ജയിലറില്‍ രജനീകാന്തിനൊപ്പം അതിഥിവേഷത്തില്‍ മോഹന്‍ലാലും ? ത്രില്ലടിച്ച് ആരാധകര്‍
സൂപ്പര്‍സ്റ്റാര്‍ ജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കെല്ലാം പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകര്‍ മാത്രമല്ല മലയാളികളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയൊരു അപ്ഡേറ്റാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗ് മാത്രമായിരിക്കും താരത്തിനുണ്ടാകുക. ജനുവരി 8,9 തീയതികളില്‍ ചെന്നൈയില്‍ വച്ച് ഷൂട്ട് നടക്കും. കാമിയോ റോളില്‍ ആണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഒരു രാത്രി നടക്കുന്ന കഥയാണ് ചിത്രം എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അങ്ങനെ എങ്കില്‍ കാമിയോ റോളിനും വലിയ പ്രാധാന്യമാകും ചിത്രത്തില്‍. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ജയിലര്‍’ എന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. തമന്ന ഭാട്ടിയ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ശിവരാജ്കുമാറും അഭിനയിക്കുന്നുണ്ട്. പടയപ്പ എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളി താരം വിനായകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന് ആണ്. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു.
‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലര്‍. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയില്‍ തന്റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ ‘ബീസ്റ്റ്’ ആയിരുന്നു. ‘ബീസ്റ്റ്’ എന്ന ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. ‘ജയിലറി’ലൂടെ വന്‍ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍.