ലിജോയുടെ ‘മലൈക്കോട്ടൈ വാലിബനില്‍’ മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടിയും
1 min read

ലിജോയുടെ ‘മലൈക്കോട്ടൈ വാലിബനില്‍’ മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടിയും

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം മറാഠി നടി സൊണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വിവരം അവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ മലയാളത്തിലെ ഒരു പ്രമുഖ താരവും ചിത്രത്തിന്റെ ഭാഗമാവുകയാണ്. ക്യാരക്റ്റര്‍ റോളുകളിലൂടെ കൈയടി നേടിയ ഹരീഷ് പേരടിയാണ് താനും ചിത്രത്തിന്റെ ഭാഗമാണെന്ന് അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിനും ലിജോയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഹരീഷ് പേരടി താനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ‘ആ യാത്ര തുടങ്ങുകയാണ്. എന്നിലെ നടന്‍ കാത്തിരുന്ന യാത്ര. പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേര്‍ന്നുള്ള യാത്ര. അനുഗ്രഹിക്കുക… മലൈക്കൊട്ടൈ വാലിബന്‍..,’ എന്നായിരുന്നു ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അതേസമയം ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് 27-ാമത് ഐഎഫ്എഫ്‌കെ വേദിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിര്‍മിക്കുന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഇത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ നായികയായി എത്തുന്നത് രാധിക ആപ്‌തെയാണ്. ആദ്യമായി മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് ഒരുക്കുന്ന ചിത്രമെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിതാരമായിയെത്തുമെന്നുള്ള സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍.