‘തിരുവോണത്തിന് ഏഷ്യാനെറ്റില്‍ ബ്രോ ഡാഡി, ഈ സിനിമ തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്’ ; ആരാധകന്റെ കുറിപ്പ് വൈറല്‍
ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായെത്തിയ ബ്രോ ഡാഡി. ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രമായിരുന്നു ബ്രോ ഡാഡി. പൃഥ്വിരാജ് തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധായകന്. ജോണ്‍ കാറ്റാടി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മകനായ ഈശോ കാറ്റാടിയായി എത്തിയതും പൃഥ്വിരാജ് തന്നെ. ഓണാഘോഷത്തിന്റെ ഭാഗമായി ഏഷ്യാനെറ്റില്‍ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആയി ബ്രോ ഡാഡിയും എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ബ്രോ ഡാഡി തിരുവോണ നാളിലാകും ടെലിവിഷനില്‍ എത്തുക. തിരുവോണ ദിനത്തില്‍ രാത്രി ഏഴ് മണിക്കാണ് ബ്രോ ഡാഡിയുടെ സംപ്രേഷണം.
ഇപ്പോഴിതാ ബ്രോ ഡാഡി സിനിമയെക്കുറിച്ച് ഒരു കുറിപ്പാണ് വൈറലാവുന്നത്. ഒടിടി ഇറങ്ങിയ സമയത്ത് കുറച്ചധികം നെഗറ്റീവ് കമ്മന്റ്സും പൊളിറ്റിക്കല്‍ കറക്ടനസ് വിമര്‍ശനങ്ങളൊക്കെ കേട്ടുവെങ്കിലും ആദ്യ കാഴ്ച്ചയ്ക്ക് തന്നെ ഇഷ്ടപ്പെട്ട സിനിമയാണ് ബ്രോ ഡാഡി എന്നാണ് കുറിപ്പില്‍ പറയുന്നത്. ഒരു വലിയ എന്റര്ടെയ്നര് ഒന്നുമല്ലെങ്കിലും എന്തോ പോസിറ്റീവ് വൈബ് ഈ സിനിമയ്ക്ക് ഫീല്‍ ചെയ്യാറുണ്ട്. പ്രത്യേകിച്ച് ലാലേട്ടന്റെ പെര്‍ഫോമന്‍സ്. പ്ലസന്റ ആന്‍ഡ് ജോയ് ജോണ്‍ കാറ്റാടിയെ കണ്ടിരിക്കാന്‍ നല്ല രസമാണെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു. പറയാതെ വന്നെന് പാട്ടിലെ മോഹന്‍ലാല്‍ പോര്‍ഷന്‍ എത്ര തവണ റിപീറ്റ് കണ്ടിട്ടുണ്ടെന്ന എനിക്ക് തന്നെ നിശ്ചമില്ല. ഈ സിനിമ തിയേറ്റര്‍ റിലീസ് ആയിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
റിലീസ് ദിനം തന്നെ എല്ലാ ഭാഷകളിലുമായി ഏറ്റവും കൂടുതല്‍ വാച്ച് ടൈം നേടിയ രണ്ടാമത്തെ സിനിമയായിരുന്നു ബ്രോ ഡാഡി. ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. കല്യാണി പ്രിയദര്ശന്, മീന എന്നിവരായിരുന്നു ചിത്രത്തിലെ നായികമാരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലാലു അലക്സ്, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. ജഗദീഷ്, സൗബിന് ഷാഹിര്‍, ഉണ്ണി മുകുന്ദന് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കോമഡി എന്റര്ടെയ്നര് ആയി എത്തിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് എന്നും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചത്.