ശാന്തം, മനോഹരം, അതിസുന്ദരം! ‘മലൈക്കോട്ടൈ വാലിബനി’ലെ ആദ്യ ഗാനമായി ‘പുന്നാരക്കാട്ടിലെ പൂവനത്തിൽ’
1 min read

ശാന്തം, മനോഹരം, അതിസുന്ദരം! ‘മലൈക്കോട്ടൈ വാലിബനി’ലെ ആദ്യ ഗാനമായി ‘പുന്നാരക്കാട്ടിലെ പൂവനത്തിൽ’

മലയാള സിനിമാലോകം മാത്രമല്ല ലോകമാകെയുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന എൽ. ജെ. പി ചിത്രമെന്നതിനാൽ തന്നെ ഏവരും ഏറെ പ്രതീക്ഷയിലുമാണ്. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏറെ ചർച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘പുന്നാര കാട്ടിലെ പൂവനത്തിൽ…’ എന്നുതുടങ്ങുന്ന ശാന്ത ഗംഭീരമായ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നാടൻ ശൈലിയിൽ പതിഞ്ഞ താളത്തിലുള്ള ഗാനം രചിച്ചിരിക്കുന്നത് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കൂടിയായ പി. എസ് റഫീഖ് ആണ്. പ്രശാന്ത് പിള്ളയാണ് സംഗീതം. ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിനായി കാത്തിരിക്കുന്നവരുടെ ഇടയിലേക്ക് ഒരു സർപ്രൈസാണ് ഈ ഗാനം എത്തിയിരിക്കുന്നത്.

വാലിബൻ ടീസറിന് മികച്ച സ്വീകരണമായിരുന്നു സോഷ്യൽമീഡിയയിൽ ലഭിച്ചിരുന്നത്. റിലീസ് ചെയ്ത് 24 മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും 10 മില്ല്യണിലധികം വ്യൂസ് ആണ് ടീസറിന് ലഭിച്ചിരുന്നത്. മോഹൻലാലിന്‍റെ അഭിനയ ജീവിതത്തിലെ തന്നെ പ്രധാന സിനിമയാവും വാലിഭൻ എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും കണക്കുക്കൂട്ടുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിറങ്ങിയതും ഏവരും ആഘോഷമായി ഏറ്റെടുത്തിരുന്നു.

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ് സേഠ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, സഞ്ജന ചന്ദ്രൻ തുടങ്ങി നിരവധിപേരാണ് സിനിമയിൽ അഭിനയിക്കുന്നത്. ആയിരത്തി അഞ്ഞൂറോളം ജൂനിയർ ആർടിസ്റ്റുകളും സിനിമയിൽ അണിനിരന്നിട്ടുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്‌ട‌ർ ടിനു പാപ്പച്ചനാണ്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റർ ദീപു ജോസഫാണ്. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍, ആർട്ട് ഗോകുൽദാസ്, കോസ്റ്റ്യൂം സുജിത് സുധാകരൻ, രതീഷ് ചമ്രവട്ടം, സ്റ്റണ്ട് വിക്രം മോർ, സുപ്രീം സുന്ദർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി. കോറിയോഗ്രഫി സാമന്ത് വിനിൽ, ഫുലാവ കംകാർ തുടങ്ങിയവരാണ്.

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം അനൂപിന്‍റെ മാക്സ് ലാബ് സിനിമാസ്, കൊച്ചുമോന്‍റെ സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബ‘ന്‍റെ നിര്‍മ്മാണ പങ്കാളികളാണ്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ, എംസി ഫിലിപ്പ് ജേക്കബ് ബാബു എന്നിവരാണ് നിർമ്മാതാക്കള്‍. സാഹിൽ ശർമ്മയാണ് കോ-പ്രൊഡ്യൂസർ. മലയാളം കൂടാതെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. അടുത്തിടെ സിനിമയുടെ പ്രചാരണാർത്ഥം ഡിഎൻഎഫ്‍ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) പുറത്തിറക്കിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.