‘എന്റെ ജീവിതം തീരുംമുമ്പ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരില്‍ കാണണം.. ദൂരെ നിന്നെങ്കിലും മതി’ ; മമ്മൂട്ടിയെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ കെ ആര് സുനില്‍ എഴുതിയ കുറിപ്പ്
അഭിനയത്തോട് കടുത്ത അഭിനിവേശവുമായി ഇറങ്ങിത്തിരിച്ച സിനിമാപാരമ്പര്യമൊന്നുമില്ലാതെ മലയാളികളുടെ മെഗാസ്റ്റാര്‍ ആയ താരമാണ് മമ്മൂട്ടി. കഠിനാധ്വാനവും അര്‍പ്പണബോധവും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവുമാണ് മമ്മൂക്കയെ ഇന്ന് മലയാള സിനിമിലെ വടവൃക്ഷമാക്കി വളര്‍ത്തിയത്. പുറമെ പരുക്കനെന്ന പട്ടമുണ്ടെങ്കിലും ഒരു വലിയ മനുഷ്യസ്നേഹിയാണ് അദ്ദേഹമെന്നത് മമ്മൂട്ടിയോട് അടുത്ത് അറിയാവുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. അദ്ദേഹം ചെയ്യുന്ന നന്മകള് അധികം അറിയില്ലെങ്കിലും ചിലതെല്ലാം താരങ്ങള്‍ പറഞ്ഞും സഹായം ഏറ്റുവാങ്ങിയവര്‍ പറഞ്ഞും അറിയാം. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്യമായി പൊതു ഇടങ്ങളില്‍ പറയാന്‍ താല്പര്യമില്ലാത്ത വ്യക്തി കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ പൊന്നാനിയില്‍ വച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ ആര് സുനില്‍ എഴുതിയ കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
‘കയര്‍ തൊഴിലാളികളുടെ ജീവിതം
എന്റെ ക്യാമറയില്‍ പാകര്‍ത്താനാണ് ഒരു സുഹൃത്തുമായി പൊന്നാനിയിലെ കടവനാട് എത്തിയത്. എന്നാല്‍ പ്ലാസ്റ്റിക് കയറുകള്‍ മാര്‍ക്കറ്റില്‍ ധാരാളമായി എത്തിയതും യന്ത്രവല്‍കൃത കയറുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയതും കനോലി കനാലിന്റെ തീരത്തെ കയര്‍ തൊഴിലാളികളുടെ ജീവിതത്തെ മോശമായി ബാധിച്ചു. രാത്രിപകലെന്നില്ലാതെ കേട്ടിരുന്ന ചകിരിതല്ലുന്ന ശബ്ദം നിലയ്ക്കുകയും കയറുപിരിച്ചിരുന്ന കയ്യാലകള്‍ അപ്രത്യക്ഷമാകുകയും ചെയ്തു. പലരും ചെയ്തിരുന്ന പാരമ്പര്യ ജോലികള്‍ വിട്ടു മറ്റു തൊഴിലുകള്‍ തേടിപ്പോയി.
തികച്ചും സാധാരണക്കാര്‍ താമസിക്കുന്ന കൊച്ചു വീടുകളുടെ മുന്നിലൂടെയുള്ള ആ ഗ്രാമത്തിലെ ചെറിയ റോഡിലൂടെയാണ് പോയത്. ഞങ്ങളുടെ വാഹനത്തിന്റെ ശബ്ദം കേട്ട് ഒരു വീട്ടില്‍ നിന്ന് ഒരു വൃദ്ധന് ഇറങ്ങി വന്നു. അങ്ങേയറ്റം മെലിഞ്ഞ ശരീരവും ചുറ്റുപാടുകളും അവരുടെ ജീവിത സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് പറയാതെ പറഞ്ഞു തന്നു.
അദ്ദേഹത്തിന്റെ പേര് അപ്പുണ്ണി. കുറച്ചു ദൂരെ കയര്‍ പിരിക്കുന്ന സ്ഥലമുണ്ടെന്ന് പറഞ്ഞു. അതിലേക്കുള്ള വഴിയും വിശദീകരിച്ചു. ആ വഴികള്‍ ഞങ്ങള്‍ക്ക് വലിയ പരിചിതമല്ലാത്തതിനാല്‍ അദ്ദേഹത്തോടൊപ്പം ചേരാമോ എന്ന് അദ്ദേഹം ചോദിച്ചു.
മടിച്ചു മടിച്ചു വിനീതമായ പുഞ്ചിരിയോടെ അയാള്‍ വീണ്ടും വഴി പറഞ്ഞു തന്നു. പിന്നില്‍ ചിരിച്ചുകൊണ്ടിരുന്ന മകള്‍ വീടിനുള്ളില്‍ നിന്ന് ഒരു ഷര്‍ട്ട് എടുത്ത് അച്ഛന്റെ കയ്യില്‍ കൊടുത്തിട്ട് ഞങ്ങളോടൊപ്പം പോയി വരാന്‍ പറഞ്ഞു. കാറിന്റെ മുന്‍വശത്തെ വാതില്‍ തുറന്നപ്പോള്‍ അയാള്‍ വീണ്ടും മടിച്ചു.
നിര്‍ബന്ധിച്ചപ്പോള്‍ തെല്ല് പരുങ്ങലോടെ സീറ്റിലേക്ക് കയറി ചുരുണ്ടു കൂടിയിരുന്നു. കാറില്‍, പ്രത്യേകിച്ച് മുന്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നത് ആ പാവം നാട്ടിന് പുറത്തുകാരന് ശീലമല്ലെന്ന് അയാളുടെ ശരീരഭാഷ പറഞ്ഞു. അപകര്‍ഷതാ ബോധം പാവം മനുഷ്യനില്‍ നിറഞ്ഞു നിന്നിരുന്നു.
ഗ്രാമത്തിലെ ചെറിയ റോഡിലൂടെയുള്ള യാത്രയില്‍ മറ്റാരും തന്നെ കാണാത്ത രീതിയില്‍ ചുരുണ്ട കൂടി സീറ്റിലിരുന്ന് വഴി പറഞ്ഞുകൊണ്ടിരുന്നു പക്ഷേ അദ്ദേഹത്തിന് വഴി തെറ്റി!. കാര്‍ മെല്ലെ പിന്നോട്ടെടുത്തു ശെരിയായ റോഡിലേക്ക് വീണ്ടും കയറി. സ്ഥിരമായി യാത്ര ചെയ്യുന്ന സ്ഥലത്തെ വഴി പറഞ്ഞത് തെറ്റിപ്പോയി എന്നുള്ളതിന്റെ ജാള്യതയിലായിരുന്നു അപ്പുണ്ണിയേട്ടന് അദ്ദേഹത്തിന്റെ ആ മാനസികാവസ്ഥയെ മറികടക്കാന്‍ വേണ്ടി ഞാന്‍ ജീവിതത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
ഒരുകാലത്ത് കനോലി കനാലിന്റെ തീരത്ത് കയറുപിരിക്കുന്ന ജോലി തന്നെയായിരുന്നു അപ്പുണ്ണിയേട്ടനും . ആ തൊഴിലായിരുന്നു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ഹൃദയാഘാതം എല്ലാം തകിടം മറിച്ചു.
പൊന്നാനിയില്‍ വര്‍ഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും ബൈപാസ് സര്‍ജറി അല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടര്‍ തറപ്പിച്ചു പറഞ്ഞു. അതിനു വേണ്ടിവന്ന മൂന്നുലക്ഷത്തിലധികം രൂപ ആ കുടുംബത്തിന്റെ സാമ്പത്തിക നിലയെ ചോദ്യം ചെയ്യുന്നതായിരുന്നു.
അപ്പോള്‍ ഇത്രയും കാലം ആയിട്ടും ചികില്‍സ കിട്ടിയില്ലേ എന്ന് ചോദിച്ചപ്പോള്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ തുറന്ന് ദേഹത്ത് ചില പാടുകള്‍ കാണിച്ചു. ഏറ്റവും നൂതന സൗകര്യങ്ങളുള്ള ഒരു വലിയ ആശുപത്രിയില്‍ വച്ച് തന്റെ ബൈപാസ് സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അതിനുശേഷം ഇപ്പോള്‍ പത്തുവര്ഷങ്ങള് പിന്നിട്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്രയും വലിയ തുക എങ്ങനെ ഈ മനുഷ്യന് സംഘടിപ്പിച്ചു കാണും എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചപ്പോള്‍ തന്നെ അതിനുള്ള മറുപിടിയും അദ്ദേഹം തന്നെ പറഞ്ഞു. മമ്മൂട്ടിയാണ് എല്ലാം ചെയ്തു തന്നത് എന്ന്. അതെ സിനിമ നടന് മമ്മൂട്ടി തന്നെ
ആ വാക്കുകള്‍ കേട്ട് ഞാന്‍ അന്തം വിട്ടിരുന്നു. ഒരു ഗ്രാമത്തിന്റെ ഈ അറ്റത്ത്, ഇരുട്ടിലായിത്തുടങ്ങിയ ഒരു പാവം മനുഷ്യന്റെ ജീവിതത്തിലേക്ക് ഒരു നക്ഷത്രം നന്മയുടെ പ്രകാശം പരത്തി ! 2008-ല്‍ മമ്മൂട്ടി പാവപ്പെട്ട രോഗികളുടെ ഹൃദയശസ്ത്രക്രിയയ്ക്കായി ഒരു ലോക്കല്‍ കൗണ്‍സിലര്‍ മുഖേന പ്രഖ്യാപിച്ച പദ്ധതിയിലേക്ക് അപ്പുണ്ണിയേട്ടനെ തിരഞ്ഞെടുക്കുകയായിരുന്നു.
കാറില്‍ നിന്നിറങ്ങി, ചകിരിച്ചോറ് കലര്‍ന്ന മൃദുലമായ മണ്ണിലൂടെ നടക്കുമ്പോള്‍ മമ്മൂട്ടിയെ കണ്ടിട്ടുണ്ടോ എന്ന് അപ്പുണ്ണിയേട്ടനോട് ചോദിച്ചു. ജീവിതസാഹചര്യങ്ങളാല്‍ സിനിമ കാണുന്ന ശീലം തനിക്കില്ലെന്നും മമ്മൂട്ടിയുടെ കയറു പിരിക്കുന്നവരുടെ ജീവിതം പറയുന്ന ആദ്യകാല ചിത്രമായ സ്ഫോടനമാണ് താന്‍ അവസാനമായി കണ്ടതെന്നും അദ്ദേഹം പറഞ്ഞു. താന്‍ പിന്നീട മമ്മൂട്ടിയെ സിനിമയിലോ നേരിട്ടോ കണ്ടിട്ടില്ലെന്നും അദ്ദേഹം പിന്നീട് കൂട്ടിച്ചേര്‍ത്തു.
ഫോട്ടോസുകള്‍ എടുത്തു മടക്കയാത്രയില്‍ അപ്പുണ്ണിയേട്ടന് തന്റെ ഉള്ളിലൊളിപ്പിച്ച ഒരാഗ്രഹം പറഞ്ഞു ‘ എന്റെ ജീവന് പോകുന്നതിനു മുന്നേ മമ്മൂട്ടിയെ ഒന്ന് കാണണം ദൂരെ നിന്നായാലും മതി അത് പറയുമ്പോള്‍ അപ്പുണ്ണിയേട്ടന്റെ കണ്ണുകളില്‍ ഒരു നനവ് പടര്‍ന്നു അത് മറച്ചു പിടിച്ചു കൊണ്ട് അദ്ദേഹം ചിരിച്ചു ആ കാഴ്ചയെ ഓര്‍ത്തുകൊണ്ടെന്നോണം അപ്പുണ്ണിയേട്ടന് ചിരിച്ചു ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് വന്ന ഒരു ചിരി.
ചിത്രങ്ങളെടുത്ത് മടങ്ങുമ്പോള്‍ കാലങ്ങളായി താന്‍ നെഞ്ചിലേറ്റിയ ആഗ്രഹം പ്രകടിപ്പിച്ചു.
‘എന്റെ ജീവിതം തീരുംമുമ്പ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരില്‍ കാണണം.. ദൂരെ നിന്നെങ്കിലും മതി’ കണ്ണിലെ കരച്ചില് മറയ്ക്കാന്‍ ശ്രമിക്കുന്ന ആ കാഴ്ച ഓര്‍ത്ത് അപ്പുണ്ണിയേട്ടന് ചിരിച്ചു; എന്റെ ഹൃദയത്തെ സ്പര്‍ശിച്ച ചിരി.