പ്രധാനമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് ഉമ്മൻചാണ്ടി !!
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്സിൻ നയത്തിനെതിരെ എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പ്രതികരിക്കുകയാണ്.രാജ്യവ്യാപകമായി കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി വിദേശരാജ്യങ്ങളിലേക്ക് വാക്സിൻ കൂടുതലായി കേറ്റി അയക്കുകയും രാജ്യത്തെ വാക്സിൻ ക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെയാണ് വലിയതോതിലുള്ള വിമർശനങ്ങൾ ഇന്ത്യയുടെ പല കോണുകളിൽനിന്നും പ്രധാനമന്ത്രിക്കെതിരെ ഉയർന്നുവന്നത്. ഇപ്പോഴിതാ മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായ ഉമ്മൻചാണ്ടി പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ‘മോദി ജി താങ്കൾ എന്തുകൊണ്ടാണ് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന വാക്സിൻ വിദേശത്തേക്ക് അയച്ചത്’എന്ന ചിത്രം ഫേസ്ബുക്കിലെ പ്രൊഫൈൽ ആക്കി കൊണ്ടാണ് ഉമ്മൻചാണ്ടി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതേ വാചകങ്ങൾക്ക് സമാനമായ പോസ്റ്ററുകൾ ദില്ലിയിൽ പ്രധാനമന്ത്രിക്കെതിരെ വ്യാപകമായി പ്രത്യക്ഷപ്പെടുകയും തുടർന്ന് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഓട്ടോറിക്ഷ ഉദ്യോഗസ്ഥർ കൂലിപ്പണിക്കാർ തുടങ്ങിയവരെയാണ് പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ ഒട്ടിച്ചു എന്ന കുറ്റത്തിന് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ പുറത്തു വരുന്ന മറ്റ് റിപ്പോർട്ടുകളനുസരിച്ച് ഇവർക്ക് ഈ പോസ്റ്ററുകൾ മറ്റുചിലർ ഒട്ടിക്കാൻ കൊടുത്തു എന്നാണ്.
ഇവർ തന്നെ ഉണ്ടാക്കിയ പോസ്റ്ററുകൾ അല്ല, എന്താണ് ഇതിൽ എഴുതിയിരിക്കുന്നത് എന്ന് പോലും വായിച്ച് മനസ്സിലാക്കാൻ കഴിയാത്തവരാണ് പലരും, ഇവർക്ക് ചിലർ എത്തി പോസ്റ്ററുകൾ കൈമാറി നഗരത്തിന്റെ പലഭാഗങ്ങളിലും പതിപ്പിക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആം ആദ്മി പാർട്ടിയുടെ ഒരു കൗൺസിലർ ആണ് പോസ്റ്ററുകൾ കൈമാറിയതെന്ന് പിടിയിലായവരിൽ ഒരാളുടെ ബന്ധു ഒരു മാധ്യമത്തോട് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും കേരളത്തിൽ നിന്നും പ്രധാനമന്ത്രിയുടെ വാക്സിൻ നയത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയർന്നു വരുന്നത്.