‘കോളേജ് കാലം മുതലുള്ള സൗഹൃദം, പക്ഷേ അന്നൊന്നും പ്രണയമുണ്ടായിരുന്നില്ല, പൂര്‍ണമായി മനസിലാക്കിയിട്ട് മതി വിവാഹം എന്നായിരുന്നു തീരുമാനം’ ; സുബി സുരേഷിന്റെ ഓര്‍മ്മയില്‍ രാഹുല്‍
മലയാളികളുടെ പ്രിയ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിതമായ മരണത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ മേഖലയിലുള്ളവര്‍. മലയാളികളെ വിസ്മയിപ്പിച്ച കലാകാരി ഇനി ഇല്ല എന്നത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. ഈ അവസരത്തില്‍ സുബിയുടെ പ്രതിശ്രുത വരനായിരുന്ന കലാഭവന്‍ രാഹുല്‍ സുബിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇരുപതു വര്‍ഷത്തെ സൗഹൃദമുണ്ടെങ്കിലും അഞ്ച് മാസമേ ആയുള്ളൂ പരസ്പരം പ്രണയം പറഞ്ഞുറപ്പിച്ചിട്ട്. അപ്പോഴാണ് പൊടുന്നനെ സുബി രാഹുലിനെ തനിച്ചാക്കി കടന്നുപോയത്.
സുബിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ മാക്സിമം നോക്കിയെന്നും എന്നാല്‍ രക്ഷിക്കാന്‍ ആയില്ലല്ലോ എന്ന സങ്കടമാണ് എല്ലാവര്‍ക്കുമെന്നും രാഹുല്‍ പറയുന്നു. പരിപൂര്‍ണമായി മനസിലാക്കിയിട്ട് വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഞാനും സുബിയും. ഏറെ കുറെ ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു എന്നും രാഹുല്‍ പറഞ്ഞു. ഫെബ്രുവരി 14-ന് പ്രണയദിനത്തില്‍ ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നതാണ്. അതിനിടെ രണ്ട് വിദേശ പരിപാടികള്‍ വന്നു. അങ്ങനെ പ്രണയദിനത്തില്‍ വിവാഹമെന്ന ആഗ്രഹം നടക്കാതെ പോയി. ഒപ്പം സുബിയുടെ രോഗാവസ്ഥയും കൂടുതല്‍ വഷളായി. തുടര്‍ന്നാണ് വിവാഹം മാര്‍ച്ചിലേക്ക് മാറ്റിയത്. രോഗാവസ്ഥയെ കുറിച്ച് സുബി എല്ലാ കാര്യങ്ങളും പങ്കുെവച്ചിരുന്നതായി രാഹുല്‍ പറഞ്ഞു.
തന്നേക്കാള്‍ നൂറിരട്ടി ബിസിയായ താരമായിരുന്നു സുബിയെന്നും. ഞാനും പ്രൊഫഷനില്‍ കൂടുതല്‍ ശ്രദ്ധിച്ചെന്നും രാഹുല്‍ പറഞ്ഞു. ജീവിതം അത്ര ശ്രദ്ധിച്ചില്ല. വിവാഹം അടക്കം വൈകിയത് അതുകൊണ്ടാണ്. പ്രോഗാമും മറ്റുമായി ഞങ്ങള്‍ എപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരുമിച്ച് ജീവിച്ചേക്കാം എന്ന് തീരുമാനിച്ചത്. അല്ലാതെ പ്രണയം ഒന്നുമല്ല. വീട്ടുകാര്‍ക്ക് എല്ലാം അറിയാമായിരുന്നു. കാരണം ഒരേ ഫീല്‍ഡ് അല്ലെ. പരസ്പരം അറിയാം. സുബിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം അവളുടെ അമ്മയെയാണ്. അമ്മ കഴിഞ്ഞെ സുബിക്ക് ജീവിതത്തില്‍ മറ്റാരും ഉള്ളൂ.
അമ്മയ്ക്ക് എന്നെ ഇഷ്ടപ്പെട്ടതു കൊണ്ടായിരിക്കും എന്നെ സുബിയും ഇഷ്ടപ്പെട്ടത്. സുബിക്ക് എന്നെ പോലത്തെ നൂറ് പേര് കിട്ടും. അമ്മ പറയുന്നതിന് അപ്പുറം പോകാത്താതത് കൊണ്ടാകാം സുബി എന്നെ ഇഷ്ടപ്പെട്ടത്. സുബിയുടെ അവസാന വാക്ക് അമ്മയാണ്. പരിപൂര്‍ണമായി മനസിലാക്കിയിട്ട് വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഞാനും സുബിയും. ഏറെ കുറെ ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. ഇനി എനിക്ക് വിവാഹം ഉണ്ടാകുമോ എന്നത് അറിയില്ല. ഇങ്ങനെ പോട്ടെ നോക്കാം. രാഹുല്‍ കൂട്ടിച്ചേര്‍ത്തു.