മികച്ച നടനുള്ള പ്രേംനസീർ അവാർഡ് ഏറ്റുവാങ്ങി ഇന്ദ്രൻസ്; ആശംസകൾ നേർന്ന് പ്രേക്ഷകർ
മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായ പ്രേം നസീറിന്റെ പേരിൽ പ്രേംനസീര്‍ സുഹൃത് സമിതി ഉദയ സമുദ്ര സംഘടിപ്പിച്ച നാലാമത് പ്രേം നസീര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. തിരുവനന്തപുരം പൂജപ്പുര ശ്രീ ചിത്തിര തിരുനാൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് മാർച്ച് 10നാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ചലച്ചിത്ര രംഗത്തെ നിരവധി താരങ്ങൾ പുരസ്കാരങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തു.
പുരസ്കാര നിശയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിൻ്റെ പ്രിയപ്പെട്ട നടൻ ഇന്ദ്രൻസിനെയാണ്. വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായ താരമാണ് ഇന്ദ്രൻസ്. അഭിനയ ജീവിതത്തിൻ്റെ തുടക്ക കാലങ്ങളിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം പിന്നീട് സ്വഭാവ നടൻ്റെ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ഇപ്പോഴിതാ നാലാമത് പ്രേംനസീർ ചലച്ചിത്ര വാർഡുകളിലെ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ദ്രൻസ്.
യഥാർത്ഥ ജീവിതത്തിൽ എപ്പോഴും സിംപിളാണ് താരം. താര ജാഡ തീർത്തും ഇല്ലാത്ത വ്യക്തികൂടിയാണ് ഇന്ദ്രൻസ്. അവാർഡ് വാങ്ങാൻ എത്തിയപ്പോഴും വളരെയധികം വിനയത്തോടും സന്തോഷത്തോടും കൂടിയാണ് താരം എത്തിയത്. താരം അവാർഡ് വാങ്ങുന്നതിന്റെ വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. താരത്തിൻ്റെ വിനയവും എളിമയും തന്നെയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ഹോം എന്ന സിനിമയിലെ അതുല്യ പ്രകടനത്തിനാണ് താരത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചിരിക്കുന്നത്. റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. 2019ൽ റിലീസ് ചെയ്ത സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജുപിള്ള, നെൽസൺ തുടങ്ങിയവരാണ്. സിനിമയ്ക്ക് പ്രേക്ഷകർക്കിടയിൽ വൻ സ്വീകരണം തന്നെ ലഭിച്ചിരുന്നു.
സിനിമയുടെ പേര് പോലെ തന്നെ ഒരു വീടിനുള്ളിലെ കുടുംബാംഗങ്ങളുടെ കഥയാണ് പറഞ്ഞിരിക്കുന്നത്. ഏതൊരു സാധാരണക്കാരനും തൻ്റെ ജീവിതത്തോട് താരതമ്യം ചെയ്യാൻ കഴിയുന്ന മനോഹരമായ കഥയാണ് ഹോം പറഞ്ഞത്. അതിലെ ഇന്ദ്രൻസിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മികച്ച സിനിമയ്ക്കുള്ള പ്രേംനസീർ അവാർഡ് സ്വന്തമാക്കിയിരിക്കുന്നത് വെള്ളം എന്ന സിനിമയാണ്. വെള്ളം സിനിമയുടെ സംവിധായകൻ പ്രജേഷ്സെൻ തന്നെയാണ് മികച്ച സംവിധായകൻ. മാലിക്, നായാട്ട് തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് നിമിഷ സജയൻ മികച്ച നായികയായും തെരഞ്ഞെടുക്കപ്പെട്ടു.