സഭ്യമായ രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്തണമായിരുന്നു എന്ന് പ്രിയദർശൻ
1 min read

സഭ്യമായ രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്തണമായിരുന്നു എന്ന് പ്രിയദർശൻ

ലക്ഷദ്വീപിൽ ഉയരുന്ന ജനവികാരത്തെ പിന്തുണച്ചുകൊണ്ട് നിലപാട് അറിയിച്ച നടൻ പൃഥ്വിരാജിനെതിരെ ജനം ടിവി എഡിറ്റർ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. വളരെ മോശമായ രീതിയിലാണ് പൃഥ്വിരാജിനെ ഈ കുറിപ്പിലൂടെ ജനം ടിവി എഡിറ്റർ അധിക്ഷേപിച്ചത്. “സുകുമാരന്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷം എങ്കിലും പൃഥ്വിരാജ് കാണിക്കണമെന്ന്” തുടങ്ങി ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത അസഭ്യ വാക്കുകളാൽ നിറഞ്ഞ ഈ കുറിപ്പ് വിവാദമായതോടെ ജനം ടിവി അത് പിൻവലിക്കുകയായിരുന്നു. പൃഥ്വിരാജ് സുകുമാരന് പിന്തുണയുമായി ഒട്ടനവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. സിനിമാ താരങ്ങളും ആരാധകരും ഒറ്റക്കെട്ടായി പൃഥ്വിരാജ് സുകുമാരന്റെ നിലപാടിന് ഒപ്പമുണ്ട്. ജനം ടിവി പൃഥ്വിരാജിനെതിരെ പോസ്റ്റ് ചെയ്തതു മുതൽ എയറിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.

ജനം ടിവിയെ വിസർജ്യം ചാനൽ എന്ന് വിശേഷിപ്പിച്ചാണ് പലരും ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. ബിജെപി ഒഴിച്ച് മറ്റൊരു വിഭാഗവും ഇതിനെ ന്യായീകരിക്കുന്നില്ല എന്നത് തീർച്ചയാണ്. ഇപ്പോൾ ഇതാ പൃഥ്വിരാജിനെതിരെ ജനം ടിവി പുറത്തുവിട്ട ലേഖനത്തിൽ അപാകത ഉണ്ടായി എന്ന് വിമർശിച്ച് സംവിധായകൻ പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനം ടിവി ഡയറക്ടർ ബോർഡിലെ അംഗം കൂടിയാണ് പ്രിയദർശൻ എന്നാണ് പൊതുവെയുള്ള ധാരണ. ഈ ഒരു അവസരത്തിൽ പ്രിയദർശൻ നിലപാട് എല്ലാവരും കാത്തിരുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് എന്നും അത് പറയുമ്പോൾ ഇത്തരത്തിൽ അല്ല ഒരാളെ വിമർശിക്കേണ്ടത് എന്നും ജനം ടിവി ലേഖനത്തെ കുറ്റപ്പെടുത്തി പ്രിയദർശൻ പ്രതികരിച്ചു.

 

പ്രിയദർശന്റെ കുറിപ്പ് ഇങ്ങനെ;

സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിൻ്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ നടൻ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക്‌ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാൻ വയ്യ. സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.

Leave a Reply