ബോളിവുഡ് ഇന്നുവരെ കാണാത്ത വിജയവുമായി ‘പഠാന്‍’ ; 1000 കോടിയിലേക്ക് കുതിക്കുന്നു
1 min read

ബോളിവുഡ് ഇന്നുവരെ കാണാത്ത വിജയവുമായി ‘പഠാന്‍’ ; 1000 കോടിയിലേക്ക് കുതിക്കുന്നു

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ആ പ്രതീക്ഷകളെല്ലാം അന്വര്‍ത്ഥം ആയില്ലെന്നാണ് ഓരോ ദിവസത്തെയും ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.

ഇപ്പോഴിതാ 12 ദിവസത്തില്‍ പഠാന്‍ നേടിയ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ 429.90 കോടിയും മൊത്തം 515 കോടിയും ഓവര്‍സീസ് ഗ്രോസ് 317.20 കോടിയുമാണെന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നത്. ഈ ആഴ്ച അവസാനിക്കുന്നതോടെ പഠാന്‍ 1000കോടിയെത്തുമെന്നാണ് വിലയിരുത്തലുകള്‍.

ആ ദിനങ്ങളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 542 കോടിയാണ് ചിത്രം കൊയ്തത്. അതേസമയം ഹിന്ദി ചിത്രങ്ങളിലെ എക്കാലത്തെയും വിജയ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് പഠാന്‍. രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകളാണ് ലിസ്റ്റില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ബാഹുബലി 2, കെജിഎഫ് 2 എന്നിവയാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ റിലീസ് ചെയ്തത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണ്‍ എബ്രാഹം വില്ലന്‍ വേഷത്തിലുമെത്തുന്നു.

റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നല്‍കിയത്. റിലീസിന് മുമ്പ് പഠാനിലെ ഗാനരംഗത്ത് ദീപിക പദുക്കോണ്‍ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടര്‍ന്ന് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തുകയും സിനിമ റിലീസ് ചെയ്ത ദിവസം വിവിധ ഭാഗങ്ങളില്‍ ചില സിനിമാ തിയേറ്ററുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സകല വിവാദങ്ങളും കാറ്റില്‍ പറത്തികൊണ്ടാണ് ബോളിവുഡ് ഇന്നുവരെ കാണാത്ത വിജയവുമായി പഠാന്‍ മുന്നേറുന്നത്.