”ഒരു സ്ക്രീൻ ടെസ്റ്റ് പോലുമില്ലാതെയാണ് ആദ്യ സിനിമ ചെയ്തത്, ഞാനും ദുൽഖറും നെപ്പോ കിഡ്സ്”; പൃഥ്വിരാജ്
സിനിമയിൽ അവസരം ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ആദ്യ സിനിമ തനിക്ക് നൽകിയത് തന്റെ കുടുംബ പേരാണെന്ന് നടൻ പറയുന്നു. ഒരു സ്ക്രീൻ ടെസ്റ്റ് പോലുമില്ലാതെയാണ് താൻ ആദ്യ സിനിമ ചെയ്ത്. അതിന് കാരണം തങ്ങൾ ‘നെപ്പോ കിഡ്സ്’ ആയതുകൊണ്ടാണെന്നും താരം തുറന്നു പറഞ്ഞു.
സിനിമയിലേക്ക് വന്നതിനെ കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചും സംസാരിച്ചപ്പോഴായിരുന്നു നടന്റെ പ്രതികരണം. ‘തങ്ങൾ വളരേയേറെ പരിചയമുള്ളവരാണ്. തങ്ങൾ നെപ്പോ കിഡ്സ് ആണെന്നും നടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ഞാൻ എന്നെക്കുറിച്ച് പറയാം, സിനിമ ഇൻഡസ്ട്രിയിലേക്ക് എനിക്ക് വരാൻ വളരെ എളുപ്പമായിരുന്നു എന്നതാണ് വസ്തുത. അത് ഞാൻ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എൻ്റെ കുടുംബപ്പേര് കൊണ്ട് മാത്രമാണ് എനിക്ക് എൻ്റെ ആദ്യ സിനിമ ലഭിച്ചത്. ഞാൻ ഒരു നല്ല നടനാകുമെന്ന് ആരോ കരുതി, എന്നെ സ്ക്രീൻ ടെസ്റ്റ് പോലും ചെയ്തിട്ടില്ല’ പൃഥ്വിരാജ് പറഞ്ഞു.
എന്നാൽ, ഒരിക്കൽ സിനിമയിൽ വന്നാൽ തന്റെ കഴിവ് തെളിയിക്കുന്ന കാര്യത്തിൽ എല്ലാവരും നേരിടേണ്ടത് ഒരേ കാര്യം തന്നെയാണെന്നും പൃഥ്വിരാജ് പറഞ്ഞു. ‘എൻ്റെ ആദ്യ സിനിമയ്ക്ക് ഞാൻ കടപ്പെട്ടിരിക്കുന്നത് എൻ്റെ കുടുംബം നൽകിയ പേരിനോടാണ്. പക്ഷേ, എൻ്റെ ആദ്യ സിനിമയോട് മാത്രമേ ഞാൻ കടപ്പെട്ടിട്ടുള്ളൂ. എന്നെക്കാൾ കഴിവുള്ള ആളുകൾ ആ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം,’- അദ്ദേഹം കൂട്ടിച്ചേർത്തു.
അച്ഛനും അമ്മയും ജ്യേഷ്ഠനും, ജ്യേഷ്ഠന്റെ ഭാര്യയും അഭിനേതാക്കളാണ്. കൂട്ടത്തിൽ അഭിനേതാവല്ലാതെ ഒറ്റപ്പെട്ടു നിൽക്കുന്ന ഒകാൾ സുപ്രിയ മാത്രമാണെന്നും തമാശ രൂപേണ പൃഥ്വിരാജ് പറഞ്ഞു. അതേസമയം, ദുൽഖർ സൽമാൻ മലയാളത്തിലെ ഇതിഹാസ നടന്റെ മകനാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.