‘എലോണ്‍ സിനിമ ഒത്ത സെറുപ്പിന് സമാനമായ രീതിയില്‍ ആവിഷ്‌കരിച്ച ചിത്രമാണ്, ആ ചിത്രം ലാല്‍ സാറിനെ വെച്ച് സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്’ പാര്‍ഥിപന്‍ പറയുന്നു
തമിഴ് നടനും സംവിധായകനുമാണ് രാധാകൃഷ്ണന്‍ പാര്‍ഥിപന്‍. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുമുണ്ട്. പാര്‍ഥിപന്‍ സംവിധാനം ചെയ്ത് ഏറെ നിരൂപക പ്രശംസയും ദേശീയ അവാര്‍ഡും ലഭിച്ച ചിത്രമാണ് ഒത്ത സെറുപ്പ് സൈസ് 7. ഈ ചിത്രം മലയാളത്തില്‍ മോഹന്‍ലാലിനെ വച്ച് റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി തുറന്നു പറയുകയാണ് അദ്ദേഹം.
പാര്‍ഥിപന്‍ സംവിധാനം ചെയ്ത ഏക കഥാപാത്രമായി അഭിനയിച്ച ചിത്രമാണ് ഒത്ത സെറുപ്പ്. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘എലോണ്‍’ എന്ന സിനിമയും ഒത്ത സെറുപ്പിന് സമാനമായ രീതിയില്‍ ആവിഷ്‌കരിച്ച ചിത്രമാണ്. എലോണ്‍ സിനിമയെയും ഒത്ത സെറുപ്പിനെയും താരതമ്യം ചെയ്ത നിരവധി പോസ്റ്റുകള്‍ ട്വിറ്ററില്‍ കാണാനിടയായെന്നും ഈ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പ്രതികരണമെന്നും പാര്‍ഥിപന്‍ പറഞ്ഞു.
‘എലോണ്‍ സിനിമ ഞാന്‍ ഇതുവരെ കണ്ടില്ല. സത്യത്തില്‍ ഒത്ത സെറുപ്പ് സൈസ് 7 മലയാളം റീമേക്ക് ലാല്‍ സാറിനെ വച്ച് സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനായി ശ്രമിക്കുകയും ചെയ്തു. പക്ഷേ നടന്നില്ല. എന്ത് നടന്നോ അത് നന്നായി നടന്നു. സന്തോഷം.”എന്നാണ് പാര്‍ഥിപന്‍ ട്വീറ്റ് ചെയ്തത്.
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് എലോണ്‍. സിനിമയില്‍ ഉടനീളം മോഹന്‍ലാല്‍ മാത്രമാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ കാഴ്ചക്കാരെ മടുപ്പിക്കാത്ത വിധം പ്രകടനത്തിലൂടെ മോഹന്‍ലാലും മേക്കിങ്ങിലൂടെ ഷാജി കൈലാസും മികവ് വരച്ചു കാട്ടിയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
ആശിര്‍വാദ് സിനിമാസിന്റെ 30-ാം ചിത്രമായിരുന്നു എലോണ്‍. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രവുമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കിയത്.