വാക്സിൻ വിഷയം; കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്
1 min read

വാക്സിൻ വിഷയം; കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്

രാജ്യവ്യാപകമായി വീണ്ടും കോവിഡ് തരംഗം വലിയ ദുരന്തങ്ങൾ സൃഷ്ടിക്കുമ്പോൾ കേന്ദ്രസർക്കാരിനെയും ചില സംസ്ഥാന സർക്കാരിനെയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഹൈക്കോടതികൾ വരെ രംഗത്ത് വന്നിരുന്നു. ഇതോടെ ആരോഗ്യ പ്രവർത്തനത്തിൽ വന്ന വീഴ്ചകളെ തുടർന്ന് രാഷ്ട്രീയപരമായ പഴിചാരലുകളും കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും സജീവമാവുകയും ചെയ്തു. ഇപ്പോഴിതാ ആരോഗ്യമേഖലയിൽ ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയ കേരളത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരിക്കുകയാണ്. വാക്സിൻ സംബന്ധമായ വിവാദം രാജ്യത്താകമാനം കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് കേരളസംസ്ഥാനം വാക്സിൻ പാഴാക്കാതെ ഉപയോഗിച്ചതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം എത്തിയത്. കേന്ദ്ര സർക്കാർ നൽകിയ വാക്സിൻ പാഴാക്കാതെ ഉപയോഗിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ‘വാക്സിൻ ഒരു തുള്ളി പോലും പാഴാക്കാതെയാണ് കേരളം ചെലവാക്കിയത് എന്ന് വിശദമാക്കിയിരുന്നു. ഇപ്പോഴിതാ സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ആരോഗ്യ മേഖലയിലുള്ള പ്രവർത്തനത്തിന് കേന്ദ്ര സർക്കാരിന്റെ വലിയ പിന്തുണ ലഭിച്ചിരിക്കുകയാണ്.

മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ പ്രവർത്തന മേഖലയിൽ കേരളം വെച്ചുപുലർത്താൻ ഉള്ള കൃത്യതയും കാര്യക്ഷമമായ പ്രവർത്തനവും ഇതിനോടകം ലോകവ്യാപകമായി തന്നെ ശ്രദ്ധ നേടിയിട്ടുള്ള വിഷയമാണ്. സംസ്ഥാന സർക്കാരിനെ ആശംസകൾ അറിയിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികരണം പുറത്തുവന്നതോടെ ‘പരസ്പരം പഴിചാരാതെ കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രവർത്തിച്ചാൽ ഈ മഹാമാരിയെത്തുരത്താം’ എന്ന അഭിപ്രായം സമൂഹമാധ്യമങ്ങളിൽ മറ്റുമായി ജനങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. നിലവിലുള്ള രാഷ്ട്രീയ വൈരുദ്ധ്യങ്ങൾ എല്ലാം വകവയ്ക്കാതെ ഒറ്റക്കെട്ടായി പോരാടിയെങ്കിൽ മാത്രമേ നൂറ്റാണ്ടിലെ ഈ വലിയ ദുരന്തത്തെ നമുക്ക് മറികടക്കാൻ കഴിയൂ എന്ന ആഹ്വാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശക്തിപ്പെടുന്നത്.

Leave a Reply