹത്തിന് മൂന്ന് നാല് ഓസ്കാര്‍ നോമിനേഷന് ലഭിക്കുമായിരുന്നുവെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.