കാമ്പുള്ള കഥയും കഥാപാത്രങ്ങളുമായി കെട്ടുറപ്പുള്ളൊരു കുടുംബചിത്രം; ‘റാണി ചിത്തിര മാർത്താണ്ഡ’, റിവ്യൂ വായിക്കാം
1 min read

കാമ്പുള്ള കഥയും കഥാപാത്രങ്ങളുമായി കെട്ടുറപ്പുള്ളൊരു കുടുംബചിത്രം; ‘റാണി ചിത്തിര മാർത്താണ്ഡ’, റിവ്യൂ വായിക്കാം

കുടുംബ ബന്ധങ്ങളിലെ സംഘർഷങ്ങളും സ്നേഹോഷ്മളതയും മറ്റുമൊക്കെ പ്രമേയമാക്കിയ ഒട്ടേറെ സിനിമകള്‍ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. ഏതുകാലത്തും അത്തരത്തിലുള്ള സിനിമകള്‍ മനസ്സിനൊരു ശാന്തതയും സമാധാനവുമൊക്കെ നൽകുന്നവയാണ്. അത്തരത്തിലൊരു സിനിമയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് ‘റാണി ചിത്തിര മാർത്താണ്ഡ’ എന്ന ചിത്രം. ഒരു അച്ഛനും മകനും തമ്മിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും കുടുംബബന്ധങ്ങളിലെ ഉലച്ചിലുകളും പ്രണയ ബന്ധവും സൗഹൃദങ്ങളും വഞ്ചനയുമൊക്കെയാണ് സിനിമയുടെ പ്രമേയം.

 

ആലപ്പുഴയിലെ കായൽ നിലങ്ങളിൽ പേരുകേട്ടവയാണ് റാണി, ചിത്തിര, മാ‍ര്‍ത്താണ്ഡ എന്ന സ്ഥലങ്ങള്‍. ഇവിടെ കഴിയുന്ന മനുഷ്യരുടെ ജീവിതങ്ങളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് ആൻസൺ മെഡിക്കൽസ് എന്ന മെഡിക്കൽ ഷോപ്പ് നടത്തുന്നയാളാണ് മാത്യൂസ്. അയാളുടെ മകൻ ആൻസണും ഷോപ്പിൽ ഒപ്പമുണ്ട്. ഇതിനിടയിൽ അപ്പനറിയാതെ സുഹൃത്തുക്കളുമായി ചേർന്ന് ടൗണിൽ മറ്റൊരു മെഡിക്കൽ ഷോപ്പ് നടത്താൻ ആൻസൺ ശ്രമം നടത്തുന്നുണ്ട്. ഇതിനിടയിൽ അയാളൊരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. അവളുടെ ജീവിതത്തിൽ വലിയൊരു പ്രശ്നനമുണ്ടാകുമ്പോൾ ആൻസണിന് ഇടപെടേണ്ടി വരുന്നു. പക്ഷേ അതിനായി അയാള്‍ കണ്ടെത്തിയ മാർഗ്ഗം പക്ഷേ മാത്യൂസിന്‍റെ പ്രതീക്ഷകളൊക്കെ തകിടം മറിച്ചുകൊണ്ടുള്ളതായിരുന്നു. അതിനുശേഷം നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ഹാസ്യ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും ഒട്ടേറെ സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളായെത്തിയ കോട്ടയം നസീര്‍, മാത്യൂസ് എന്ന അപ്പൻ കഥാപാത്രമായി മികവുറ്റ പ്രകടനമാണ് നടത്തിയിരിക്കുന്നത്. നടപ്പിലും നോട്ടത്തിലും ശരീരഭാഷയിലും ഡയലോഗുകളിലുമൊക്കെ പ്രായത്തിന്‍റേതായ എല്ലാ അവശതകളോടും കൂടിയുള്ള മാത്യൂസ് എന്ന കഥാപാത്രത്തെ അദ്ദേഹം ഭംഗിയായി സ്ക്രീനിലെത്തിച്ചിട്ടുണ്ട്.

 

‘കെട്ട്യോളാണ് എന്‍റെ മാലാഖ’യിലൂടെയെത്തിയ നടൻ ജോസ്‍കുട്ടി ജേക്കബാണ് മകനായെത്തുന്ന ആൻസൺ എന്ന വേഷത്തിലുള്ളത്. കരിയറിലെ ആദ്യത്തെ നായക വേഷം ജോസ്‍കുട്ടി മികച്ചതാക്കിയിട്ടുണ്ട്. പ്രണയഭാവങ്ങളിലും നർമ്മ രംഗങ്ങളിലും അപ്പനുമൊത്തുള്ള വൈകാരിക രംഗങ്ങളിലുമൊക്കെ നടൻ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുണ്ട്. ഒട്ടേറെ വെബ്‍സീരുകളിലൂടെ ശ്രദ്ധേയായ കീർത്തന ശ്രീകുമാറാണ് ആൻസന്‍റെ പ്രണയിനിയായ ലിഷയെന്ന കഥാപാത്രമായി എത്തിയിരിക്കുന്നത്. നടിയുടെ പ്രകടനവും മികവുപുലർത്തുന്നതായിരുന്നു.

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പിങ്കു പീറ്ററാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അച്ഛനിൽ നിന്ന് മകൻ ബിസിനസ് ഏറ്റെടുക്കാൻ നടത്തുന്ന ശ്രമങ്ങളും അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളുമൊക്കെ പ്രേക്ഷകർക്ക് പെട്ടെന്ന് കണക്ടാവുന്ന രീതിയിൽ ഒരു റൊമാന്‍റിക് കോമഡി ജോണറിൽ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയ താരങ്ങളും തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങള്‍ മികച്ചതാക്കിയിട്ടുണ്ട്.

രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സിനിമയുടെ പ്രമേയത്തിന് ചേർന്ന രീതിയിൽ ദൃശ്യങ്ങളെ മനോഹരമായി നിഖിൽ പകർത്തിയിട്ടുണ്ട്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജ്ജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊക്കെ ഏറെ ഹൃദ്യമാണ്. ഏറെ നാളുകള്‍ക്ക് ശേഷം മികച്ചൊരു കുടുംബചിത്രമാണ് മലയാളത്തിന് ‘റാണി ചിത്തിര മാ‍ർത്താണ്ഡ’യിലൂടെ ലഭിച്ചിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.