ആഗോള റിലീസിന് പ്രഭാസിന്റെ “സലാര്‍” ; ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പിലും ഒരുങ്ങുന്നു
മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടന് എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്, നിര്‍മ്മാതാവ്, വിതരണക്കാരന് എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പുതിയ സിനിമാനുഭവം നല്‍കുന്നതിന് തന്റേതായ ശ്രമങ്ങളിലാണ് അദ്ദേഹം. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജും എത്തുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പ്രഭാസ് നായകനായെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ എല്ലാതന്നെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവാറുമുണ്ട്. ബാഹുബലിയിലൂടെ പ്രഭാസ് നേടിയെടുത്തതുപോലെ ഒരു താരമൂല്യം മറ്റൊരു ഇന്ത്യന്‍ താരത്തിനും ഒരു ചിത്രത്തിലൂടെ കൈവന്നിട്ടില്ല. എന്നാല്‍ ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം ആ നിലയില്‍ ഒരു ഹിറ്റ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുമില്ല. വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ സലാര്‍ ആണ് പ്രഭാസ് ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രം.
ഇപ്പോഴിതാ പാന്‍ ഇന്ത്യന്‍ റിലീസ് എന്ന് കരുതപ്പെട്ടിരുന്ന ചിത്രം അതിലും വലിയ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് നീല്‍ ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുകയെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സലാറിന്റെ ആദ്യ ഭാഗം സെപ്റ്റംബറില്‍ തിയറ്ററുകളില്‍ എത്തും. എന്നാല്‍, കെജിഎഫ് പോലെ തുടരെ സലാറിന്റെ രണ്ട് ഭാഗങ്ങളും റിലീസിന് എത്തില്ല. ഒന്നാം ഭാഗം തിയറ്ററുകളില്‍ എത്തിയ ശേഷം ജൂനിയര്‍ എന്ടിആറുമായിട്ടുള്ള ചിത്രമായിരിക്കും പ്രശാന്ത് നീല്‍ ഒരുക്കുക. അതിന് ശേഷം മാത്രമെ സലാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. വരദരാജ മന്നാര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
കന്നഡ സിനിമാ മേഖലയ്ക്ക് ഇന്ത്യയൊട്ടാകെ വന്‍ സ്വീകാര്യത നേടിക്കൊടുത്ത ഫ്രാഞ്ചൈസി ആയിരുന്നു കെജിഎഫ്. രണ്ട് ഭാഗങ്ങളായി പ്രശാന്ത് നീല്‍ എന്ന യുവ സംവിധായകന് ഒരുക്കിയ ഫ്രാഞ്ചൈസി വന്‍ ഹിറ്റായിരുന്നു. എക്കാലത്തെയും വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ കെജിഎഫ് എന്ന ചിത്രവും ഉണ്ട്. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം സലാര്‍ ആയതുകൊണ്ട് തന്നെ വന്‍ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2023 സെപ്റ്റംബര്‍ 28 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി. ചിത്രത്തില്‍ നായികയായെത്തുന്നത് ശ്രുതി ഹാസന് ആണ്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭുവന് ഗൌഡയാണ് സലാറിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഉജ്വല്‍ കുല്‍ക്കര്‍ണിയാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. രവി ബസ്രൂര് ആണ് സംഗീത സംവിധാനം.